സിപിഎമ്മിന് തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തെക്കുറിച്ച് പാർട്ടി യഥാർഥത്തിൽ ചർച്ച ചെയ്യുന്നില്ലെന്ന് സിപിഎം വിമതനും എംഎൽഎയുമായ ടികെ ഗോവിന്ദൻ.
Thiruvananthapuram , 03 ജൂണ് (H.S.) സിപിഎമ്മിന് തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തെക്കുറിച്ച് പാർട്ടി യഥാർഥത്തിൽ ചർച്ച ചെയ്യുന്നില്ലെന്ന് സിപിഎം വിമതനും എംഎൽഎയുമായ ടികെ ഗോവിന്ദൻ. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയ
TK GOVINDAN ASSEMBLY SPEECH


Thiruvananthapuram , 03 ജൂണ് (H.S.)

സിപിഎമ്മിന് തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തെക്കുറിച്ച് പാർട്ടി യഥാർഥത്തിൽ ചർച്ച ചെയ്യുന്നില്ലെന്ന് സിപിഎം വിമതനും എംഎൽഎയുമായ ടികെ ഗോവിന്ദൻ. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയപ്പെടുമ്പോഴൊക്കെ സിപിഎം 'ചിത്രവധം' നടത്താറുണ്ടെന്നും, യഥാർഥ പരാജയ കാരണം കണ്ടെത്താൻ പാർട്ടി തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിൻ്റെ പരമ്പരാഗത കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ വോട്ടുചോർച്ചയുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. പള്ളിയിൽ നിന്നുള്ള നിർദ്ദേശം കൊണ്ടാണ് തളിപ്പറമ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതെന്നാണ് സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞ്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ പോലും ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്തില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തില്ല എന്ന് പറയുന്നില്ല, എന്നാൽ അടിസ്ഥാന വർഗത്തെ പാർട്ടി മറന്നുപോയതിൻ്റെ ഫലമാണ് ഈ പരാജയം.

അടിസ്ഥാന വർഗത്തോടുള്ള അവഗണന

കർഷക തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം നൽകിയോ..? നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കൃത്യമായി കൊടുത്തോ എന്നിങ്ങനെ അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. കൈത്തറി തൊഴിലാളികൾക്ക് ആറുമാസത്തെ കൂലി കുടിശികയാണ്. ഹാൻവീവ് ചെയർമാനായിരുന്ന സമയത്ത് താൻ പലതവണ കയറിയിറങ്ങിയിട്ടും ഈ കുടിശിക തീർക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കോടീശ്വരന്മാരല്ല, ഈ സാധാരണക്കാരാണ് സിപിഎമ്മിൻ്റെ വോട്ടർമാരെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

35 സീറ്റിലേക്ക് ഇടതുപക്ഷം ഒതുങ്ങിയപ്പോൾ യുഡിഎഫ് 108 സീറ്റിലേക്ക് ഉയർന്നത് ജനാധിപത്യം സിപിഎം അംഗീകരിക്കാത്തതുകൊണ്ടാണ്. പാർട്ടിയിലെ താഴെത്തട്ടിലുള്ള ചർച്ചകൾ കേൾക്കാൻ നേതൃത്വം തയാറാകുന്നില്ല. അധികാരത്തിൻ്റെ അന്ധത ബാധിച്ച നേതൃത്വമാണ് സിപിഎമ്മിൻ്റേത്. എൽഡിഎഫ് കൺവീനറെ തോൽപ്പിച്ചാണ് ഫാത്തിമ തഹ്ലിയെ പോലെയുള്ള കുട്ടികൾ സഭയിലെത്തിയിരിക്കുന്നത്. ഈ പാഠമെങ്കിലും സിപിഎം പഠിക്കാൻ തയാറാകണം.

കേരള നിയമസഭയിൽ ബിജെപിക്ക് ഇപ്പോൾ മൂന്ന് എംഎൽഎമാരുണ്ടെന്ന കാര്യവും ടികെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയം ധ്രുവീകരണത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബംഗാളിൽ കോൺഗ്രസും സിപിഎമ്മും തമ്മിലടിച്ചതിൻ്റെ ഫലമായാണ് ബിജെപിയും തൃണമൂലും വളർന്നത്. അന്ധമായ കോൺഗ്രസ് വിരോധം വച്ചുകൊണ്ട് സിപിഎമ്മിനും, അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചുകൊണ്ട് കോൺഗ്രസിനും എത്രകാലം മുന്നോട്ട് പോകാനാകുമെന്ന് ആലോചിക്കണം. ഈ അവസ്ഥയിൽ വർഗീയ ശക്തികൾ ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിൽ കാസർകോടിനെ അവഗണിച്ചു

റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വന്ന നിർദ്ദേശങ്ങളിൽ കാസർകോടിനെ പരിഗണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാസർകോട് ഈ സംസ്ഥാനത്തിൻ്റെ ഭാഗമാണെന്ന കാര്യം സർക്കാർ മറക്കരുത്. സിപിഎമ്മിൻ്റെ അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, തനിക്കെതിരെ സ്വന്തം നാട്ടിൽ കൂവി വിളിക്കാൻ ആളുകളെ വിട്ട സംഭവവും ഓർമ്മിപ്പിച്ചു.

എന്നാൽ ആ ബൂത്തിൽ തനിക്ക് വൻ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്. സംസ്ഥാന സെക്രട്ടറിയുടെയും സ്ഥാനാർഥിയുടെയും നാടായ ആന്തൂരിലും മൊറാഴയിലും സിപിഎമ്മിന് വൻതോതിൽ വോട്ട് കുറഞ്ഞു. താൻ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോൾ വാഹനം കല്ലെറിഞ്ഞു തകർക്കാൻ ശ്രമിച്ച സംഭവവും ചൂണ്ടിക്കാട്ടി. എന്തിനാണ് ഈ അസഹിഷ്ണുതയെന്ന് അദ്ദേഹം ചോദിച്ചു.

സിപിഎമ്മിലേക്ക് കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും ആളുകൾ വരുമ്പോൾ കോൺഗ്രസോ ബിജെപിയോ അസഹിഷ്ണുത കാണിക്കാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആയിരം പുഷ്പങ്ങൾ വിരിയട്ടെ എന്ന് പറയുന്ന ജനാധിപത്യ ബോധം സിപിഎം നേതൃത്വത്തിനുണ്ടാകണം. ഈ അസഹിഷ്ണുത അവസാനിപ്പിച്ച്, സാധാരണക്കാരോട് പെരുമാറുന്ന രീതി തിരുത്താനും ആത്മപരിശോധന നടത്താനും സിപിഎം തയാറാകണമെന്നും ടികെ ഗോവിന്ദൻ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News