Enter your Email Address to subscribe to our newsletters

Tehran , 03 ജൂണ് (H.S.)
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി, അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായി സൂചന. ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുമായി (IRGC) അടുത്തബന്ധം പുലർത്തുന്ന വാർത്താ ഏജൻസികളായ ഫാർസ്, തസ്നീം എന്നിവയാണ് ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചെന്ന വാർത്ത പുറത്തുവിട്ടത്. മധ്യസ്ഥരുമായി ഇറാൻ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നത് നിർത്തിവെച്ചതായാണ് വിവരം. എന്നാൽ ഈ വാർത്തകളെ പൂർണ്ണമായി തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചർച്ചകൾ ഇപ്പോഴും സജീവമായി തുടരുകയാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
ലെബനനിലെ ഹിസ്ബുള്ളയുമായി ഇസ്രായേൽ നടത്തുന്ന പോരാട്ടങ്ങൾക്കിടയിലാണ് പശ്ചിമേഷ്യയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്ന പുതിയ നീക്കങ്ങൾ. ലെബനനിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പിലാക്കിയാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നതായി സമാധാന ചർച്ചകളിൽ പങ്കാളിയായ ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ചൊവ്വാഴ്ച ഉടനീളം ഇറാൻ ഭാഗത്തുനിന്ന് യാതൊരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
വാർത്തകൾ വ്യാജമെന്ന് ട്രംപ്
അതേസമയം, ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പ്രതികരിച്ചു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ചു എന്ന വാർത്ത തെറ്റാണ്. ഞങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടർച്ചയായി നടക്കുന്നുണ്ട്. നാല് ദിവസം മുമ്പും, മൂന്ന് ദിവസം മുമ്പും, ഇന്നലെയും ഇന്നും ചർച്ചകൾ നടന്നിട്ടുണ്ട്. ഇത് എവിടെ ചെന്നവസാനിക്കുമെന്ന് ആർക്കും അറിയില്ല. എന്നാൽ ഇറാനോട് എനിക്ക് ഒന്നേ പറയാനുള്ളൂ—ഒരു കരാറിലെത്താൻ ഇതാണ് അനുയോജ്യമായ സമയം. കഴിഞ്ഞ 47 വർഷമായി നിങ്ങൾ ഇത് തുടരുകയാണ്, ഇനി ഇത് അനുവദിക്കാനാകില്ല. - ട്രംപ് വ്യക്തമാക്കി.
കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം
അതിനിടെ, മേഖലയിൽ സൈനിക സംഘർഷം കടുപ്പിച്ചു കൊണ്ട് കുവൈറ്റിലെ അൽ സലേം എയർ ബേസിനും ബഹ്റൈനിലെ ഈസ എയർ ബേസിനും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക നടത്തുന്ന ശത്രുതാപരമായ നീക്കങ്ങൾക്കുള്ള മറുപടിയാണ് ഇതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ ക്വഷ്ം (Qeshm) ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തങ്ങൾ നടത്തിയ കൃത്യമായ തിരിച്ചടിയാണ് ഇതെന്നും അവർ അവകാശപ്പെട്ടു.
മറ്റൊരു സംഭവത്തിൽ, അമേരിക്കൻ ഉപരോധം ലംഘിച്ച് ഇറാന്റെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ബോട്സ്വാനയുടെ പതാകയേന്തിയ 'എം/ടി ലെക്സി' എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം ഹെൽഫയർ മിസൈൽ പ്രയോഗിച്ചു. കപ്പലിന്റെ എൻജിൻ റൂമിലേക്കാണ് മിസൈൽ തൊടുത്തത്. 24 മണിക്കൂറോളം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
പശ്ചിമേഷ്യയുടെ ഭാവി എന്ത്?
തീവ്രമായ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മിൽ ഒരു പൊതുസമ്മതത്തിൽ എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ലെബനനിലെ വെടിനിർത്തൽ, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടൽ, ഹോർമുസ് കടലിടുക്കിന്റെ ഭാവി പദവി തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇതിനുപുറമേ ഇറാന്റെ ഭരണകൂടത്തിനുള്ളിലെ അഭിപ്രായഭിന്നതകളും ചർച്ചകളെ ബാധിക്കുന്നുണ്ട്. ഒരു വശത്ത് ഇറാന്റെ സിവിൽ ഗവൺമെന്റ് നയതന്ത്ര ചർച്ചകൾക്ക് താല്പര്യം കാണിക്കുമ്പോൾ, മറുവശത്ത് റെവല്യൂഷണറി ഗാർഡുകൾ (IRGC) കടുത്ത സൈനിക നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്. പരസ്പര വിശ്വാസമില്ലായ്മയും വ്യക്തമായ സമാധാന പദ്ധതികളുടെ കുറവും മൂലം പശ്ചിമേഷ്യയിലെ അശാന്തി വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.
---------------
Hindusthan Samachar / Roshith K