Enter your Email Address to subscribe to our newsletters

Alappuzha, 03 ജൂണ്‍ (H.S.)
ചെങ്ങന്നൂർ: കോടതിയിൽ മുൻസിഫിന് നേരെ യുവാവിന്റെ ആക്രമണശ്രമം. സംഭവത്തിൽ രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ചെങ്ങന്നൂർ കോടതിയിൽ സംഭവം.
ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേമ്പറിൽ ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവ് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച നിലയിലായിരുന്നു ഇയാൾ.
അക്രമശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ പരിഭ്രാന്തയായ മുൻസിഫ് ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഇതിനിടെ വീണ് അമല ലോറൻസിന് പരിക്കേറ്റു. പിന്നാലെ എത്തിയ പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു.
മൽപ്പിടുത്തത്തിനിടെ നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടിയതായും പറയുന്നു. പ്രതിയുടെ റെയിൻകോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചില്ല് കുപ്പി നിലത്ത് വീണ് പൊട്ടുകയും ചെയ്തു.
കോടതി പരിസരത്ത് നിന്ന് റോഡിലേക്ക് ഓടിയ പ്രതിയെ കോടതി ജീവനക്കാരും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
---------------
Hindusthan Samachar / Sreejith S