Enter your Email Address to subscribe to our newsletters

Kerala, 03 ജൂണ് (H.S.)
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എം - സി.പി.ഐ തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ഇന്ന് നിർണായക ഉഭയകക്ഷി ചർച്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാണ് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ കക്ഷി യോഗങ്ങളെയടക്കം ബാധിച്ച ഈ അധികാരത്തർക്കം പരിഹരിക്കാൻ ഇരുപാർട്ടികളും ഇന്ന് നടത്തുന്ന ചർച്ചകൾ എൽ.ഡി.എഫ് മുന്നണിയുടെ ഭാവി നിലപാടുകളിൽ അതീവ നിർണായകമാണ്.
തർക്കത്തിന് വഴിതെളിച്ച സി.പി.ഐയുടെ കത്ത്
നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി ആർക്കെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകുന്നതുവരെ ഇടതുമുന്നണിയുടെ (എൽ.ഡി.എഫ്) പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വം സി.പി.എമ്മിന് കത്ത് നൽകിയിരുന്നു. ഈ കത്താണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും ഇന്നത്തെ ഉഭയകക്ഷി ചർച്ചയ്ക്കും വഴിതെളിച്ചത്. പദവിയിൽ തീരുമാനമാകാതെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചാൽ അതിൽ നിന്ന് വിട്ടുനിൽക്കുമെന്ന കർശന നിലപാടിലാണ് സി.പി.ഐ. ഈ കടുംപിടുത്തം കാരണം നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടും ഔദ്യോഗികമായി എൽ.ഡി.എഫ് നിയമസഭാ കക്ഷിയോഗം ചേരാൻ മുന്നണിക്ക് സാധിച്ചിട്ടില്ല. സഭയിലെ അടിയന്തര പ്രമേയ വിഷയങ്ങൾ പോലും കക്ഷിനേതാക്കൾ അനൗദ്യോഗികമായി ആശയവിനിമയം നടത്തിയാണ് നിലവിൽ നിശ്ചയിക്കുന്നത്.
പദവി വിട്ടുനൽകില്ലെന്ന് സി.പി.എം; കീഴ്വഴക്കം ചൂണ്ടിക്കാട്ടി നിലപാട് കടുപ്പിച്ചു
അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം നേതൃത്വം. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി നിലവിൽ വന്നതിനു ശേഷം എൽ.ഡി.എഫ് പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ആ കസേര വഹിച്ചിരുന്നത് സി.പി.എം തന്നെയായിരുന്നു എന്ന ചരിത്രപരമായ കീഴ്വഴക്കമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നത്. മുൻപ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ ഉപനേതാവായിരുന്ന കാര്യവും സി.പി.എം ഉദാഹരണമായി വ്യക്തമാക്കുന്നു. സഭയിലെ ഭൂരിപക്ഷ പ്രകാരം നിലവിൽ സി.പി.എമ്മിന് 26 എം.എൽ.എമാരും സി.പി.ഐക്ക് 8 എം.എൽ.എമാരുമാണുള്ളത്. ഈ അംഗബലവും പരമ്പരാഗത രീതികളും കണക്കിലെടുത്ത് വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് സി.പി.എം സൂചന നൽകുന്നത്.
അവകാശവാദത്തിൽ ഉറച്ച് സി.പി.ഐ; മാറ്റങ്ങളുടെ രാഷ്ട്രീയ സാഹചര്യം
എന്നാൽ, പഴയ കീഴ്വഴക്കങ്ങൾ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐക്ക് അർഹമായ പരിഗണനയും മാന്യമായ പദവിയും നിയമസഭയ്ക്കുള്ളിൽ ലഭിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം എന്നതാണ് സി.പി.ഐയുടെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുന്നണിയിൽ വേണ്ടത്ര ആലോചനകളില്ലാതെയാണ് പല തീരുമാനങ്ങളും ഉണ്ടാകുന്നതെന്ന ആക്ഷേപവും സി.പി.ഐക്ക് ഉണ്ട്.
ഇന്നത്തെ ചർച്ചയിലെ തീരുമാനങ്ങൾ ബിനോയ് വിശ്വം നാളെ ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കും. തങ്ങളുടെ ആവശ്യത്തോട് സി.പി.എം അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെക്കുറിച്ച് പോലും സി.പി.ഐയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് മുന്നണി ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നതിനാൽ ഇന്നത്തെ ഉഭയകക്ഷി ചർച്ചയിലൂടെ ഒരു മധ്യസ്ഥ ഫോർമുല കണ്ടെത്താനാകും ഇരുനേത്വങ്ങളും ശ്രമിക്കുക.
---------------
Hindusthan Samachar / Roshith K