സ്ഥലംമാറ്റം പ്രതികാരമെന്ന് പ്രതിപക്ഷം; ചട്ടങ്ങള് പാലിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്; ഇന്നും നിയമസഭയില് വാക്കൗട്ട്
Thiruvanathapuram, 03 ജൂണ്‍ (H.S.) തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച
Niyamasabha


Thiruvanathapuram, 03 ജൂണ്‍ (H.S.)

തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

സഭയില്‍ പ്രതിപക്ഷാംഗം വി. ജോയ് ആണ് ഈ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വേണ്ടപ്പെട്ടവര്‍ക്ക് അവര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റം നല്‍കിയെന്നും, കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ 33 വകുപ്പുകളിലായി 207 സ്ഥലംമാറ്റ ഉത്തരവുകള്‍ പുറത്തിറങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

310 വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതായും, ഭരണാനുകൂല സംഘടനാ നേതാക്കള്‍ ലെറ്റര്‍പാഡില്‍ എഴുതിക്കൊടുക്കുന്നതിനനുസരിച്ച് ജീവനക്കാരെ പന്താടുന്ന അവസ്ഥ മുന്‍പൊന്നുമുണ്ടായിട്ടില്ലെന്നും വി. ജോയ് കുറ്റപ്പെടുത്തി.

കൂടാതെ, മന്ത്രി സണ്ണി ജോസഫിന്റെ അളിയനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ച കാര്യവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചെങ്കിലും മന്ത്രി ഇതിനോട് പ്രതികരിച്ചില്ല. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ മന്ത്രി സണ്ണി ജോസഫ്, പൊതുസ്ഥലംമാറ്റങ്ങള്‍ കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചുമാത്രമാണ് നടപ്പാക്കിയതെന്ന് മറുപടി നല്‍കി.

ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, എന്തെങ്കിലും പരാതികള്‍ നിലവിലുണ്ടെങ്കില്‍ അത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

മേയ് മാസം ജീവനക്കാരുടെ വിരമിക്കല്‍ കാലമാണെന്നും അതിനനുസരിച്ച് പല തസ്തികകളിലും മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും മന്ത്രി വിശദീകരിച്ചു. ഒരു തസ്തികയില്‍ ആള് മാറുമ്പോള്‍ ചങ്ങല പ്രതികരണമെന്നോണം 14 ഇടങ്ങളില്‍ മാറ്റം വരുമെന്ന് മുന്‍പ് സഭയില്‍ പറഞ്ഞത് പിണറായി വിജയന്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച മന്ത്രി, 2016-ല്‍ അനധികൃത സ്ഥലംമാറ്റത്തെക്കുറിച്ച് സഭയില്‍ ഉന്നയിച്ച പി.ടി. തോമസിന് പിണറായി വിജയന്‍ നല്‍കിയ മറുപടി ഇതാണെന്നും ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ പവര്‍ ബ്രോക്കര്‍മാരും ദല്ലാള്‍മാരും ചേര്‍ന്നാണ് സ്ഥലംമാറ്റങ്ങള്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.

എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള ഇത്തരം പ്രതികാര നടപടികള്‍ ഉടനടി റദ്ദാക്കണമെന്നും അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

---------------

Hindusthan Samachar / Sreejith S


Latest News