Enter your Email Address to subscribe to our newsletters

Alappuzha, 03 ജൂണ്‍ (H.S.)
നവകേരളയാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പോലീസിലെ ഉന്നതനും കുടുങ്ങും. ഷൗക്കത്ത്അലി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഗണ്‍മാരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തിയെ അട്ടിമറിക്കാന്‍ ഒരു ഉന്നതോദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി ഗണ്‍മാന്‍മാര്‍ക്ക് അനുകൂലമാക്കി മാറ്റിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ എഡിജിപി എംആര്‍ അജിത് കുമറാണ് എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
പ്രാഥമികമായി നടന്ന അന്വേഷണത്തില്‍ തെളിവുകള്‍ മറച്ചുവെക്കാനും വ്യാജരേഖ നിര്‍മിക്കാനും ശ്രമമുണ്ടായി. ഇതിലൂടെ പ്രതികളെ രക്ഷിക്കാനുളള ശ്രമമാണ് നടന്നത്. ഇതില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് അടക്കം കണ്ടെത്തേണ്ടതുണ്ടെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ഇതോടെ ഗണ്‍മാന്‍മാരെ കൂടാതെ അവരെ രക്ഷിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരും പ്രതിസന്ധിയില്‍ ആവുകയാണ്.
പ്രതികളായ പോലീസുകാരുടെ ജാമ്യ ഹര്‍ജി എതിര്‍ത്തു കൊണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ലാത്തികൊണ്ടുള്ള മര്‍ദനം പ്രതിഷേധിച്ച യുവാക്കളുടെ ജീവന്‍തന്നെ നഷ്ടമാകുന്ന തലത്തിലേക്ക് എത്തിയിരുന്നു. ജീവന് ഭീഷണിയായേക്കാവുന്ന പരിക്ക് ഏറ്റിരുന്നു എന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും എസ്ഐടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രതികളായ ഗണ്‍മാന്‍മാരുടെ അവകാശവാദങ്ങളെല്ലാം കളവാണ്. ബസിന് നേരെ കല്ലെറിഞ്ഞു അതിനാലാണ് ഇടപെട്ടത് എന്നായിരുന്നു പ്രതികള്‍ വാദിച്ചിരുന്നു. എന്നാല്‍ ഡ്രൈവറുടെ മൊഴിയും മെക്കാനിക്കല്‍ എന്‍ജിനീയറുടെ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍നിന്നും ബസിന് നേരെ കല്ലേറോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടിലുണ്ട്. പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന ബസ് തടസ്സമില്ലാതെ മുന്നോട്ട് പോയിരുന്നു. യെല്ലോ ബുക്ക് പ്രകാരമുള്ള ഇസഡ് പ്ലസ് സുരക്ഷ നല്‍കിക്കൊണ്ട് മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്തി 11 സെക്കന്‍ഡോളം മര്‍ദനം നടത്തി. ഇത് ഡ്യൂട്ടിയിലുണ്ടായ വീഴ്ചയാണെന്നും എസ്ഐടി ചൂണ്ടിക്കാണിക്കുന്നു.
ഇതോടെ പ്രതികളായ ഗണ്‍മാന്‍മാര്‍ മാത്രമല്ല രക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങും എന്ന് ഉറപ്പാണ്. ഞങ്ങളുടെ കുട്ടികളെ തല്ലിയ ആരെയും വിടില്ലെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്നെ വിഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെയാണ് അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതും കൃത്യമായ അന്വേഷണം നടത്തിയതും. അതുകൊണ്ട് തന്നെ ഏത് ഉന്നതനായാലും വെറുതെ വിടില്ലെന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S