Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 ജൂണ് (H.S.)
തിരുവനന്തപുരം: സ്വന്തം പരാജയങ്ങളും വീഴ്ചകളും മറച്ചുപിടിക്കാൻ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന പതിവ് രീതി ഇനി നിയമസഭയിൽ അനുവദിക്കില്ലെന്ന് ബിജെപി എംഎൽഎ വി. മുരളീധരൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ എൽഡിഎഫ് സർക്കാർ തങ്ങളുടെ ഭരണപരാജയങ്ങൾ ഒളിക്കാൻ കേന്ദ്രത്തെ സ്ഥിരമായി പ്രതിക്കൂട്ടിൽ നിർത്താറുണ്ടായിരുന്നുവെന്നും എന്നാൽ അതേ സമീപനം തുടർന്നുപോകാൻ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരത്തെയും ഭാരതമാതാവിനെയും അവഹേളിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സമീപനങ്ങൾ ഇനി കേരളത്തിൽ നടപ്പില്ല. സഭയ്ക്കുള്ളിലോ പുറത്തോ ഇത്തരത്തിലുള്ള അവഹേളനങ്ങൾ ഉണ്ടായാൽ അതിന് നിയമസഭയിൽ ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും വി. മുരളീധരൻ നിയമസഭയിൽ മുന്നറിയിപ്പ് നൽകി.
നയപ്രഖ്യാപന പ്രസംഗം പൊള്ളയെന്ന് ബി.ബി. ഗോപകുമാർ
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്ന പല കാര്യങ്ങളും പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്ന് ബിജെപി എംഎൽഎ ബി.ബി. ഗോപകുമാർ കുറ്റപ്പെടുത്തി. കേരളം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക തകർച്ചയ്ക്ക് ഉത്തരവാദികൾ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ്. സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചോ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചോ ചർച്ച ചെയ്യുന്നതിന് പകരം ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയായി കേരള നിയമസഭയെ മാറ്റാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ അന്വേഷണം വേണമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പറയാതിരുന്നതെന്ന് ഗോപകുമാർ ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ ഭയപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ഒട്ടനവധി വികസന പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുകയോ രാഷ്ട്രീയ താല്പര്യങ്ങൾക്കായി തടസ്സപ്പെടുത്തുകയോ ആണ് ചെയ്തത്.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പരിഹസിച്ച് 'പൂച്ച പെറ്റു കിടന്ന ഖജനാവ്' എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ്, ഇത്ര പെട്ടെന്ന് എങ്ങനെയാണ് ആ ഖജനാവ് നിറഞ്ഞു എന്ന് കൂടി പൊതുസമൂഹത്തോട് വിശദീകരിക്കാൻ തയ്യാറാകണമെന്നും ബി.ബി. ഗോപകുമാർ സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ യഥാർത്ഥ വികസന മുരടിപ്പ് മറച്ചുവെക്കാൻ മാത്രമാണ് ഈ നയപ്രഖ്യാപന പ്രസംഗം ഉപകരിച്ചതെന്നും ബിജെപി അംഗങ്ങൾ ആരോപിച്ചു.
---------------
Hindusthan Samachar / Roshith K