പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
Ernakulam, 30 ജൂണ് (H.S.) പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യക്തി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ടിനിടോമിനെതിരെ
Ansiba


Ernakulam, 30 ജൂണ് (H.S.)

പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യക്തി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ടിനിടോമിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.

കടവന്ത്ര പൊലീസിനാണ് കോടതിയിപ്പോൾ അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നത്. നേരത്തെ നടിയുടെ പരാതിയിൽ കഴമ്പില്ലന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഇത് തള്ളിയാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.

ടിനി ടോം തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് അൻസിബ ഹസൻ്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചത്. ഈ പരാതിയിൽ കടവന്ത്ര പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പരാതിക്കാരിയായ അൻസിബയുടെയും ആരോപണ വിധേയനായ ടിനി ടോമിൻ്റെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, മൊഴികൾ രേഖപ്പെടുത്തിയിട്ടും ടിനി ടോമിനെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല.

തുടർന്ന് ടിനി ടോമിനെതിരെ കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസിൻ്റെ ഈ വാദവും റിപ്പോർട്ടും പൂർണമായി തള്ളിക്കൊണ്ടാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇപ്പോൾ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിൻ്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അൻസിബ കോടതിയെ സമീപിച്ചത്.

അതേസമയം, തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും ടിനി ടോം ശക്തമായി നിഷേധിച്ച് രംഗത്ത് വന്നിരുന്നു. വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി അൻസിബ കെട്ടിച്ചമച്ച പരാതിയാണിതെന്നാണ് ടിനി ടോം പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. എന്നാൽ കോടതിയുടെ പുതിയ ഉത്തരവോടെ കടവന്ത്ര പോലീസിന് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കേണ്ടി വരും. വരും ദിവസങ്ങളിൽ സിനിമാ മേഖലയിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴിമാറുന്ന ഒന്നായി ഈ നിയമപോരാട്ടം മാറാനാണ് സാധ്യത.

നേരത്തെ നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News