Enter your Email Address to subscribe to our newsletters

Tehran , 30 ജൂണ് (H.S.)
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്കയുമായി ഖത്തറിൽ ചർച്ചകൾ നടത്തുമെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ. വരും ദിവസങ്ങളിൽ അമേരിക്കൻ പ്രതിനിധികളുമായി യാതൊരുവിധ കൂടിക്കാഴ്ചകളും തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ്റെ പ്രതികരണം.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ അമേരിക്കൻ പക്ഷവുമായി ഒരു തലത്തിലുമുള്ള ചർച്ചകൾക്ക് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ പ്രതിനിധികൾ ഖത്തറിലേക്ക് നടത്തുന്ന യാത്രയ്ക്ക് ഇറാൻ പ്രതിനിധി സംഘത്തിൻ്റെ സന്ദർശനവുമായി യാതൊരു ബന്ധവുമില്ല. ധാരണാപത്രത്തിലെ 11-ാം അനുച്ഛേദം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നത് വിലയിരുത്താനാണ് ഇറാൻ സംഘം ഖത്തറിലെത്തുന്നത്. സമഗ്രമായ ഒരു അന്തിമ കരാറിലെത്തുന്നതിനുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാരണാപത്രത്തിലെ വ്യവസ്ഥകൾ
14 ഇന ധാരണാപത്രത്തിലെ 13-ാം അനുച്ഛേദം അനുസരിച്ച്, ഒന്ന്, നാല്, അഞ്ച്, 10, 11 എന്നീ വ്യവസ്ഥകൾ നടപ്പിലാക്കിത്തുടങ്ങിയാൽ മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാൻ കഴിയൂ എന്ന് ബഗായി ചൂണ്ടിക്കാട്ടി. മരവിപ്പിച്ചതോ നിയന്ത്രണമുള്ളതോ ആയ ഇറാൻ്റെ ഫണ്ടുകളും ആസ്തികളും പരസ്പര സമ്മതത്തോടെയുള്ള നടപടിക്രമങ്ങളിലൂടെ പൂർണ്ണമായി ഉപയോഗിക്കാൻ അമേരിക്ക അനുവദിക്കണമെന്നാണ് 11-ാം അനുച്ഛേദം വ്യക്തമാക്കുന്നത്. ഇതിനായി ആവശ്യമായ ലൈസൻസുകളും അനുമതികളും അമേരിക്ക നൽകണം. വിശ്വാസം വർധിപ്പിക്കുന്നതിനുള്ള ഈ പ്രാഥമിക നടപടികളിൽ പുരോഗതിയുണ്ടായാൽ മാത്രമേ വിശാലമായ ചർച്ചകളിലേക്ക് കടക്കാൻ സാധിക്കൂ.
അവകാശവാദവുമായി അമേരിക്ക
അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനുമായി ചർച്ച നടത്തുന്നതിനായി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെദ് കുഷ്നർ എന്നിവർ ചൊവ്വാഴ്ച ദോഹയിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇറാൻ്റെ അഭ്യർഥന മാനിച്ചാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായി ഒപ്പുവച്ച ധാരണാപത്രത്തിന് പിന്നാലെ സമാധാന പ്രക്രിയ തുടരാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും, അമേരിക്കയുമായി മികച്ചൊരു കരാറിൽ ഏർപ്പെടുന്നതാണ് ഇറാനു നല്ലതെന്നും അവർ പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇറാൻ ചർച്ചയ്ക്ക് അഭ്യർഥിച്ചുവെന്നും ചൊവ്വാഴ്ച ദോഹയിൽ വച്ച് കൂടിക്കാഴ്ച നടക്കുമെന്നും ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടിരുന്നു.
ചർച്ചകൾ നിഷേധിച്ച് ഇറാൻ
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രഗതാഗതത്തിൻ്റെ നിയന്ത്രണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനാണ് ഖത്തറിൽ യോഗം ചേരുന്നതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ തത്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഈ ആഴ്ച സാങ്കേതിക സമിതികളുടെ യോഗങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ്റെ നിയമ-അന്താരാഷ്ട്ര കാര്യ ഉപ വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി ഐആർഐബിയോട് പറഞ്ഞു.
ഖത്തറുമായുള്ള കൂടിയാലോചനകൾ പതിവുപോലെ തുടരുന്നുണ്ടെങ്കിലും ദോഹയിൽ സാങ്കേതിക ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. വ്യവസ്ഥകൾ പാലിക്കപ്പെടുകയും തീയതിയും സ്ഥലവും സംബന്ധിച്ച് തീരുമാനമാവുകയും ചെയ്തതിന് ശേഷം മാത്രമേ ആദ്യഘട്ട സാങ്കേതിക ചർച്ചകൾ നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നത് ഖത്തറാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR