Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ജൂണ് (H.S.)
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. മഞ്ഞ അലർട്ട് കൂടുതല് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്.
രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിലായിരുന്നു അലർട്ട് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഇന്നും നാളേയും കണ്ണൂർ, കാസറഗോഡ് ജില്ലകളില് ഓറഞ്ച് അലർട്ട് ആണ്.ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 115.6 mm മുതല് 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
രാജ്യത്ത് മണ്സൂണ് സജീവമാകുന്നു
ബംഗാള് ഉള്ക്കടലിലും മധ്യ ഇന്ത്യയിലുമായി ഈ ആഴ്ച രണ്ട് ന്യൂനമർദ്ദങ്ങള് രൂപപ്പെടുന്നതോടെ ഉത്തരേന്ത്യയിലടക്കം വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ജൂണ് അവസാനിക്കാറായിട്ടും ഡല്ഹി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളില് കടുത്ത ചൂടാണ് തുടരുന്നത്. മണ്സൂണ് കാറ്റ് ശക്തമാകാത്തതും മഴയെ നിയന്ത്രിക്കുന്ന 'മണ്സൂണ് പാത്തി' സാധാരണ സ്ഥാനത്തുനിന്ന് മാറി ഹിമാലയൻ മലനിരകളോട് ചേർന്ന് നില്ക്കുന്നതുമാണ് മഴ വൈകാൻ കാരണമായത്. എന്നാല് അടുത്ത ദിവസങ്ങളില് ഇത് തെക്കോട്ട് നീങ്ങുന്നതോടെ സ്ഥിതി മാറും. ജൂലൈ 1 മുതല് 5 വരെയുള്ള ദിവസങ്ങളില് പഞ്ചാബ്, ഹരിയാന, ഡല്ഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളില് ഇടിമിന്നലോടു കൂടിയ നല്ല മഴ ലഭിക്കും. ഇതോടെ ചൂടിന് വലിയ കുറവുണ്ടാകും.
ന്യൂന മർദങ്ങള് മധ്യ ഇന്ത്യയിലേക്ക് നീങ്ങുന്നതോടെ കിഴക്കൻ, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളില് മഴ കനക്കും. ഇതിന്റെ ഭാഗമായി ഈ ആഴ്ച പകുതിയോടെ മുംബൈയിലും പരിസരങ്ങളിലും മഴയുടെ ശക്തി കൂടും. ഈ ആഴ്ചയുടെ അവസാനത്തോടെ മുംബൈയില് ചിലയിടങ്ങളില് 500 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. കനത്ത മഴ പെയ്യുന്ന ഇടങ്ങളില് വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സങ്ങള്ക്കും സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR