Enter your Email Address to subscribe to our newsletters

Kottayam , 30 ജൂണ് (H.S.)
നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ പരിശോധന കർശനമാക്കി നഗരസഭ. പഴകിയ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾ പൂട്ടിക്കുമെന്ന് മുന്നറിയിപ്പ്. കോട്ടയത്തെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നഗരസഭ വ്യക്തമാക്കി.
കൂടാതെ നഗരത്തിലെ തട്ടുകടകളിലും ബജിക്കടകളിലും പരിശോധന കർശനമാക്കും. ഇവയുടെ പ്രവർത്തനം ക്രമീകരിക്കുമെന്നും നഗരസഭ ചെയർമാൻ എംപി സന്തോഷ് കുമാർ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം വിളമ്പുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന ബജി കടകളുടെ പ്രവർത്തനവും നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ തട്ടുകടകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഉണ്ടായിരുന്നു. രാത്രി 8:00 മുതൽ 12 വരെയായിരുന്നു ഇവരുടെ സമയക്രമം. എന്നാൽ കുറെ വർഷമായി ഈ സമയക്രമം പാലിക്കാറില്ല എന്നതാണ് സത്യം. അതിന് അടിയന്തരമായി തീരുമാനമെടുക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി. വൃത്തിഹീനമായ നിലയിൽ പ്രവർത്തിക്കുന്ന തട്ടുകടകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. നഗരത്തിലെത്തുന്നവർക്ക് വൃത്തിയുള്ള ഭക്ഷണം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാവണം തട്ടുകടകളുടെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടുകടകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു. തട്ടുകടകൾക്കൊപ്പം ബജി കടകളെയും നിയന്ത്രിക്കും. രാവിലെ മുതൽ വൈകിട്ട് വരെ ഇത്തരം കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകില്ല. ഹോട്ടലുകളെ വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മലിനമായ ഭക്ഷണം കൊടുത്താൽ ഇത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരം പ്രവണത ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ പശ്ചാത്തലത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനകൾ നടത്തുന്നതെന്നും എംപി സന്തോഷ് കുമാർ വ്യക്തമാക്കി. ഓരോ ആഴ്ചയും പരിശോധന നടത്തും. ബാർ ഹോട്ടലുകൾ അടക്കമുള്ള ഹോട്ടലുകളിലെ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
'വെറുതെ പഴി ചാരല്ലേ സാറേ...'
അതേസമയം ഒന്നോ രണ്ടോ പേർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് നിരവധി ആളുകൾ എത്തുന്ന കടകൾക്കെതിരെ നടപടി എടുക്കുന്നത് ന്യായമല്ലെന്ന് ഹോട്ടലുടമകളും പറയുന്നു. കൃത്യമായ പരിശോധനയ്ക്ക് ശേഷമേ എവിടെ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് പറയാൻ സാധിക്കൂ. എന്നാൽ അതിന് മുമ്പ് സാധാരണക്കാർക്ക് എതിരെ നടപടിയെടുക്കുമെന്ന് ഹോട്ടൽ ഉടമ സിബി പറഞ്ഞു. എവിടെയും കച്ചവടം ചെയ്യാമെന്ന് സ്ഥിതിവിശേഷം ഉണ്ടാകാൻ പാടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR