Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ജൂണ് (H.S.)
കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു മദ്യക്കമ്പനിക്കും ഇളവു നൽകിയിട്ടില്ലെന്നും കശുമാങ്ങയിൽനിന്ന് മദ്യം നിർമിക്കുന്ന പദ്ധതിയുടെ ഫയൽ മുന്നിലെത്തിയപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം എന്താണെന്ന് അന്വേഷിക്കുകയാണ് താൻ ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിൻ്റെ സമസ്ത മേഖലയിലും ആർഎസ്എസ് കടന്നു കയറ്റമാണ്. കോൺഗ്രസ് ആർഎസ്എസിനു മുന്നിൽ മുട്ടിലിഴയുന്ന ദൃശ്യമാണ് കേരളത്തിലുള്ളതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാർഷിക ഉത്പന്നങ്ങളിൽ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ, വീര്യം കുറഞ്ഞ സ്പിരിറ്റ് കലക്കിക്കൊടുക്കാൻ എൽഡിഎഫ് ശ്രമിച്ചതായാണ് ചില മാധ്യമങ്ങൾ തരംതാണ പ്രചാരണം നടത്തിയത്. മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഫയലും എക്സൈസ് മന്ത്രിയായിരുന്നപ്പോൾ തൻ്റെ മുന്നിൽ വന്നിട്ടില്ല. ഇപ്പോൾ എക്സൈസ് മന്ത്രിയോടും യുഡിഎഫിലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രി വി ഡി സതീശൻ നികുതി കുറയ്ക്കാനുള്ള തീരുമാനമെടുക്കുകയാണ്. മദ്യനികുതിയിളവിൽ എന്തു കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളം മുഴുവൻ ഉയരുന്ന ചോദ്യമതാണ്. ഇതിനെയെല്ലാം വെള്ളപൂശാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നു.
എംജി, കാർഷിക സർവകലാശാലകളിൽ സംഘപരിവാർ അജണ്ട കൈകാര്യം ചെയ്യാൻ കഴിവുള്ളവരെയാണ് നിയമിച്ചത്. എംജി സർകവലാശാലയിൽ 19 സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദ്ദേശം ചെയ്തു. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും പിഎം ശ്രീ പദ്ധതിയിൽ നിന്നും പിൻമാറാനാവില്ലെന്ന് വിദ്യഭ്യാസ മന്ത്രി ഷംസുദീനും വ്യകതമാക്കി. ഞങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പാക്കില്ലെന്നു പറഞ്ഞവർ പൂർണമായും കേന്ദ്രത്തിന് കീഴടങ്ങി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ മുതൽ സർക്കാർ പ്ലീഡർമാരെവരെ നിയമിച്ചശേഷം ആക്ഷേപമുയരുമ്പോൾ പിൻവലിക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ശേഷാദ്രിനാഥൻ സംഘപരിവാർ അനുയായി ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി വരെ പരസ്യമായി ആക്ഷേപമുന്നയിച്ചു.
നിയമസഭ, ലോക്സഭ മണ്ഡലങ്ങളുടെ പുനർവിഭജനം നടക്കാനിരിക്കെയാണ് ശേഷാദ്രിനാഥനെ നിയമിച്ചത്. ആകാശം, ഭൂമി, ജലം എന്നിവെയല്ലാം കുത്തക കമ്പനികൾക്ക് വിൽക്കാനുള്ള ബോധപൂർവമായ അജണ്ടയാണ് നടക്കുന്നത്. ബിജെപിയുടെ പഠനശിബിരം കോൺഗ്രസ് ആസ്ഥാനത്താണ് നടന്നത്. കെപിസിസി ആസ്ഥാനം ഇനിയെന്നാണ് ബിജെപിക്ക് വിട്ടുനൽകുന്നതെന്ന് നോക്കിയാൽ മതി. കോൺഗ്രസിൻ്റെ സർവമേഖലയിലും ആർഎസ്എസ് കടന്നു കയറ്റമാണ്. ആർഎസ്എസിൻ്റെ ദാസൻമാരായി യുഡിഎഫ് സർക്കാർ മാറി. ഒരുമാസം കൊണ്ട് യുഡിഎഫ് സർക്കാർ അത് തെളിയിച്ചു. ആർഎസ്എസ് വിധേയത്വം മന്ത്രിമാർ മാറിമാറി പ്രഖ്യാപിക്കുകയാണ്.
ഫുട്ബോൾ മത്സരം നടക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് വൈദ്യൂതി സംസ്ഥാനത്തില്ല. പത്തുവർഷം മുൻപുള്ള ഇരുട്ടിലേക്ക് കേരളം തിരിച്ചു പോകുകയാണ്. ആസൂത്രണ പിഴവ് പരിഹരിക്കാൻ കഴിയാത്തതാണ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നത്. സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി ഗുണഭോക്താക്കളെ നിയമിച്ചത് സിപിഎം പട്ടിക അനുസരിച്ചാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഓൺലൈനായി മാനദണ്ഡം പാലിച്ചാണ് തെരഞ്ഞെടുത്തത്. പൂർണമായും സുതാര്യത ഉറപ്പു വരുത്തിയിരുന്നു. ഇതു മനസിലാക്കാൻ ശ്രമിക്കാതെയാണ് മുഖ്യമന്ത്രി അസംബന്ധം പറയുന്നത്.
മതത്തെ ചൂഷണം ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ കപടമുഖം അയോധ്യയിൽ അഴിഞ്ഞുവീണു. രാമക്ഷേത്രത്തിനായി സംഭാവന ചെയ്ത കോടികൾ സംഘപരിവാർ നേതാക്കൾ തിന്നു കൊഴുക്കുന്നു. സംഘപരിവാർ വിഭാഗത്തിൽ തന്നെ ക്ഷേത്രക്കൊള്ളക്കെതിരെ വിമർശനം ഉയരുകയാണ്. ശിലാന്യാസം മുതലിങ്ങോട്ട് അഴിമതിയാണ് നടന്നത്. ഏതാണ്ട് 20,000 കോടിരൂപയുടെ അഴിമതി നടന്നതായി ആർഎസ്എസിനുള്ളിൽ തന്നെയുള്ളവർ ആരോപിക്കുന്നു. എന്നാൽ, മോദി ഭക്തരായ ചില മാധ്യമങ്ങൾ വാർത്ത മറച്ചുവക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR