Enter your Email Address to subscribe to our newsletters

Kozhikode , 30 ജൂണ് (H.S.)
നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫറൂഖ് സ്വദേശിയായ 43 കാരൻ്റെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗമുക്തിയുടെ ആദ്യ സൂചനകൾ നൽകിക്കൊണ്ട് ഫലം നെഗറ്റീവായത്.
ഈ ഫലം പൂർണമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പ്രകടമായ മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജൂൺ പത്തിനാണ് ഫറൂഖ് സ്വദേശിയും സോപ്പ് ലായനി ഡീലറുമായ ഇദ്ദേഹത്തിന് നിപ സ്ഥിരീകരിക്കുന്നത്. മേയ് 24-ന് അഴിഞ്ഞിലത്തിനടുത്ത് കാരാടുള്ള, ഏറെ നാളായി അടഞ്ഞുകിടന്ന ഒരു ഗോഡൗൺ വൃത്തിയാക്കാൻ പോയപ്പോഴാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. ഗോഡൗൺ തുറന്നപ്പോൾ ഉള്ളിലുണ്ടായിരുന്ന ഒട്ടേറെ വവ്വാലുകൾ പറന്നുയരുകയും പൊടിപടലങ്ങൾ ശ്വസിക്കാൻ ഇടയാവുകയും ചെയ്തതായി രോഗി വ്യക്തമാക്കിയിരുന്നു.
തുടർന്ന് പനി ബാധിച്ച ഇദ്ദേഹം ഫറോക്ക് ക്രസൻ്റ് ആശുപത്രിയിലും മിംസിലും ചികിത്സ തേടിയിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്ന റിപ്പോർട്ടും പോസിറ്റീവായിരുന്നു.
സമ്പർക്കപ്പട്ടികയിലുള്ളവർ സുരക്ഷിതർ
നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ വലിയൊരു ആശ്വാസമാകുന്നത് രോഗിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന മുഴുവൻ ആളുകളുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്നതാണ്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത് രോഗവ്യാപനത്തിൻ്റെ ഭീതി പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിച്ചു.
നിപ ഉറവിടം വവ്വാലല്ല
മൃഗസംരക്ഷണ വകുപ്പ് ഗോഡൗണിൽ നിന്നും മറ്റും ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും രോഗത്തിൻ്റെ കൃത്യമായ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലെ (NIHSAD) സാമ്പിളുകൾ പരിശോധനയില് കോഴിക്കോട്ടെ നിപയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്. ഫറോക്ക് സ്വദേശിയുടെ വീടിനും ഗോഡൗണിനും സമീപത്തുനിന്നും പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലമായിരുന്നു നെഗറ്റീവായത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളിലും അവയുടെ വിസർജ്യങ്ങളിലും നിപ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രോഗബാധിതൻ്റെ വീടിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഗോഡൗൺ പരിസരത്തുനിന്നും പിടികൂടിയ വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയിലെല്ലാം ഫലം നെഗറ്റീവായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതോടെ നിലവിലെ നിപ രോഗബാധയുടെ കൃത്യമായ ഉറവിടം എവിടെനിന്നാണെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിനും വനംവകുപ്പിനും ഇപ്പോഴും അവ്യക്തത തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR