ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ പത്തനാപുരത്ത് വൻ ലഹരിവേട്ട.
Kollam, 30 ജൂണ് (H.S.) ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ പത്തനാപുരത്ത് വൻ ലഹരിവേട്ട. പിറവന്തൂർ പഞ്ചായത്തിലെ കടയ്ക്കാമൺ നാരങ്ങപ്പുറത്തു നിന്നുമാണ് 15 ലക്ഷം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പൊലീസ് പിടിച്ചെടുത്തത്. പത്തനാപുരം പൊലീസിന് ലഭിച്ച ര
Operation thoofan


Kollam, 30 ജൂണ് (H.S.)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ പത്തനാപുരത്ത് വൻ ലഹരിവേട്ട. പിറവന്തൂർ പഞ്ചായത്തിലെ കടയ്ക്കാമൺ നാരങ്ങപ്പുറത്തു നിന്നുമാണ് 15 ലക്ഷം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പൊലീസ് പിടിച്ചെടുത്തത്. പത്തനാപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

നാരങ്ങാപ്പുറത്ത് കുപ്പി വെള്ളം ശേഖരിക്കാനെന്ന പേരിൽ പത്തനാപുരം സ്വദേശി ഫൈസൽ എന്നയാളാണ് കടമുറി വാടകയ്ക്ക് എടുത്തിരുന്നത്. ഗോഡൗണിൽ പ്ലാസ്റ്റിക് ചാക്കുകളിലായാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. മുപ്പതിനായിരം രൂപവീതം വിലവരുന്ന 50 ചാക്ക് ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി പദാർത്ഥങ്ങൾക്ക് വിപണിയിൽ 15 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ലഹരി വസ്തുക്കൾ പൊലീസ് കോടതിയിൽ ഹാജരാക്കും. പത്തനാപുരം പുനലൂർ മേഖലകൾ കേന്ദ്രീകരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാകും വലിയ തോതിൽ ലഹരി വസ്തുക്കൾ ശേഖരിച്ചതെന്നാണ് പൊലീസ് നിഗമനം.

കടമുറി വാടകയ്ക്ക് എടുത്ത ഫൈസലിൻ്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഫൈസലിനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പത്തനാപുരം എസ് ഐമാരായ എ ആർ അഭിലാഷ്, ദിലീപ് ഖാൻ, എസ്സിപിഒമാരായ ഹരിപ്രസാദ്, അനൂപ്, സിപിഒമാരായ അനീഷ്, വിഷ്ണു, ഗണേഷ്, നവാസ്, സിആർവിമാരായ നാസർ, സെൻദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

എന്താണ് ഓപ്പറേഷൻ തൂഫാൻ

സംസ്ഥാനത്ത് മയക്ക് മരുന്ന് ശൃംഖലയെ കണ്ടത്താനും അവരെ കേരളത്തിൽ നിന്നും ആട്ടിയോടിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. നാട് ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനമാണ് ഇതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിരുന്നു. മയക്കു മരുന്ന് ലോബിക്കെതിരായി സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഓപ്പറേഷൻ തൂഫാൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിൻ്റെ പുരോഗതിയുടെ നാഴികക്കല്ലായി പറയുന്ന നാടിൻ്റെ യുവത്വത്തെ മയക്കി കിടത്താനും അവരെ ഇല്ലാതാക്കാനുമുള്ള ഏറ്റവും വലിയ കാരണങ്ങളലൊന്നാണ് മയക്ക് മരുന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ മയക്ക് മരുന്ന് ശൃംഖലയ്ക്ക് അന്തർ സംസ്ഥാന ബന്ധമുണ്ട്. അതിനെ തകർക്കാൻ കേരള പൊലീസ് പദ്ധതി ആവിഷ്ക്കരിച്ച് കഴിഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇതിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News