ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരക്കെ കടുത്ത വിമര്ശനവുമായി എന് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
Thiruvananthapuram, 30 ജൂണ് (H.S.) വിരമിക്കല് ദിനത്തിലും ഒടുങ്ങാത്ത ഐഎഎസ് പോര്. ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരക്കെ കടുത്ത വിമര്ശനവുമായി എന് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അധികാരത്തിന്റെ ശീതളഛായയില് മതിമറന്ന് ജീവിക്കുന്നവര് പലപ
PRASANTH AND JAYATHILAK ROW


Thiruvananthapuram, 30 ജൂണ് (H.S.)

വിരമിക്കല് ദിനത്തിലും ഒടുങ്ങാത്ത ഐഎഎസ് പോര്. ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരക്കെ കടുത്ത വിമര്ശനവുമായി എന് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അധികാരത്തിന്റെ ശീതളഛായയില് മതിമറന്ന് ജീവിക്കുന്നവര് പലപ്പോഴും ഓര്ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.തലമുറകളായി നമ്മള് കണ്ടു പോന്ന ഈ അധികാരക്കസേരങ്ങളൊക്കെയും കേവലം താത്ക്കാലികം മാത്രമാണെന്ന സത്യം എന്ന് പറഞ്ഞാണ് പ്രശാന്ത് തന്റെ ദീര്ഘമായ പോസ്റ്റ് ആംരംഭിക്കുന്തന്. ഇക്കാര്യം പൂന്താനം അതിമനോഹരമായി ജ്ഞാനപ്പാനയില് പറഞ്ഞ് വച്ചിട്ടുണ്ടെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം വിഭ്രാന്തികള്ക്ക് ചികിത്സാ പദ്ധതികള് നിലവില്ല എന്നതാണ് നമ്മുടെ ശാപമെന്നും അദ്ദേഹം പറയുന്നു. കാലം ഇവരെ തൂത്തെറിയും വരെ സഹിക്കാന് വിധിക്കപ്പെട്ടവരാണ് നമ്മള്.

പണത്തോടുള്ള ആർത്തിയേക്കാൾ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം. ഇക്കൂട്ടർ വരുംതലമുറയ്ക്ക് നൽകുന്ന പാഠങ്ങൾ എത്രമാത്രം വിഷലിപ്തമാണെന്ന് ആലോചിച്ചുനോക്കൂ. മനുഷ്യർ ഔദ്യോഗിക പദവികൾ നേടേണ്ടത് യോഗ്യത കൊണ്ടല്ല, മറിച്ച് ചില വലിയ തമ്പുരാക്കന്മാർക്ക് വഴിവിട്ട ഒത്താശകൾ ചെയ്തു കൊടുക്കാനുള്ള സന്നദ്ധത കൊണ്ടാണ് എന്നവർ തെളിയിക്കുന്നു. സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധർമ്മത്തിന് കൂട്ടുനിൽക്കുന്നതും, തെറ്റ് ചെയ്യാൻ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാൻ നല്ലതെന്ന് ഇവർ തുടക്കത്തിലേ പഠിച്ചുവെച്ചിട്ടുണ്ട്. എങ്കിലും കാലത്തിന്റെ വലിയ പുസ്തകത്തിൽ ഇതൊക്കെയും രേഖപ്പെടുത്തുക തന്നെ ചെയ്യുമെന്നും പ്രശാന്ത് കുറിച്ചിരിക്കുന്നു.

ഭരണകൂടത്തിന്റെ ഉമ്മറങ്ങളിൽ നടക്കാറുള്ള യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും പലപ്പോഴും കപടമായ ആചാരങ്ങൾ മാത്രമാണ്. വിടപറഞ്ഞു പോകുന്ന ഒരാളെക്കുറിച്ച് പരസ്യമായി നിന്ദ്യമായി സംസാരിക്കരുതെന്ന ലൗകികമായ ഒരു മര്യാദ. അവിടെ ക്രൂരതകൾക്ക് ‘കർക്കശനിലപാട്’ എന്നും, ആരെയും വകവെക്കാത്ത അഹങ്കാരത്തിന് ‘ഭരണപരമായ ദൃഢത’ എന്നും, ചെയ്തു കൂട്ടിയ അഴിമതികൾക്ക് ‘സാമർത്ഥ്യം’ എന്നും പുതിയ പേരിട്ട് വിളിക്കുന്നു. അവരുടെ ഉള്ളിലെ ഭയത്തെ അച്ചടക്കമായും, നാടിന് വരുത്തിവെച്ച പരിക്കുകളെ വെറും വിവാദങ്ങളായും മാറ്റിയെഴുതാൻ ചട്ടംകെട്ടി വെച്ച ചില സ്തുതിപാഠകരുണ്ടാകും. ആ ചടങ്ങിൽ വായിക്കാനുള്ള ഡ്രാഫ്റ്റ് പോലും ഇവർ തന്നെ എഴുതിക്കൊടുക്കും എന്നതാണ് ഇതിലേറ്റവും വലിയ കൗതുകം!

ഇത്തരം കാപട്യങ്ങളെയാണ് മത്തായിയുടെ സുവിശേഷം 23-ാം അധ്യായം 27-ാം വാക്യത്തിൽ യേശുദേവൻ കൃത്യമായി അടയാളപ്പെടുത്തിയത്:

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു; അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു.

അതായത്, ഒളിച്ചുവെക്കാൻ ഒട്ടനവധി അസ്ഥികൂടങ്ങളുള്ളവരും കള്ളന് കഞ്ഞി വെച്ചവരും ആരാണെന്നറിയാൻ ഈ സ്തുതിപാഠകരുടെ പട്ടിക മാത്രം നോക്കിയാൽ മതിയാകും. നിലനിൽപ്പിനായി പുകഴ്ത്തുക എന്നത് അവരുടെയൊക്കെ അനിവാര്യതയാണ്. തങ്ങളുടെ കീഴിലുള്ളവരെ അവസരവാദത്തിന്റെ കണക്കപ്പിള്ളമാരാക്കി മാറ്റുകയും, സത്യത്തേക്കാൾ പ്രധാനം സുഖിച്ചു ജീവിക്കലാണെന്ന് ശീലിപ്പിക്കുകയും ചെയ്യുന്നവർ പടിയിറങ്ങുമ്പോൾ ബാക്കിവെക്കുന്നത് തങ്ങൾ തകർത്തുകളഞ്ഞ ഒരു ഭരണസംവിധാനമാണ്. ഇങ്ങനെ വാർത്തെടുത്ത ഭീരുക്കളെയും അഴിമതിവീരന്മാരെയും തിരിച്ചറിയാനുള്ള കൃത്യമായ അടയാളമാണ് ഈ സ്തുതിപാഠകരുടെ കൂട്ടം.

ചിലർ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും. ഇക്കൂട്ടർ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണ്. ചുവരുകളിൽ വെള്ളയടിച്ച ശവക്കല്ലറകളുടെ ഭംഗി ബാക്കിയുണ്ടാകാം, പക്ഷേ കാലത്തിന്റെ വിചാരണയിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. നന്നായി വരട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് പ്രശാന്ത് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News