മാധ്യമപ്രവര്ത്തകന് ആര്. രാജഗോപാലിന് പാസ്പോര്ട്ട് നിഷേധിച്ചത് ഭരണഘടനാ വിരുദ്ധം: കെസി വേണുഗോപാല് എംപി
Kolkkatha, 30 ജൂണ്‍ (H.S.) വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ട ''ദ് ടെലഗ്രാഫ്'' മുന്‍എഡിറ്റര്‍ ആര്‍. രാജഗോപാലിനെ കൊല്‍ക്കത്തയിലെ വസതിയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി സന്ദര്‍ശിച്
KC Venugopal


Kolkkatha, 30 ജൂണ്‍ (H.S.)

വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ട 'ദ് ടെലഗ്രാഫ്' മുന്‍എഡിറ്റര്‍ ആര്‍. രാജഗോപാലിനെ കൊല്‍ക്കത്തയിലെ വസതിയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ആര്‍. രാജഗോപാലിന് പുതുക്കിയ പാസ്‌പോര്‍ട്ട് നിഷേധിച്ച നടപടി ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും ജനാധിപത്യാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

2010 മുതല്‍ കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന ആര്‍. രാജഗോപാലിന്റെ പേര്, പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപടിക്രമത്തിന്റെ ഭാഗമായി 2002 അടിസ്ഥാന വര്‍ഷമാക്കി പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റിലുണ്ടായ ഒരു നിസ്സാര പിശക് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഇപ്പോഴും പരിഗണനയിലിരിക്കെയാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നിഷേധിച്ചത്.

2005 മുതല്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്ന അദ്ദേഹം 2015-ല്‍ അത് പുതുക്കിയതുമാണ്. എന്നിട്ടും, കാര്യമായ പരിശോധനകള്‍ നടത്താതെ പൊലീസ് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വോട്ടര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും പാസ്‌പോര്‍ട്ട് പുതുക്കല്‍ തടയുകയും ചെയ്തു. ഇത് അതീവ ആശങ്കാജനകമാണെന്നു കെസി വേണുഗോപാല്‍ പറഞ്ഞു.

ഒരു ഭാഗത്ത്, തിരഞ്ഞെടു സത്യവാങ്മൂലങ്ങളിലെ ഗുരുതരമായ പിഴവുകള്‍ ഉണ്ടായിട്ടും ചിലര്‍ക്ക് നിയമപരമായ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ കഴിയുമ്പോള്‍, മറുവശത്ത് സാധാരണ പൗരന്മാരെ നിസ്സാരമായ രേഖാപിശകുകളുടെ പേരില്‍ ശിക്ഷിക്കുന്നത് ഇരട്ടനീതിയാണ്.

നിര്‍ഭയമായി സത്യം എഴുതുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ ലക്ഷ്യമിട്ട് നടത്തുന്ന പ്രതികാര നടപടിയായാണിത്. ആദ്യം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും പിന്നീട് പാസ്‌പോര്‍ട്ട് നിഷേധിച്ച് പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന അപകടകരമായ പ്രവണത ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആര്‍. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കല്‍ അപേക്ഷ നിഷേധിച്ച നടപടി പുനഃപരിശോധിച്ച് അദ്ദേഹത്തിന് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചിമ ബംഗാളിലെ ബിജെപി സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്നും സാധാരണ ജനങ്ങളെ ഒഴിവാക്കിയ നടപടിയും അംഗീകരിക്കാനാവില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവശദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും റേഷന്‍ വിഹിതം പോലും കിട്ടാത്ത ഗുരുതര സാചര്യമാണ്. ജനങ്ങളുടെ അവകാശങ്ങള്‍ എസ് ഐ ആറിന്റെ മറവില്‍ തട്ടിയെടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News