Enter your Email Address to subscribe to our newsletters

Mumbai , 30 ജൂണ് (H.S.)
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് (ശിവസേന യുബിടി) വീണ്ടും വൻ തിരിച്ചടി. പാർട്ടി യുവനേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയുടെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ സച്ചിൻ അഹീർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിൽ ചേർന്നു.
മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഭരണകക്ഷിയായ ശിവസേനയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. സച്ചിൻ അഹീർ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നതായും ഡെപ്യൂട്ടി ചെയർമാൻ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക കൈമാറിയതായും ഷിൻഡെ വിഭാഗം നേതാവ് ശ്രീകാന്ത് ഷിൻഡെ സ്ഥിരീകരിച്ചു. അതേസമയം മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജഗന്നാഥ് അഭ്യങ്കർ മത്സരരംഗത്തുണ്ടെന്ന് ശിവസേന യുബിടി നേതാവ് അംബാദാസ് ദാൻവെ അറിയിച്ചു. മുതിർന്ന നേതാവായ സച്ചിൻ അഹീറിന്റെ വരവ് പാർട്ടിക്ക് വലിയ കരുത്താകുമെന്ന് മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് പ്രതികരിച്ചു.
അതേസമയം, സച്ചിൻ അഹീറിന്റെ പാർട്ടി മാറ്റത്തെ ആദിത്യ താക്കറെയും ശിവസേന യുബിടി വിഭാഗവും തള്ളിക്കളഞ്ഞു. ഇത് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാക്കളെ കൂറുമാറ്റുന്നത് 'ഓപ്പറേഷൻ ടൈഗർ' അല്ല, മറിച്ച് 'ഓപ്പറേഷൻ ദേവേന്ദ്ര ഫഡ്നാവിസ്' ആണെന്നും ആദിത്യ താക്കറെ പരിഹസിച്ചു.
പാർട്ടിയുടെ പരമ്പരാഗത കോട്ടകളായ വർളിയിലും ശിവ്ഡിയിലും യാതൊരു ചലനവും ഉണ്ടാക്കാൻ അഹീറിന്റെ നീക്കത്തിന് കഴിയില്ല. എല്ലാ പദവികളും അംഗീകാരങ്ങളും നൽകിയിട്ടും ചില നേതാക്കൾ സ്വാർത്ഥ താല്പര്യങ്ങൾക്കായി പാർട്ടി വിടുകയാണ്. പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും എംഎൽസി പദവിയും ഉൾപ്പെടെ നിരവധി നിർണായക ചുമതലകൾ അദ്ദേഹത്തിന് നൽകിയിരുന്നു. ഇതിലും കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടതെന്നും ആദിത്യ താക്കറെ ചോദിച്ചു. ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നോട് ആശങ്ക പങ്കുവെച്ച വ്യക്തിയാണ് ഇപ്പോൾ അവരോടൊപ്പം പോയിരിക്കുന്നതെന്നും താക്കറെ കുറ്റപ്പെടുത്തി.
സച്ചിൻ അഹീറിന്റെ കൂറുമാറ്റം തങ്ങൾക്ക് വലിയ അദ്ഭുതമല്ലെന്ന് ശിവസേന യുബിടി എംഎൽഎ സുനിൽ റാവത്തും പ്രതികരിച്ചു. പാർട്ടി ഇതിലും വലിയ ആഘാതങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും ഇതൊരു വലിയ തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോൺഗ്രസിലും എൻസിപിയിലും പ്രവർത്തിച്ചിരുന്ന സച്ചിൻ അഹീർ, ആദിത്യ താക്കറെ വർളിയിൽ നിന്ന് ജനവിധി തേടിയ സമയത്താണ് ശിവസേനയിൽ എത്തിയത്.
2022-ൽ ശിവസേനയിലുണ്ടായ പിളർപ്പിന് ശേഷം ഉദ്ധവ് ക്യാമ്പ് നേരിടുന്ന പുതിയ വെല്ലുവിളിയാണിത്. കഴിഞ്ഞ ആഴ്ചയും ശിവസേന യുബിടിയുടെ ആറ് ലോക്സഭാ എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനിർമ്മാണ കൗൺസിലിലും ഉദ്ധവ് താക്കറെയ്ക്ക് പ്രമുഖ നേതാവിനെ നഷ്ടമായിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR