Enter your Email Address to subscribe to our newsletters

Pathanamthitta , 30 ജൂണ് (H.S.)
നാട്ടിലാകെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ഓടിനടന്ന 'പോരാളി' അവസാനം എംഡിഎംഎയുമായി അറസ്റ്റില്. എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് (25) പിടിയിലായത്. പത്തനംതിട്ട ഡാൻസാഫ് സംഘം ഷർഫിന്റെ കൈമലയിലുള്ള വീട്ടില് നടത്തിയ രഹസ്യ പരിശോധനയിൽ 1.590 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പുസ്തകങ്ങള്ക്കിടയില് രഹസ്യ അറയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. എംഡിഎംഎ ഉപയോഗിക്കുന്നതിന് വേണ്ട ഉപകരണങ്ങളും സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളുമാണ് കണ്ടെത്തിയത്. പ്രതി പാലാരിവട്ടം, എറണാകുളം ടൗണ് പൊലീസ് സ്റ്റേഷനുകളില് മയക്കുമരുന്ന് കേസുകളില് പ്രതിയാണ്.
സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്.'ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ് ഇൻ നേഷൻ' (ADMIN) എന്ന പേരിലുള്ള വ്യാജ സംഘടനയുടെ സംസ്ഥാന യൂത്ത് വിങ് പ്രസിഡൻ്റ് ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. സംഘടനയുടെ ഐഡി കാർഡും പൊലീസ് പിടിച്ചെടുത്തു. ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു
കഴിഞ്ഞ ദിവസം ഉച്ചയോടെ ജില്ലാ ഡാൻസാഫ് യൂണിറ്റും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് എഴുമറ്റൂരിലെ ഇയാളുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. ഈ സമയം സ്വന്തം മുറി കാണിച്ച് കൊടുക്കാതെ മറ്റൊരു മുറി കാണിച്ച് പൊലീസിനെ പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി. പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ പ്രതിയുടെ മുറിയിലെ രഹസ്യ അറയിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR