Enter your Email Address to subscribe to our newsletters

Uttar Pradesh,30 ജൂണ് (H.S.)
ഖേരിയില് പരിക്കേറ്റ കടുവ ചത്തു. സൗത്ത് ഖേരി ഫോറസ്റ്റിന് സമീപമാണ് സംഭവം. മേഖലയില് ഈ വര്ഷം നാല് കടുവകളാണ് ചത്തത്. പരിക്കേറ്റ് അനങ്ങാന് വയ്യാതെ കിടന്ന കടുവയെ കണ്ട് അടുത്തെത്തി നോക്കിയ 55കാരനെ കടുവ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുവ ചത്തത്. ഉദയ്പൂർ നിവാസിയായ കാളി ചരണിനാണ് പരിക്കേറ്റത്. ഇന്ന് (ജൂണ് 30) രാവിലെയാണ് സംഭവം.
വനമേഖലയില് കന്നുകാലികളെ മേയ്ക്കുമ്പോഴാണ് കാളി ചരണ് അനങ്ങാനാകാതെ കിടക്കുന്ന കടുവയെ കണ്ടത്. കടുവ ചത്തതാണെന്ന് കരുതി അടുത്തെത്തി നോക്കുമ്പോള് അത് ആക്രമിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തില് പരിക്കേറ്റ കാളി ചരൺ ലഖ്നൗ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) തപസ് മിഹിർ പറഞ്ഞു. സംഭവത്തിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില് കോമ്പിങ് ഓപ്പറേഷൻ ആരംഭിച്ചതായും ഡിഎഫ്ഒ പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്ത് നിന്നും ഏകദേശം 100 മീറ്റർ അകലെയാണ് കടുവയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പരിക്കുകള് കാരണം അതിന് അനങ്ങാനാകില്ലെന്നാണ് കാളി ചരണ് കരുതിയത്. അതിനിടെയാണ് ആക്രമണമുണ്ടായതെന്ന് മിഹിര് പറഞ്ഞു. കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള് ഉള്ളതായി കണ്ടെത്തിയതിന് പിന്നാലെ കാൺപൂർ മൃഗശാലയിലെ ഡോക്ടര് നാസിറിനെ വിളിച്ച് വരുത്തിയെന്നും എന്നാല് ചികിത്സ ആരംഭിച്ചെങ്കിലും കടുവയുടെ ജീവന് രക്ഷിക്കാനായില്ലെന്നും ഡിഎഫ്ഒ പറഞ്ഞു.
മരണ കാരണം വ്യക്തമാകുന്നതിനായി കടുവയുടെ ജഡം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആർഐ) പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാസമിത് രണ്ടാമത്തെ: ഇക്കഴിഞ്ഞ 23നും ലഖിംപൂർ ഖേരിയിലെ ദുധ്വ ടൈഗർ റിസർവ് ബഫർ സോണിലെ മജ്ഗെയില് കടുവ അസുഖം ബാധിച്ച് ചത്തിരുന്നു. നാല് വയസുള്ള കടുവയാണ് ചത്തത്. വയറിലുണ്ടായ നീര്ക്കെട്ടും അണുബാധയും തുടര്ന്നുണ്ടായ രക്തസ്രാവവുമായിരുന്നു മരണ കാരണമെന്ന് ഐവിആർഐയിൽ നിന്നുള്ള പ്രാഥമിക റിപ്പോര്ട്ടില് പറയുന്നു. വിശദമായ റിപ്പോര്ട്ട് വരാനുണ്ട്. അതിന് ശേഷം മാത്രമെ കൃത്യമായ കാരണം വ്യക്തമാകൂ.
ട്രെയിനിടിച്ചും മരണം: ഇക്കഴിഞ്ഞ ഏപ്രില് 1ന് ട്രെയിനിടിച്ചും ഒരു കടുവ ചത്തിരുന്നു. ദുധ്വ ബഫർ സോണിലെ മൈലാനിയിലാണ് സംഭവം. വനമേഖലയിലൂടെ ട്രെയിന് പോകുന്നതിനിടെ ട്രാക്ക് മുറിച്ച് കടന്നതാകാം അപകട കാരണമെന്നാണ് റിപ്പോര്ട്ട്.
ഏറ്റുമുട്ടലിനിടെയും മരണം: മെയ് 6നാണ് മറ്റൊരു കടുവയെ ചത്ത നിലയില് കണ്ടെത്തിയത്. മജ്ഗെയിനിലാണ് സംഭവം. രണ്ട് കടുവകള് തമ്മിലുണ്ടായ ഏറ്റുമുട്ടിലിനിടെ പരിക്കേറ്റായിരുന്നു മരണം. ഇങ്ങനെ ഈ വര്ഷം ഇതുവരെ നാല് കടുവകളാണ് ചത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR