Enter your Email Address to subscribe to our newsletters

Ernakulam , 30 ജൂണ് (H.S.)
ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി കെ സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത ‘ഓപ്പറേഷൻ തൂഫാൻ’ വാളൻ്റിയർമാരുടെ യോഗത്തിൽ പങ്കെടുത്ത യുവാവ് മട്ടാഞ്ചേരിയിലെ ബാർ അക്രമക്കേസിൽ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയായ ഷിബുവാണ് (32) പൊലീസിൻ്റെ പിടിയിലായത്. ലഹരിമുക്ത പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ പ്രതിജ്ഞയെടുത്ത് ദിവസങ്ങൾക്കകമാണ് പ്രതി ബാറിലെ മദ്യലഹരിയിൽ ക്രൂരമായ അക്രമം നടത്തി ജയിലിലായത്.
കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലെ ഒരു ബാറിൽ വെച്ചുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ബാറിലുണ്ടായിരുന്ന 46-കാരനായ യുവാവിനെ ഷിബുവും കൂട്ടാളി ഷിഹാബും ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ഇരു പ്രതികളെയും മട്ടാഞ്ചേരി പോലീസ് അതിവേഗം പിന്തുടർന്ന് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനാണ് പൊലീസിൻ്റെ നീക്കം.
യോഗത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം
ലഹരിമുക്ത പ്രവർത്തനങ്ങൾക്കായി കൊച്ചിയിലെ ഹോട്ടലിൽ കെ സുധാകരൻ നേരിട്ട് പങ്കെടുത്തു നടത്തിയ യോഗത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. ലഹരിമുക്ത പ്രവർത്തനങ്ങൾക്കായി കെ സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത ‘ഓപ്പറേഷൻ തൂഫാൻ’ വാളൻ്റിയർമാരുടെ യോഗത്തിൽ മുൻനിരയിൽ ഇരുന്ന പ്രവർത്തകനാണ് ഈ കേസിലെ മുഖ്യപ്രതിയായ ഷിബു. മാത്രമല്ല ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേരാണ് കെ സുധാകരനൊപ്പം വേദി പങ്കിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. എകെജി സെൻ്റര് ആക്രമണക്കേസിലെ രണ്ടാം പ്രതി സുഹൈൽ, 106 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുമ്പ് പിടിയിലായ ബിലാൽ, വിവിധ സ്റ്റേഷനുകളിലായി ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസ് എന്നിവരും കൊച്ചിയിലെ ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
ലഹരി മാഫിയക്കെതിരെയും ഗുണ്ടാസംഘങ്ങൾക്കെതിരെയും പ്രഖ്യാപിച്ച കൂട്ടായ്മ, അക്ഷരാർഥത്തിൽ ക്രിമിനലുകളുടെയും ലഹരിസംഘങ്ങളുടെയും ഒത്തുചേരലായി മാറിയെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.
ഡിസിസി കൈയൊഴിയുന്നു, രാഷ്ട്രീയ വിവാദം പുകയുന്നു
ലഹരിവിരുദ്ധ സ്ക്വാഡിൻ്റെ മറവിൽ ക്രിമിനലുകളെ ഒന്നിച്ച് അണിനിരത്താനാണ് കെ സുധാകരൻ ശ്രമിക്കുന്നതെന്ന വിമർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു കഴിഞ്ഞു. 'തൂഫാൻ വാറിയേഴ്സ്' എന്നത് ഗുണ്ടാപ്പടയാണെന്ന രീതിയിലുള്ള ആരോപണങ്ങൾ ശക്തമായതോടെ കൊച്ചിയിലെ ജില്ലാ കോൺഗ്രസ് നേതൃത്വം (ഡിസിസി) സുധാകരൻ്റെ ഈ സമാന്തര യോഗത്തെ പൂർണമായും തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
കൊച്ചിയിൽ നടന്ന ഇത്തരമൊരു സമാന്തര യോഗം വിളിച്ചുചേർത്തതുമായി ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ഡിസിസിയുടെ ഔദ്യോഗിക വിശദീകരണം. സ്വന്തം പാർട്ടിയിലെ ജില്ലാ നേതൃത്വം പോലും കൈയൊഴിഞ്ഞതോടെ, ഈ സംഭവം കെ സുധാകരനും കെപിസിസി നേതൃത്വത്തിനും വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR