വിഴിഞ്ഞം തുറമുഖത്ത് വൻ വിദേശ നിക്ഷേപം
Thiruvananthapuram , 30 ജൂണ് (H.S.) അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും (എംഎസ്സി) തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു. എംഎസ്സിയുടെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡ് (ടിഐഎൽ) വിഴിഞ്ഞം തുറമുഖത്തിൽ 49 ശതമ
Vizhinjam port


Thiruvananthapuram , 30 ജൂണ് (H.S.)

അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും (എംഎസ്സി) തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു. എംഎസ്സിയുടെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡ് (ടിഐഎൽ) വിഴിഞ്ഞം തുറമുഖത്തിൽ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കും. 2.85 ബില്യൺ യുഎസ് ഡോളറിൻ്റെ (ഏകദേശം 27,000 കോടി രൂപ) ഇടപാടാണ് നടക്കുന്നത്.

അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കോണോമിക് സോൺ ലിമിറ്റഡും (എപിഎസ്ഇസെഡ്) എംഎസ്സി ഗ്രൂപ്പും തമ്മിലുള്ള ധാരണപ്രകാരം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലാണ് (എവിപിപിഎൽ) ടിഐഎൽ നിക്ഷേപം നടത്തുന്നത്. ആകെ പദ്ധതി തുകയിൽ 1.397 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 13,000 കോടി രൂപ) ടിഐഎൽ മുടക്കുന്നത്.

ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാണിത്. നിലവിൽ 16 ലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയരും. 2028 ഡിസംബറോടെ ഈ വികസനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിയമാനുസൃത അനുമതികൾക്കും നിയന്ത്രണാനുമതികൾക്കും വിധേയമായാണ് നിക്ഷേപം നടക്കുക.

മുന്ദ്രയിലെ മൂന്നാം നമ്പർ കണ്ടെയ്നർ ടെർമിനലിനും എന്നൂർ തുറമുഖത്തിനും ശേഷം എപിഎസ്ഇസെഡും എംഎസ്സിയും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്. ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വർധനയും ഉറപ്പാക്കുന്നതിനൊപ്പം വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. വിഴിഞ്ഞം തുറമുഖം അതിവേഗത്തിൽ വളർന്ന് ഇന്ന് രാജ്യത്തെ പ്രധാന ട്രാൻഷിപ്മെൻ്റ് ഹബ്ബുകളിലൊന്നായി മാറിയെന്ന് എപിഎസ്ഇസെഡ് മുഴുവൻ സമയ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത വ്യക്തമാക്കി.

പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ തന്നെ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി. എംഎസ്സിയുമായുള്ള ദീർഘകാല പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ കൂട്ടുകെട്ട് ആഗോളതലത്തിൽ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

നേട്ടങ്ങളും സാധ്യതകളും

പുതിയ സഹകരണം എപിഎസ്ഇസെഡിന് വലിയ നേട്ടങ്ങളാണ് നൽകുന്നത്. അധിക ചരക്കുനീക്കം വഴി വളർച്ചാ ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ കൈവരിക്കാൻ സാധിക്കും. നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെൻ്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തമാക്കാനും റിലേ കാർഗോ വർധിപ്പിക്കാനും ഇതിലൂടെ കഴിയും. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ് എംഎസ്സി ഗ്രൂപ്പിൻ്റെ ഭാഗമായ ടിഐഎൽ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100ൽ അധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ഇവർക്കുണ്ട്.

വിഴിഞ്ഞത്തിൻ്റെ കുതിപ്പ്

2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ ആഴക്കടൽ മെഗാ ട്രാൻഷിപ്മെൻ്റ് തുറമുഖമാണ്. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, കിഴക്കൻ രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ പ്രധാന ഷിപ്പിങ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞത്തിൻ്റെ സ്ഥാനം. 18 മുതൽ 20 മീറ്റർ വരെ പ്രകൃതിദത്ത ആഴം, 2.9 കിലോമീറ്റർ ബ്രേക്ക്വാട്ടർ, 800 മീറ്റർ ബർത്ത്, എട്ട് ക്വേ ക്രെയിനുകൾ, 24 പൂർണ ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം, ആധുനിക കണ്ടെയ്നർ കൈകാര്യം സംവിധാനങ്ങൾ, ലോകോത്തര ഐടി പ്ലാറ്റ്ഫോം, എഐ അധിഷ്ഠിത സ്വദേശീയ വെസൽ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ വിഴിഞ്ഞം തുറമുഖം 13 ലക്ഷം ടിഇയു ചരക്കുകൾ കൈകാര്യം ചെയ്തു. ആദ്യ വർഷം തന്നെ 615 കപ്പലുകളും 13 ലക്ഷം ടിഇയു ചരക്കുകളും കൈകാര്യം ചെയ്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിഇയു നേട്ടം കൈവരിച്ച തുറമുഖമായി വിഴിഞ്ഞം മാറി. 18 മാസത്തിനുള്ളിൽ 20 ലക്ഷം ടിഇയുവും 950 കപ്പലുകളും പിന്നിട്ട് മറ്റൊരു ദേശീയ റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച വിഴിഞ്ഞം 1000ാമത്തെ കപ്പലിനെ സ്വാഗതം ചെയ്തു. ഇതിനകം 70ൽ അധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും 16 മീറ്ററിന് മുകളിലുള്ള ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News