മുഖ്യമന്ത്രിയായി വിജയ് കരൂരിലേക്ക്; ദുരന്തബാധിതരെ നേരില് കാണും
Chennai, 30 ജൂണ്‍ (H.S.) മുഖ്യമന്ത്രിയായ ശേഷം ആദ്യമായി വിജയ് കരൂരിലേക്ക് എത്തുന്നു. ഏറെ വിമര്‍ശനം കേട്ട കരൂരില്‍ വിജയ്യുടെ സന്ദര്‍ശനം ഏറെ വൈകാരികമാകും എന്ന് ഉറപ്പാണ്. 41 ജീവനുകള്‍ പൊലിഞ്ഞ കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസ
vijay


Chennai, 30 ജൂണ്‍ (H.S.)

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി വിജയ് കരൂരിലേക്ക് എത്തുന്നു. ഏറെ വിമര്‍ശനം കേട്ട കരൂരില്‍ വിജയ്യുടെ സന്ദര്‍ശനം ഏറെ വൈകാരികമാകും എന്ന് ഉറപ്പാണ്. 41 ജീവനുകള്‍ പൊലിഞ്ഞ കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ജൂലൈ 10, 11 തീയതികളില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നാണ് ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്ക് ദാരുണമായി ജീവന്‍ നഷ്ടമായത്. തമിഴ്നാടിനെയാകെ നടുക്കിയ ഈ സംഭവത്തിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ടിവികെ അധ്യക്ഷനായിരുന്ന വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് വിളിപ്പിച്ച് നേരില്‍ കണ്ട് അനുശോചനം അറിയിച്ചിരുന്നു. എന്നാല്‍, അന്ന് കരൂരില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്താതെ കുടുംബങ്ങളെ ചെന്നൈയില്‍ വിളിച്ചുവരുത്തിയത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഷ്ട്രീയ പരിപാടികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത്തരം ഒത്തുചേരലുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗരേഖയും (എസ്ഒപി) പുറത്തിറക്കി. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 108 മണ്ഡലങ്ങളില്‍ വിജയിച്ച് തമിഴക വെട്രി കഴകം അധികാരത്തിലെത്തിയത്. ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കക്ഷി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചത്.

തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് അധികാരമേല്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കരൂര്‍ സന്ദര്‍ശനത്തില്‍, കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേരുടെ കുടുംബങ്ങളെ അദ്ദേഹം നേരില്‍ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കും. ഇതിനുപുറമെ, കരൂര്‍ ജില്ലയില്‍ നടക്കുന്ന വിവിധ സര്‍ക്കാര്‍ പരിപാടികളിലും മുഖ്യമന്ത്രി വിജയ് പങ്കെടുക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News