Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂണ്‍ (H.S.)
ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം വൈകുന്ന വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ നടന്നത് രൂക്ഷമായ ഭരണ പ്രതിപക്ഷ തര്‍ക്കം. അടിയന്തരപ്രമേയ നോട്ടീസായാണ് പ്രതിപക്ഷം വിഷയം സഭയില്‍ അവതരിപ്പിച്ചത്. ട്രോളിങ് നിരോധനത്തെത്തുടര്‍ന്നുള്ള പഞ്ഞമാസത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ 10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ വലയുകയാണെന്ന് നോട്ടീസ് അവതരിപ്പിച്ച സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാര്‍ 4500 രൂപയായിരുന്ന ആനുകൂല്യം 6000 രൂപയായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാറില്ല. ഇതിനുപുറമെ, തീരദേശവാസികളുടെ സുരക്ഷിതമായ പുനരധിവാസത്തിനായി ലക്ഷ്യമിട്ടുള്ള പുനര്‍ഗേഹം പദ്ധതി അവസാനിപ്പിക്കാന്‍ പോകുകയാണെന്ന കടുത്ത ആശങ്കയും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പഞ്ഞമാസ ആനുകൂല്യമായ 1500 രൂപ നല്‍കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കി. മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര വിഹിതം ലഭിച്ചാലുടന്‍ അത് വിതരണം ചെയ്യുമെന്നും മന്ത്രി സഭയെ അറിയിച്ചു. ജൂണ്‍, ജൂലായ് മാസങ്ങളിലായി 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം തീരദേശ മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ വിശദീകരണം.കേന്ദ്രവിഹിതം വൈകിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ആ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
മത്സ്യമേഖലയ്ക്കായി ഫിഷറീസ് സബ് പ്ലാന്‍ ബജറ്റില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ആനുകൂല്യത്തിന്റെ ഭാഗമായുള്ള രണ്ടാം ഗഡു അടുത്ത മാസമാണ് നല്‍കേണ്ടത്. ഓഖി ദുരന്തത്തിന് ശേഷം പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പാക്കേജ് ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം സഭയില്‍ വിശദീകരിച്ചു.
ആനുകൂല്യം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ കടലിന്റെ മക്കള്‍ വല്ലാത്ത ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആനുകൂല്യം എപ്പോള്‍ നല്‍കുമെന്ന് കഴിഞ്ഞ 24ന് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ പോലും വകുപ്പ് മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.
ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിവുകേട് ഉണ്ടെന്ന് വരുത്തുന്ന രീതിയില്‍ മറ്റൊരു മന്ത്രി ഇടപെട്ടു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തില്‍ ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോണ്‍ സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. ഇതോടെ ഭരണപക്ഷം പ്രതിഷേധിച്ചു. പിണറായിയെ പോലൊരാള്‍ അങ്ങനെ പറയരുതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഷിബു ബേബി ജോണ്‍ ഇടയ്ക്ക് കയറിയതിനെ മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യായീകരിച്ചു. ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ആരെയും അപമാനിച്ചില്ലെന്നും ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ തോന്നുന്ന തരത്തിലെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി അടിയന്തരമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തീരദേശത്തെ പട്ടിണി മാറ്റാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S