Enter your Email Address to subscribe to our newsletters

New delhi, 30 ജൂണ്‍ (H.S.)
കരസേന മേധാവി ജനറല് ഉപേന്ദ്ര ദ്വിവേദി വിരമിച്ചു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് വിരമിക്കാനാകുന്നതാണ് തനിക്ക് വലിയ സന്തോഷമെന്ന് ഉപേന്ദ്ര ദ്വിവേദി പ്രതികരിച്ചു. തന്റെ പിന്‍ഗാമിയായ ധീരജ് സേത്തിന് തന്റെ ഉത്തരവാദിത്വങ്ങള്‍ കൈമാറിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോലി സമയത്ത് ലഭിച്ച പിന്തുണയ്ക്ക് തന്റെ സഹപ്രവര്‍ത്തകര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്തെ പൗരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. തലസ്ഥാനത്തെ ദേശീയ യുദ്ധ സ്മാരകത്തില്‍ അദ്ദേഹം പുഷ്പ ചക്രവും അര്‍പ്പിച്ചു.
സൈനിക് സ്‌കൂള്‍ തൊട്ട് ഇന്ന് ഈ നിമിഷം വരെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ്. ഇന്ത്യന്‍ സൈന്യം അതിന്റെ ശക്തി നേടുന്നത് ഒരു വ്യക്തിയില്‍ നിന്നല്ല, മറിച്ച് അതിന്റെ സൈനികരുടെയും കമാന്‍ഡര്‍മാരുടെയും വിമുക്തഭടന്മാരുടെയും കുടുംബങ്ങളുടെയും രാജ്യത്തെ പൗരന്മാരുടെയും അചഞ്ചലമായ വിശ്വാസത്തില്‍ നിന്നാണ്. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ ആത്യന്തിക ത്യാഗം ചെയ്ത് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഓരോ സൈനികനും ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിന്‍ഗാമിയായ ചുമതലയേറ്റ ധീരജ് സേത്ത് ഏറെ പരിചയ സമ്പന്നനും സൈന്യത്തെ നയിക്കാന്‍ കഴിവുള്ള വ്യക്തിയുമാണെന്ന് ദ്വിവേദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം അതിന്റെ മഹത്തായ പാരമ്പര്യങ്ങള്‍, പ്രൊഫഷണലിസം, ദൃഢനിശ്ചയം എന്നിവ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.
ഇന്ന് ഞാന്‍ ഈ ചുമതല കൈമാറുമ്പോള്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. അത് അതിന്റെ പാരമ്പര്യങ്ങളില്‍ വേരൂന്നിയതായിരിക്കും. നിലവിലെ വെല്ലുവിളികളെക്കുറിച്ച് ജാഗ്രത പാലിക്കും. ഭാവിയില്‍ ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും മറികടക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S