Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂണ്‍ (H.S.)
തിരുവനന്തപുരം : പാറശാല താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ പുതിയ കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമാക്കാ
ൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പുതിയ മൾട്ടിസ്പെഷ്യാലിറ്റി കോംപ്ലക്സിൽ ട്രോമാ കെയർ, ഓപ്പറേഷൻ തീയേറ്ററുകൾ, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ യൂണിറ്റ്, കേന്ദ്രീകൃത ലബോറട്ടറി, ആധുനിക സ്കാനിംഗ് സൗകര്യം, ഫാർമസി തുടങ്ങിയവ കാലതാമസം കൂടാതെ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ലബോറട്ടറി സംവിധാനം പൂർണ്ണമായ രീതിയിൽ പ്രവർത്തന സജ്ജമാക്കണം. രണ്ട് ഓപ്പറേഷൻ തീയേറ്ററുകളുടെ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
പുതിയ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ആർ.ഒ.പ്ലാന്റും ഡയാലിസിസ് മെഷീനുകളും ഒരു മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കണം. പ്രവർത്തനക്ഷമമല്ലാത്ത ആംബുലൻസിന്റെ അറ്റകുറ്റപണികൾ ചെയ്യുന്നതിനുള്ള നടപടികൾ ഡി.എം.ഒ. സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പുതിയ മൾട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ 2024 മെയ് 10 നൽകിയ ബി-1480/2024 നമ്പർ അപേക്ഷയിൽ കാലതാമസം കൂടാതെ ആരോഗ്യവകുപ്പ് ഡയറക്ടർ തീരുമാനമെടുക്കണം. ആവശ്യമെങ്കിൽ സർക്കാർ അനുമതി വാങ്ങണം. ഒഴിഞ്ഞുകിടക്കുന്ന പീഡിയാട്രിക്, ഡെർമറ്റോളജി, അനസ്തേഷ്യ ഡോക്ടർമാരുടെ നിയമനങ്ങൾ നാലാഴ്ചക്കുള്ളിൽ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ എം.ഡി ക്കുമാണ് നിർദ്ദേശം നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
---------------
Hindusthan Samachar / Sreejith S