അഫ്ഗാനിസ്ഥാനില് കടന്നുള്ള പാകിസ്ഥാന്റെ വ്യോമാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ
New delhi, 30 ജൂണ്‍ (H.S.) അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയി
india


New delhi, 30 ജൂണ്‍ (H.S.)

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അഫ്ഗാന്‍ കുടുംബങ്ങളെ ഇന്ത്യ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാര്‍ പ്രവിശ്യകളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 36 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്‌റത്ത് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പക്തികയിലെ ഗയാന്‍, പക്തിയയിലെ സാംകാനി, കുനാറിലെ മനോഗായ് എന്നീ ജില്ലകളിലാണ് പാകിസ്ഥാന്‍ സേന ആക്രമണം നടത്തിയത്. മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

സാംകാനി ജില്ലയിലെ മണ്ടോഖൈല്‍ ഗ്രാമത്തിലെ ഒരു വീടിന് നേരെ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു വയോധികനും ഒരു കുട്ടിയും കൊല്ലപ്പെടുകയും കുടുംബത്തിലെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ തടിച്ചുകൂടിയപ്പോള്‍ പ്രദേശത്ത് രണ്ടാമതും ബോംബിട്ടതായി ഫിത്‌റത്ത് ആരോപിച്ചു. ഈ ആക്രമണത്തിലാണ് 28 ഗ്രാമീണര്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഗയാന്‍ ജില്ലയിലെ വാലുസ്റ്റ് ഗ്രാമത്തില്‍ മറ്റൊരു വീടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. മനോഗായ് ജില്ലയിലെ ബരോലോ ഗ്രാമത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News