Enter your Email Address to subscribe to our newsletters

New delhi, 30 ജൂണ്‍ (H.S.)
പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി കേന്ദ്രസര്‍ക്കാര്‍. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നതി ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ്. ഇതിന്റെ കൃത്യമായ ഫലം അടുത്ത വര്‍ഷത്തോടെ മാത്രമേ വ്യക്തമാകൂ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
എഥനോള്‍ മിശ്രണം വാഹനങ്ങളുടെ എന്‍ജിനുകളെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. എഥനോള്‍ വിതരണവുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
പെട്രോളില്‍ എഥനോളിന്റെ അളവ് കൂടുന്നത് പഴയ വാഹനങ്ങളുടെ എന്‍ജിനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം കേടുപാടുകള്‍ സംഭവിക്കുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവുകള്‍ നിലവിലില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇന്‍ഷുറന്‍സ് പരിരക്ഷയെ ബാധിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പെട്രോളിയം മന്ത്രാലയംവ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ലാഭകരവുമായ രീതിയില്‍ മാത്രമേ ഈ പദ്ധതി നടപ്പിലാക്കൂ എന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അമേരിക്ക, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും എഥനോള്‍ മിശ്രണം വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S