വിഴിഞ്ഞം തുറമുഖത്തില് 49% ഓഹരി എം.എസ്.സി ഗ്രൂപ്പ് ഏറ്റെടുക്കും; ഇടപാട് മൂല്യം 2.85 ബില്യണ് യുഎസ് ഡോളര്
Thiruvanathapuram, 30 ജൂണ്‍ (H.S.) ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ അതിവേഗം വളരുന്ന ഏകീകൃത ഗതാഗത ഓപ്പറേറ്റര്‍മാരിലൊന്നുമായ അദാനി പോര്‍ട്‌സും ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്‌സ് കൂട്ടായ്മയായ MSC ഗ്രൂപ്പും തമ്മില്‍ സഹകരണത്തിന് ധാരണ. ഇതന
vizhinjam port


Thiruvanathapuram, 30 ജൂണ്‍ (H.S.)

ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ അതിവേഗം വളരുന്ന ഏകീകൃത ഗതാഗത ഓപ്പറേറ്റര്‍മാരിലൊന്നുമായ അദാനി പോര്‍ട്‌സും ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്‌സ് കൂട്ടായ്മയായ MSC ഗ്രൂപ്പും തമ്മില്‍ സഹകരണത്തിന് ധാരണ. ഇതനുസരിച്ച് MSC ഗ്രൂപ്പിന്റെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തന-നിക്ഷേപ വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖത്തിന്റെ കണ്‍സഷനയര്‍ കമ്പനിയായ AVPPL-ല്‍ 49% ഓഹരി സ്വന്തമാക്കും.

ഈ തന്ത്രപ്രധാന സഹകരണം ഇന്ത്യന്‍ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതല്‍ ദൃഢമാകും.

നിക്ഷേപം നിയമാനുസൃത അനുമതികള്‍ക്കും നിയന്ത്രണാനുമതികള്‍ക്കും വിധേയമാണ്.

APSEZ-ന്റെ മുഴുവന്‍ സമയം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു:

''വിഴിഞ്ഞം തുറമുഖം അതിവേഗത്തില്‍ വളര്‍ന്ന് ഇന്ന് രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്‌മെന്റ് ഹബ്ബുകളിലൊന്നായി മാറിയിരിക്കുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ തന്നെ 20 ലക്ഷം TEU കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും സ്വന്തമാക്കി. വിഴിഞ്ഞത്തിലേക്കും MSCയുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തം വ്യാപിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഈ കൂട്ടുകെട്ട് ആഗോളതലത്തില്‍ വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.''

ഈ സഹകരണം APSEZ-ന് നല്‍കുന്ന പ്രധാന നേട്ടങ്ങള്‍:

* അധിക ചരക്കുനീക്കം മൂലം വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കൈവരിക്കല്‍

* നിലവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളില്‍ കൂടുതല്‍ പങ്കാളിത്തം

* കിഴക്കന്‍ ആഫ്രിക്കന്‍ വ്യാപാര പാതകളില്‍ സാന്നിധ്യം ശക്തിപ്പെടുത്തല്‍

* റിലേ കാര്‍ഗോ വര്‍ധന

MSC ഗ്രൂപ്പിന്റെ ഭാഗമായ TiL ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്‌നര്‍ ടെര്‍മിനലുകളും വര്‍ഷംതോറും 70 ദശലക്ഷത്തിലധികം TEU ചരക്കുനീക്ക ശേഷിയും TiL-ക്കുണ്ട്.

2024 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ മെഗാ ട്രാന്‍ഷിപ്‌മെന്റ് തുറമുഖമാണ്. നിലവില്‍ 16 ലക്ഷം TEU ശേഷിയുള്ള തുറമുഖം, 2028 ഡിസംബറോടെ 57 ലക്ഷം TEU ശേഷിയിലേക്ക് വികസിപ്പിക്കും.

യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, കിഴക്കന്‍ രാജ്യങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറന്‍ പ്രധാന ഷിപ്പിംഗ് റൂട്ടില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം. 18-20 മീറ്റര്‍ പ്രകൃതിദത്ത ആഴം, 2.9 കിലോമീറ്റര്‍ ബ്രേക്ക്വാട്ടര്‍, 800 മീറ്റര്‍ ബര്‍ത്ത്, 8 ക്വേ ക്രെയിനുകള്‍, 24 പൂര്‍ണ്ണ ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകള്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം, ആധുനിക കണ്ടെയ്‌നര്‍ കൈകാര്യം സംവിധാനങ്ങള്‍, ലോകോത്തര ഐ.ടി പ്ലാറ്റ്‌ഫോം, എ ഐ അധിഷ്ഠിത സ്വദേശീയ വെസല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (VTMS) എന്നിവയിലൂടെ പ്രവര്‍ത്തന കാര്യക്ഷമത, സുരക്ഷ, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിഴിഞ്ഞം തുറമുഖം 13 ലക്ഷം TEU ചരക്കുകള്‍ കൈകാര്യം ചെയ്തു. ആദ്യ വര്‍ഷം തന്നെ 615 കപ്പലുകളും 13 ലക്ഷം TEU ചരക്കുകളും കൈകാര്യം ചെയ്ത് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം TEU നേട്ടം കൈവരിച്ച തുറമുഖമായി മാറി.

18 മാസത്തിനുള്ളില്‍ 20 ലക്ഷം TEUയും 950 കപ്പലുകളും പിന്നിട്ട് മറ്റൊരു ദേശീയ റെക്കോര്‍ഡും സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച വിഴിഞ്ഞം 1000-ാമത്തെ കപ്പലിനെ സ്വാഗതം ചെയ്തു.

ഇതിനകം 70-ലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകളും (ULCVs), 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും, 16 മീറ്ററിന് മുകളിലുള്ള ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട് - ഇത് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

---------------

Hindusthan Samachar / Sreejith S


Latest News