Enter your Email Address to subscribe to our newsletters

Kasaragod , 04 ജൂണ് (H.S.)
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ശക്തമായതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ദിവസം വൈകിയാണ് ഇത്തവണ മൺസൂൺ കേരള തീരത്തെത്തിയത്.
മേയ് 27-ഓടെ കാലവർഷം എത്തുമെന്നായിരുന്നു ആദ്യ പ്രവചനമെങ്കിലും പസഫിക് സമുദ്രത്തിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം മൺസൂൺ പ്രവേശം അല്പം വൈകുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തന്നെ മൺസൂൺ കാറ്റുകൾ കേരള തീരത്തേക്ക് വീശിത്തുടങ്ങിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ഇത് കൂടുതൽ ശക്തമായി.
നിലവിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന് തെക്കുപടിഞ്ഞാറൻ അറബിക്കടലിൻ്റെയും തെക്കുകിഴക്കൻ അറബിക്കടലിൻ്റെയും ശേഷിക്കുന്ന ഭാഗങ്ങളിലേക്കും, പടിഞ്ഞാറൻ മധ്യ, കിഴക്കൻ മധ്യ അറബിക്കടലിൻ്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് ദ്വീപുകൾ മുഴുവനും, കേരളം, മാഹി, കർണാടക, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും, കൊമോറിൻ പ്രദേശത്തിൻ്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും, തെക്ക് പടിഞ്ഞാറൻ, മധ്യ, കിഴക്കൻ മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലേക്കും കൂടുതൽ മുന്നേറിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
മഴ കനക്കുമെന്ന പ്രവചനത്തെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവയാണ് ഈ എട്ട് ജില്ലകൾ.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ബാക്കിയുള്ള ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത മഴയ്ക്കൊപ്പം തന്നെ അതിശക്തമായ ഇടിമിന്നലിനും കാറ്റിനും വരും മണിക്കൂറുകളിൽ സാധ്യതയുണ്ട്.
മുൻ പ്രവചനങ്ങൾ
2020ൽ ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നാണ് പ്രവചനം. എങ്കിലും ജൂൺ ഒന്നിന് തന്നെ കാലവർഷമെത്തി. 2021ൽ മെയ് 31ന് കാലവർഷം എത്തും എന്ന് പ്രവചനം ഉണ്ടായെങ്കിലും ജൂൺ 3 ലാണ് കാലവർഷം എത്തിയത്. 2022ൽ മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും 29 ഓടെയാണ് കാലവർഷം കേരളത്തിൽ എത്തിയത്.
2023ൽ ജൂൺ നാലിന് കാലവർഷം എത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്. 2024 മെയ് 31ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും മുപ്പതിന് കാലവർഷമെത്തി. 2025 മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചനം ഉണ്ടായെങ്കിലും മെയ് 24ന് തന്നെ കേരളത്തിൽ കാലവർഷം എത്തി. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇത്രയും നേരത്തെ കാലവർഷം കേരളത്തിൽ എത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR