Enter your Email Address to subscribe to our newsletters

Ernakulam , 04 ജൂണ് (H.S.)
കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ അനുഭവപ്പെടുന്ന യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമാകുന്നു. ജെഎൽഎൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ പുരോഗമിക്കുന്ന റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.
വരാനിരിക്കുന്ന കനത്ത മഴയും സ്കൂൾ തുറന്നതു മൂലമുള്ള തിരക്കും കണക്കിലെടുത്ത് ജൂൺ 6-നകം ഈ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർണമായും തീർക്കാനാണ് ലക്ഷ്യമിടുന്നത്. മെട്രോ രണ്ടാം ഘട്ട പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അടുത്തിടെയാണ് പൂർത്തിയായത്. ഇതിനായി വിവിധ പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും മുറിച്ചുകടന്ന് ട്രഞ്ചിംഗ് പ്രവർത്തനങ്ങൾ നടത്തേണ്ടി വന്നിരുന്നു. ഇതാണ് നഗരത്തിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായത്. ഈ കുഴികളെല്ലാം നികത്തി റോഡ് പഴയപടി സുഗമമാക്കുന്ന ടാറിങ് അടക്കമുള്ള പ്രവൃത്തികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്.
താത്കാലിക ഗതാഗത നിയന്ത്രണങ്ങളും ക്രമീകരണങ്ങളും
റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സുരക്ഷിതമായും വേഗത്തിലും പൂർത്തിയാക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ട്രാഫിക് പൊലീസ് വകുപ്പിൻ്റെ പൂർണ സഹകരണത്തോടെ, വാഹനത്തിരക്ക് കുറഞ്ഞ രാത്രി സമയങ്ങളിലും പുലർച്ചെയുമാണ് പ്രധാന നിർമാണങ്ങൾ നടക്കുക. ഈ സമയങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കൂടാതെ, പകൽസമയങ്ങളിൽ പാലാരിവട്ടം മേഖലയിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെയും (ആർടിഒ) ട്രാഫിക് പൊലീസിൻ്റെയും നേതൃത്വത്തിൽ പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും ഡൈവേർഷനുകളും നടപ്പിലാക്കുന്നുണ്ട്. പ്രധാന കവലകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ഹോം ഗാർഡുമാരെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.
പ്രാദേശിക പ്രതിസന്ധികൾക്ക് പരിഹാരം
നിർമാണ പ്രവർത്തനങ്ങൾ കാരണം പ്രദേശവാസികൾ ഉന്നയിച്ച പരാതികൾക്ക് അടിയന്തര പരിഹാരം കാണാൻ കെഎംആർഎൽ മുൻകൈ എടുത്തിട്ടുണ്ട്. ജെഎൽഎൻ. സ്റ്റേഡിയത്തിന് പിറകുവശത്തുള്ള സർവീസ് റോഡിൽ നിന്ന് വസന്ത് നഗറിലേക്കുള്ള റോഡിൻ്റെ തകരാറുകൾ പരിഹരിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കി.
വസന്ത് നഗർ നിവാസികളുടെ സുഗമമായ യാത്രയ്ക്കായി ട്രാഫിക് പൊലീസുമായി ആലോചിച്ച് പുതിയൊരു യു-ടേൺ (U-Turn) സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മഴക്കാല മുന്നൊരുക്കങ്ങളും ബാരിക്കേഡ് മാറ്റലും
കാലവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ പ്രത്യേക പമ്പിങ് സംവിധാനങ്ങൾ കെഎംആർഎൽ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. മെട്രോ തൂണുകളുടെ പൈലിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക്, നിലവിൽ റോഡിലുള്ള ബാരിക്കേഡുകൾ ഒരു മീറ്റർ വീതം പിന്നോട്ട് മാറ്റും. ഇതിലൂടെ റോഡിൻ്റെ വീതി വർധിക്കുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ സ്ഥലം ലഭ്യമാകുകയും ചെയ്യും.
നിർമാണ കരാറുകാരായ അഫ്കോൺസിനും ബന്ധപ്പെട്ട കെഎംആർഎൽ ഉദ്യോഗസ്ഥർക്കും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പണികൾ തീർക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ പ്രവൃത്തി കേന്ദ്രങ്ങളിലെയും പുരോഗതി ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തുന്നുണ്ട്. കൊച്ചി നഗരത്തിൻ്റെ ഭാവി ഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള സുപ്രധാന പദ്ധതിയാണിത്. നിലവിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ താത്കാലികം മാത്രമാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതിയും ആശ്വാസവും ഉണ്ടാകും. പൊതുജനങ്ങൾ നിർമാണപ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും കെഎംആർഎൽ അഭ്യർഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR