'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
Ernakulam , 04 ജൂണ് (H.S.) ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയ ''മഞ്ഞുമ്മൽ ബോയ്സ്'' സിനിമയുടെ നിർമാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രമുഖ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹി
Manjumal boys


Ernakulam , 04 ജൂണ് (H.S.)

ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രമുഖ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരെ പ്രതികളാക്കി എറണാകുളം സെഷൻസ് കോടതിയിലാണ് ആയിരം പേജുകളുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.

സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന അരൂർ സ്വദേശി സിറാജ് വലിയവീട്ടിലിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള വഞ്ചനയെന്ന് കുറ്റപത്രം

സിനിമയുടെ നിർമാണത്തിനായി പരാതിക്കാരനിൽ നിന്ന് ഏഴ് കോടി രൂപ പ്രതികൾ കൈപ്പറ്റിയിരുന്നു. ചിത്രത്തിൻ്റെ ആകെ ലാഭത്തിൻ്റെ 40 ശതമാനം വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ സിനിമ ആഗോളതലത്തിൽ വൻ സാമ്പത്തിക വിജയം നേടിയിട്ടും, പരാതിക്കാരന് നൽകിയ വാഗ്ദാനം പാലിക്കാൻ നിർമാതാക്കൾ തയാറായില്ല. മുടക്കുമുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നൽകാതെ പ്രതികൾ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

പ്രതികൾ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൃത്യമായ തട്ടിപ്പാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പണം കൈപ്പറ്റുന്ന സമയത്ത് തന്നെ അത് തിരിച്ചുനൽകരുതെന്നോ ലാഭം പങ്കുവെക്കരുതെന്നോ ഉള്ള ഉദ്ദേശ്യം പ്രതികൾക്ക് ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു.

സിനിമ വൻ വിജയമായിട്ടും ലാഭവിഹിതം നൽകാതെ പരാതിക്കാരനെ മനഃപൂർവം വഞ്ചിക്കുകയായിരുന്നു. കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സുപ്രീം കോടതിയിലും തിരിച്ചടി

കേസുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ ഷാഹിറും മറ്റ് പ്രതികളും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഈ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിക്കളയുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുകയും ഇപ്പോൾ എറണാകുളം കോടതിയിൽ ആയിരം പേജുള്ള വിപുലമായ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയെച്ചൊല്ലിയുള്ള ഈ നിയമപോരാട്ടവും സാമ്പത്തിക ക്രമക്കേട് കേസും സിനിമാ വ്യവസായത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കോടതി ഇനി ഈ കേസിൽ കുറ്റപത്രം സ്വീകരിച്ച ശേഷമായിരിക്കും വിചാരണ നടപടികളിലേക്ക് കടക്കുക. സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കുറ്റപത്രം വായിച്ചു കേൾപ്പിക്കും. പ്രതികൾ കുറ്റം നിഷേധിച്ചാൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തിരിക്കും. പരാതിക്കാരൻ്റെയും പ്രതികളുടെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കോടതി വിധി പറയുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News