വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചു.
Kozhikode , 04 ജൂണ് (H.S.) വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചു. നാദാപുരത്തിന് സമീപം വാണിമേൽ സ്വദേശിയായ റിജിത്താണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി
Medical negligence


Kozhikode , 04 ജൂണ് (H.S.)

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചു. നാദാപുരത്തിന് സമീപം വാണിമേൽ സ്വദേശിയായ റിജിത്താണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതിയാണ് വ്യക്കയിൽ കല്ല് ഉണ്ടായതിനെ തുടർന്ന് കലശലായ വേദന അനുഭവപ്പെട്ട റിജിത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്.

തുടർന്ന് സ്കാൻ ചെയ്തപ്പോൾ വൃക്കയിൽ കല്ലുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. ഓഗസ്റ്റ് ആറാം തീയതി ശസ്ത്രക്രിയ നടത്തി. അതിനുശേഷം രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടിലെത്തി അല്പദിവസം കഴിഞ്ഞപ്പോൾ മുതൽ വീണ്ടും വേദന കലശലായി. തുടർന്ന് പലതവണ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും വേദനക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. ഓരോ ദിവസവും വേദന കൂടിയതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും സിടി സ്കാൻ ചെയ്തപ്പോഴാണ് ആദ്യം ചെയ്ത സർജറിയിൽ എല്ലിന് ക്ഷതം സംഭവിച്ച കാര്യം അറിയുന്നത്.

ഇക്കാരണത്താൽ ഉണ്ടായ അണുബാധയെ തുടർന്നാണ് വേദന ഉണ്ടായതെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. സർജറി ചെയ്തെങ്കിൽ മാത്രമേ രോഗം ഭേദമാവുകയുള്ളൂ എന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതോടെ ചികിത്സക്ക് ഭാരിച്ച പണം വേണ്ടിവരുന്നതിനാൽ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. പത്ത് ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ റിജിത്തിനെ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും ഐസിയുവിൽപ്രവേശിപ്പിക്കേണ്ട രോഗിയാണ് റിജിത്ത് എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.

പരാതിയുമായി റിജിത്തിൻ്റെ ബന്ധുക്കൾ

ഇക്കാര്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നടത്തുന്ന ഡോക്ടറുടെ അടുത്തും ബന്ധുക്കൾ അറിയിച്ചു. എന്നാൽ മൂന്ന് ദിവസം ഐസിയുവിൽ പ്രവേശിപ്പിക്കാതെ റിജിത്തിനെ യാതൊരു പ്രതിരോധ സംവിധാനങ്ങളും ഇല്ലാത്ത വാർഡിലാണ് പ്രവേശിപ്പിച്ചത്. അതിനിടയിൽ വീണ്ടും മറ്റൊരു സർജറി കൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചെയ്തു. ഈ സർജറി ചെയ്യുന്ന കാര്യം ബന്ധുക്കളെ അറിയിച്ചില്ല എന്നാണ് ഇപ്പോൾ റിജിത്തിൻ്റെ ബന്ധുക്കൾ പരാതി പറയുന്നത്.

ഡോക്ടർമാരുടെ ചികിത്സാ പിഴവാണിത്. വിവരങ്ങൾ കൃത്യമായി പറയാതെ കുടുംബത്തെ ബോധ്യപ്പെടുത്താതെ സ്വന്തം ഇഷ്ടപ്രകാരം സർജറി ചെയ്തു. അതിന് ശേഷം വേദനയും പഴുപ്പും ഒന്നും മാറാതെ പത്ത് മാസത്തോളം റിജിത്ത് ആശുപത്രിയിലാകുന്ന അവസ്ഥയായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ചികിത്സാ പിഴവ് മനസിലായത്. എല്ലിന് ക്ഷതമുണ്ടെന്ന് പറഞ്ഞ് അഞ്ച് ദിവസം അവിടെ ഐസിയുവിൽ കിടത്തി. പിന്നീട് തുക അധികമായതിനാൽ മെഡിക്കൽ കോളജിലേയ്ക്ക് എത്തുകയായിരുന്നു. ഡോക്ടർമാർ കൃത്യമായി പരിചരിക്കാത്തതിനാലാണ് റിജിത്ത് മരിച്ചത്.

ഇപ്പോൾ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഫോറൻസിക് വിദഗ്ധനെയാണ് പോസ്റ്റുമോർട്ടത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇനി അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിനെതിരെ കൃത്യമായ നടപടിയെടുക്കേണ്ടതുണ്ട്, എന്ന് മരിച്ചയാളുടെ സഹോദരീ ഭർത്താവ് ഷിബു പറയുന്നു.

ഇടതുവശത്തിന് പകരം വലതുവശത്ത് സർജറി

ഇടതുവശത്ത് ചെയ്യേണ്ട സർജറിക്ക് പകരം വലതുവശത്താണ് സർജറി ചെയ്തതെന്നാണ് ഇപ്പോൾ ബന്ധുക്കൾ ആരോപിക്കുന്നത്. സർജറി ചെയ്തതിനുശേഷം വലിയതോതിൽ പഴുപ്പ് ഉണ്ടായി. തുടർന്ന് ഓരോ ദിവസവും രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെ റിജിത്തിൻ്റെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ റിജിത്തിൻ്റെ മൃതശരീരം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചതോടെ വിവിധ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങൾ സംഭവത്തിൽ ഇടപെട്ടു.

അതിൻ്റെ ഫലമായി മൂന്ന് വിഭാഗങ്ങളിലെ മേധാവികളെ ഉൾപ്പെടുത്തി അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ബന്ധുക്കൾക്ക് ഉറപ്പ് നൽകി. തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വേണ്ടി മോർച്ചറിയിലേക്ക് മാറ്റിയത്. ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News