കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി
Pathanamthitta, 04 ജൂണ് (H.S.) കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കുടുംബം ഉന്നയിച്ചു വന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിട
Naveen babu


Pathanamthitta, 04 ജൂണ് (H.S.)

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കുടുംബം ഉന്നയിച്ചു വന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാനുള്ള അടിയന്തര തീരുമാനമെടുത്തത്. അന്വേഷണം സിബിഐക്ക് വിടുന്നതിനൊപ്പം തന്നെ നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേസമയം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാർ രംഗത്തെത്തി. നവീൻ ബാബു മാനസിക ദൗർബല്യം കൊണ്ട് ആത്മഹത്യ ചെയ്തതിന് ദിവ്യയെ കുറ്റം പറയുന്നതെന്തിനാണ് എന്നായിരുന്നു ഹർഷകുമാറിൻ്റെ ചോദ്യം. തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കേസിലെ പ്രതിയായ പി പി ദിവ്യയെ ന്യായീകരിച്ചുകൊണ്ടുള്ള ഹർഷകുമാറിൻ്റെ പ്രതികരണം.

സംഭവത്തിൽ ദിവ്യ തെറ്റ് ചെയ്തില്ലെന്നും മക്കളെയും ഭാര്യയെയും ഓർക്കാതെ ഒറ്റയടിക്ക് ആത്മഹത്യ ചെയ്യണമെങ്കിൽ ഏതുതരം മനസാണ് നവീൻ ബാബുവിന് ഉണ്ടായിരുന്നതെന്നുമാണ് വീഡിയോയിൽ പറയുന്നത്. പി പി ദിവ്യ തെറ്റുകാരി എന്ന് പറയുന്ന സിദ്ധാന്തത്തോട് യോജിക്കാൻ കഴിയില്ലെന്നും മരിച്ച ആൾ കുറ്റബോധം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ ഹർഷകുമാർ വീഡിയോയിൽ ചോദിക്കുന്നു.

പെട്രോൾ പമ്പിനായി ദിവ്യ നിരന്തരം ശുപാർശ ചെയ്തിട്ടും നവീൻ ബാബു അക്കാര്യത്തിൽ തീരുമാനമെടുത്തില്ല. പിന്നീട് ഒരു സുപ്രഭാതത്തിൽ അനുമതി നൽകി. ഉദ്യോഗസ്ഥർ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അന്വേഷണം ഉണ്ടാകില്ലേയെന്നും സിബിഐ അന്വേഷണം എന്ന ഉമ്മാക്കി നിലനിൽക്കാൻ പോകുന്നില്ലെന്നും വീഡിയോയിൽ പറയുന്നു.'പി പി ദിവ്യ ക്രൂശിക്കപ്പെടേണ്ട ആളല്ല ' എന്ന തലക്കെട്ടടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന നവീന് ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങില് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉയര്ത്തിയതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിൻ്റെ ആത്മഹത്യ. സംഭവത്തിൽ ജില്ല പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യയെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു. കേസിൽ പല അസ്വഭാവികതയുള്ളതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

നവീൻ ബാബുവിൻ്റെ മരണം

2024 ഒക്ടോബർ 14 ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് കണ്ണൂർ കലക്ടറേറ്റില് യാത്രയയപ്പ് നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ യാത്രയയപ്പ് യോഗത്തില് ക്ഷണിക്കാതെയെത്തി നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന രീതിയില് പ്രസംഗിച്ചിരുന്നു. യോഗത്തിലുണ്ടായിരുന്ന നവീൻ ബാബു മാനസിക വിഷമത്തോടെ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരിന്നു.

പിറ്റേ ദിവസം രാവിലെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയയൊരുന്നു. തലേന്ന് രാത്രി മലബാർ എക്സ്പ്രസിന് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ കുടുംബം കാത്തുനിന്നെങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്തെന്ന ഞെട്ടിക്കുന്ന വാർത്തയാണ് എത്തിയത്. സംഭവത്തെ തുടർന്ന് പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല് കുടുംബത്തിന്റെ ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകള് കോടതികള് അംഗീകരിക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News