സംസ്ഥാനത്തിൻ്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.
Thiruvananthapuram , 04 ജൂണ് (H.S.) സംസ്ഥാനത്തിൻ്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ധനവകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശനാണ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. രാവിലെ
Niyamasabha


Thiruvananthapuram , 04 ജൂണ് (H.S.)

സംസ്ഥാനത്തിൻ്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ധനവകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശനാണ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. രാവിലെ ചേർന്ന മന്ത്രിസഭായോഗം ഇതിന് ഔദ്യോഗികമായി അംഗീകാരം നൽകി. സംസ്ഥാനത്തെ സാമ്പത്തിക യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

മുൻ എൽഡിഎഫ് സർക്കാർ ഭരണം ഒഴിയുമ്പോൾ സംസ്ഥാന ഖജനാവിൽ ബാക്കിയുണ്ടായിരുന്നത് 5000 കോടി രൂപ മാത്രമായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇത് വരും മാസങ്ങളിലെ ശമ്പളം, പെൻഷൻ വിതരണത്തെ ബാധിക്കുന്ന തുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിൻ്റെ നിലവിലെ ഭീമമായ കടബാധ്യതയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നികുതി പിരിവിലെ വീഴ്ചയുമാണ് സംസ്ഥാനത്തെ കടുത്ത കടക്കെണിയിലേക്ക് തള്ളിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

195 പേജുള്ള സമഗ്ര റിപ്പോർട്ട്

സംസ്ഥാനത്തിൻ്റെ സാമ്പത്തിക ആരോഗ്യം വ്യക്തമാക്കുന്ന സമഗ്രമായ രേഖയാണ് സഭയിൽ പുറത്തിറക്കിയത്. 195 പേജ് വരുന്ന ധവളപത്രം കേരളം നേരിടുന്ന യഥാർഥ അവസ്ഥകൾ വരച്ചുകാട്ടുന്നു. പുതിയ സർക്കാർ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നൊരുക്കം നടത്തിയത്. വായ്പ എടുത്ത് നിത്യനിദാന ചെലവുകൾ നടത്തുന്ന രീതിയിലേക്ക് സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഘടന മാറിയെന്ന് റിപ്പോർട്ട് തുറന്നടിക്കുന്നു.

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്, പെൻഷൻ കുടിശിക എന്നിവ ഉൾപ്പെടെ ഭീമമായ ബാധ്യതയാണ് സർക്കാരിന് ലഭിച്ചതെന്ന് ധവളപത്രം ആരോപിക്കുന്നു. കരാറുകാർക്കുള്ള കുടിശിക വരുത്തിയതും കിഫ്ബി വഴിയുള്ള വായ്പകളും വിനയായി. നികുതി പിരിവ് ഊർജിതമാക്കുന്നതിൽ മുൻ സർക്കാർ പൂർണമായി പരാജയപ്പെട്ടു. പ്രതിവർഷം പിരിച്ചെടുക്കേണ്ട കോടികളുടെ നികുതി കുടിശികയാണ് അവശേഷിക്കുന്നത്. സ്വർണം, മദ്യം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരുമാന ചോർച്ച തടയാനായില്ല. പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി ചെലവ് ചുരുക്കൽ നടപടികൾ നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രധാന കണ്ടെത്തലുകൾ

കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു. സംസ്ഥാന വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, വായ്പാ പലിശ തുടങ്ങിയവയുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള നിർബന്ധിത ചെലവുകൾക്കായി മാത്രം മാറുകയാണ്.

വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. വലിയ തോതിലുള്ള സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഈ പ്രതിസന്ധികൾക്ക് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താൻ കഴിയാത്തവിധം ഖജനാവ് കാലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും മാസങ്ങളിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അനാവശ്യ ചെലവുകൾ ഒഴിവാക്കി വരുമാനം വർധിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഉറപ്പുനൽകി.

വിമർശനവുമായി പ്രതിപക്ഷം

ധവളപത്രം പുറത്തിറക്കിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. ധനവകുപ്പുമായി ബന്ധമില്ലാത്ത വിദഗ്ധർ ധവളപത്രം ഇറക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതൊരു തെറ്റായ കീഴ്വഴക്കമാണ്. രേഖകൾ വകുപ്പിലെ വിദഗ്ധരാണ് വിലയിരുത്തേണ്ടത്. നിലവിലെ ഇടപെടലുകൾ ശരിയാണോ എന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖജനാവ് കാലിയാക്കിയാണ് ഭരണം കൈമാറിയതെന്ന വാദം അദ്ദേഹം തള്ളി. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്ന സാഹചര്യത്തിലാണ് അധികാര കൈമാറ്റം നടത്തിയതെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, ധവളപത്രത്തിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് എടുത്ത വായ്പകളെ പൊതുകടമായി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ യുഡിഎഫ് സർക്കാർ ഇരുട്ടിപ്പൊതിയാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത്തരം രേഖകൾ ഇറക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വരും ദിവസങ്ങളിൽ ധവളപത്രത്തിൻ്റെ പേരിൽ നിയമസഭയിൽ ശക്തമായ വാഗ്വാദങ്ങൾക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കാതെ എങ്ങനെ കടബാധ്യത കുറയ്ക്കാം എന്ന വലിയ വെല്ലുവിളിയാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്.

എന്താണ് ധവളപത്രം

ഒരു സർക്കാരിൻ്റെ കൃത്യമായ സാമ്പത്തിക നിലവാരം വ്യക്തമാക്കുന്ന സുപ്രധാന ഔദ്യോഗിക രേഖയാണിത്. വരുമാന സ്രോതസുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെയും നിയമസഭയെയും ബോധ്യപ്പെടുത്താനാണ് ഇത് അവതരിപ്പിക്കുന്നത്. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിൻ്റെ ആകെ കടം എന്നിവ ഇതിൽ കൃത്യമായി രേഖപ്പെടുത്തും.

നികുതി പിരിവിലെ പോരായ്മകളും സാമ്പത്തിക പ്രതിസന്ധികൊണ്ട് തടസപ്പെട്ടു കിടക്കുന്ന പദ്ധതികളും റിപ്പോർട്ടിലുണ്ടാകും. മുൻ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക മാനേജ്മെൻ്റ് വിശദമായി വിലയിരുത്താനാണ് പുതിയ സർക്കാരുകൾ സാധാരണയായി ധവളപത്രം പുറത്തിറക്കുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരവും രേഖ വ്യക്തമാക്കും.

കേരളത്തിലെ ചരിത്രം

ഇതുവരെ നാല് തവണയാണ് കേരളത്തിൽ സാമ്പത്തിക ധവളപത്രങ്ങൾ അവതരിപ്പിച്ചത്. 1987ൽ ഇകെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി ഈ രേഖ ഇറക്കിയത്. അന്ന് ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോനാണ് ധവളപത്രം സഭയിൽ അവതരിപ്പിച്ചത്. മുൻ കെ കരുണാകരൻ സർക്കാർ സംസ്ഥാനത്തിൻ്റെ ധനസ്ഥിതി പാടെ തകർത്തെന്ന് ആരോപിച്ചായിരുന്നു അന്നത്തെ നടപടി.

പിന്നീട് 2001ൽ എകെ ആൻ്റണി മുഖ്യമന്ത്രിയായപ്പോൾ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണൻ ധവളപത്രം പുറത്തിറക്കി. സർക്കാരിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും ചെലവുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ഈ രേഖ പ്രധാനമായും ഉപയോഗിച്ചത്. തുടർന്ന് 2011ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ഭരണം ഏറ്റെടുത്തയുടനെ ധനമന്ത്രി കെഎം മാണിയും ധവളപത്രം സഭയിൽ അവതരിപ്പിച്ചു. ഏറ്റവും ഒടുവിലായി 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമാണ് ധവളപത്രം ഇറക്കിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലാണെന്ന് അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News