'ഓപ്പറേഷൻ തൂഫാൻ' പ്രത്യേക പരിശോധനയുടെ ഭാഗമായി എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട.
Ernakulam , 04 ജൂണ് (H.S.) സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന ''ഓപ്പറേഷൻ തൂഫാൻ'' പ്രത്യേക പരിശോധനയുടെ ഭാഗമായി എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. നാല് ഗ്രാം എംഡിഎംഎയും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി
Operation toofan


Ernakulam , 04 ജൂണ് (H.S.)

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' പ്രത്യേക പരിശോധനയുടെ ഭാഗമായി എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. നാല് ഗ്രാം എംഡിഎംഎയും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28) ആണ് പൊലീസിൻ്റെ പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഞാറയ്ക്കൽ പൊലീസും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിർണായക പരിശോധന. പ്രതി താമസിച്ചിരുന്ന മുറിയിലെ അലമാരയ്ക്കകത്ത്, തുണികൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ

പ്രതിയുടെ പക്കൽ നിന്നും വൻതോതിലുള്ള ലഹരിവസ്തുക്കളാണ് പൊലീസ് കണ്ടെടുത്തത്. ഹാഷിഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിൻ്റെ ഒരു വലിയ കുപ്പിയും, വിപണനത്തിനായി തയാറാക്കി വെച്ചിരുന്ന രണ്ട് ഗ്രാം വീതം അടങ്ങിയ 179 ചെറിയ ഡപ്പികളുമാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. ഇതിനുപുറമേയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയും കണ്ടെടുത്തത്. ഇവയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

ആന്ധ്രാപ്രദേശിൽ നേരിട്ട് പോയി വാങ്ങിയതാണ് ഈ മയക്കുമരുന്നുകളെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ എത്തിച്ച് വൻ ലാഭത്തിലാണ് ഇയാൾ ഇത് വിറ്റിരുന്നത്. കൊച്ചി സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്തിൻ്റെ തീരദേശ മേഖലകളിലും ആയിരുന്നു ഇയാൾ പ്രധാനമായും ലഹരി വിൽപ്പന നടത്തിയിരുന്നത്.

ഇടപാടുകാർ നിരീക്ഷണത്തിൽ

പ്രതി പിടിയിലായതോടെ കൊച്ചിയിലെ ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതി ജിഷ്ണു പ്രിയനിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരും ലഹരി ഇടപാടിൽ ഇയാളെ സഹായിക്കുന്നവരുമായ നിരവധി വ്യക്തികൾ ഇപ്പോൾ പൊലീസിൻ്റെ കർശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ലഹരിയുടെ ഉറവിടം തേടിയും ആവശ്യക്കാരെ കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അന്വേഷണ സംഘം

ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീമിനെ കൂടാതെ പ്രമുഖ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഈ റെയ്ഡ് നടന്നത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, ഞാറക്കൽ പൊലീസ് ഇൻസ്പെക്ടർ കെ സതീഷ്, സബ് ഇൻസ്പെക്ടർമാരായ എ എസ് അരുൺ, സച്ചിൻ എസ് കാർമൽ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സ്വപ്ന, സീനിയർ സിപിഒ എം കെ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയ അന്വേഷണത്തിന് നേതൃത്വം നൽകിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണന്ന് പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News