Enter your Email Address to subscribe to our newsletters

Idukki , 04 ജൂണ് (H.S.)
മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകളുടെ ആക്രമണം വീണ്ടും അതിരൂക്ഷമാകുന്നു. വനംവകുപ്പിൻ്റെ കണ്ണിലെ കരടായ പടയപ്പയും വിരികൊമ്പനും ജനവാസ മേഖലകളിൽ വൻ ഭീതിയാണ് വിതയ്ക്കുന്നത്. ഇന്ന് പുലർച്ചെ മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർത്തു. ഇന്നലെ മറയൂർ, ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ 'വിരികൊമ്പൻ' ബൈക്ക് യാത്രികനെ ആക്രമിക്കാൻ തുനിഞ്ഞതും ഹൈറേഞ്ചിൽ വൻ ഭീതി പടർത്തിയിരിക്കുകയാണ്.
മൂന്നാറിൽ വീട്ടുമുറ്റത്ത് പടയപ്പയുടെ താണ്ഡവം
ഇന്ന് പുലർച്ചെയോടെയാണ് മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ കാട്ടാന പടയപ്പയുടെ പരാക്രമം അരങ്ങേറിയത്. ലയങ്ങൾക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പടയപ്പ ക്രൂരമായി ചവിട്ടിത്തകർക്കുകയായിരുന്നു. നല്ലതണ്ണി സ്വദേശി ദിനകരൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർത്തത്. ശബ്ദം കേട്ട് ലയങ്ങളിലുള്ളവർ പുറത്തിറങ്ങി ബഹളം വെച്ചെങ്കിലും ആന പിന്മാറാൻ തയ്യാറായില്ല.
കാറിൻ്റെ മുൻഭാഗവും വശങ്ങളും പൂർണ്ണമായും തകർത്ത നിലയിലാണ്. സാധാരണ ഗതിയിൽ ശാന്തസ്വഭാവക്കാരനായ പടയപ്പ, കഴിഞ്ഞ കുറച്ചുകാലമായി അക്രമാസക്തനാകുന്നത് തോട്ടം തൊഴിലാളികളെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ ആന ഈ ജനവാസ മേഖലയ്ക്ക് ചുറ്റുവട്ടത്തുതന്നെ തുടരുന്നത് വലിയ ഭീതിയാണ് ഉയർത്തുന്നത്.
മറയൂരിൽ 'വിരികൊമ്പൻ'
ഇന്നലെയാണ് മറയൂർ - ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ബൈക്ക് യാത്രികൻ കാട്ടാനയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. ചിന്നാർ എസ് വളവിനും പൊങ്കനോടക്കും ഇടയിൽ വച്ചായിരുന്നു സംഭവം. ഈ മേഖലയിൽ നിലയുറപ്പിച്ചിരുന്ന 'വിരികൊമ്പൻ' എന്ന കാട്ടാനയുടെ മുന്നിലേക്കാണ് യുവാവ് ബൈക്കിൽ അപ്രതീക്ഷിതമായി ചെന്നുപെട്ടത്.
യുവാവിനെ കണ്ടയുടൻ ആന ചിഹ്നം വിളിച്ച് അക്രമാസക്തനായി പാഞ്ഞടുത്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപെടുകയായിരുന്നു. ബൈക്ക് തകർക്കാനുള്ള ശ്രമത്തിനിടെ റോഡിലൂടെ മറ്റ് വാഹനങ്ങൾ വരികയും ഹോൺ മുഴക്കുകയും ചെയ്തതോടെയാണ് ആന ബൈക്ക് ഉപേക്ഷിച്ച് പിന്നോട്ട് മാറിയത്.
മൂന്നാറിലും മറയൂരിലും കാട്ടാന ശല്യം പരിഹരിക്കാൻ വനംവകുപ്പ് സ്വീകരിക്കുന്ന താത്ക്കാലിക നടപടികൾ ഇനി പ്രായോഗികമല്ല. പടയപ്പയും വിരികൊമ്പനും നിരന്തരം ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തോട്ടം തൊഴിലാളികളുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയാണ്. ആനകളെ വനത്തിനുള്ളിലേക്ക് തുരത്താൻ സ്ഥിരമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
തോട്ടം തൊഴിലാളികൾ പുലർച്ചെ ജോലിക്കിറങ്ങുന്ന സമയത്താണ് പടയപ്പയുടെ സാന്നിധ്യം നല്ലതണ്ണിയിലുള്ളത്. വനംവകുപ്പിൻ്റെ ആർ.ആർ.ടി (റാപ്പിഡ് റെസ്പോൺസ് ടീം) സംഘം സ്ഥലത്തെത്തി ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആനകൾ ജനവാസ കേന്ദ്രങ്ങൾ വിട്ടുപോകാൻ കൂട്ടാക്കാത്തത് വനപാലകരെയും പ്രതിസന്ധിയിലാക്കുന്നു.
ആനകളെ പ്രകോപിപ്പിക്കരുതെന്ന് സഞ്ചാരികൾക്ക് മുന്നറിയിപ്പ്
ഹൈറേഞ്ചിൽ കാട്ടാനകൾ തുടർച്ചയായി അക്രമാസക്തരാകുന്നതിന് പിന്നിൽ മനുഷ്യരുടെ ഇടപെടലുകൾ വലിയ കാരണമാകുന്നുണ്ടെന്നാണ് വനംവകുപ്പും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നത്. മൂന്നാറിലെത്തുന്ന ചില വിനോദസഞ്ചാരികളും വാഹനയാത്രികരും കാട്ടാനകളെ കാണുമ്പോൾ വണ്ടി നിർത്തി ഹോൺ മുഴക്കുന്നതും, ചിത്രങ്ങളും സെൽഫികളും പകർത്താൻ ആനകളുടെ തൊട്ടടുത്തേക്ക് പോകുന്നതും പതിവായിരിക്കുകയാണ്.
വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസം നിൽക്കുന്ന ഇത്തരം പ്രകോപനപരമായ പെരുമാറ്റങ്ങളാണ് ശാന്തസ്വഭാവക്കാരായ ആനകളെപ്പോലും അക്രമകാരികളാക്കി മാറ്റുന്നത്. വന്യജീവികളുടെ മുൻപിൽ അനാവശ്യ ഹീറോയിസം കാണിക്കുന്നത് സ്വന്തം ജീവന് മാത്രമല്ല, ആ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും കൂടിയാണ് ഭീഷണിയാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR