Enter your Email Address to subscribe to our newsletters

Palakkad, 04 ജൂണ് (H.S.)
കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർഥിനിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് പാലക്കാടെത്തിച്ചു. നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൊൽക്കത്തയിൽ നിന്നുമാണ് ദിവസങ്ങൾക്ക് മുമ്പ് കസബ പൊലീസ് പിടികൂടിയത്.
കഞ്ചിക്കോട് ഐഐടിയിലെ നാലാം വർഷ ഡേറ്റ സയൻസ് എഞ്ചിനിയറിങ്ങ് വിദ്യാർഥിനിയും തമിഴ്നാട് സേലം സ്വദേശിനിയുമായ അശ്വനി കണ്ണനാണ് ക്രൂരമായ ആക്രമണം നേരിട്ടത്. ഫെബ്രുവരി 23 നായിരുന്നു ക്യാമ്പസിനെ നടുക്കിയ സംഭവം നടന്നത്. അക്കാദമിക് ബ്ലോക്കിൽ നിന്നും ഡൈനിങ്ങ് ഹാളിലേക്ക് മറ്റു വിദ്യാർഥികൾക്കൊപ്പം നടന്നു പോവുമ്പോഴായിരുന്നു അശ്വനി കണ്ണന് നേരെ ആക്രമണം ഉണ്ടായത്.
അന്വേഷണത്തിനൊടുവിൽ പിടിയിൽ
മറ്റ് വിദ്യാർഥികളുടെ പുറകിലായിരുന്നു അശ്വനി കണ്ണൻ നടന്നിരുന്നത്. നിലവിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ചോരവാർന്ന് ബോധം പോയി നിലത്ത് കിടക്കുന്ന അശ്വനിയെയായിരുന്നു കണ്ടത്. തലയ്ക്കും നെറ്റിക്കും പരിക്കേറ്റ പെൺകുട്ടിയെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ അശ്വനിയുടെ തലയോട്ടിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിലും അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെയാണ് ഐഐടിയിലെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ആരാണ് ആക്രമിച്ചതെന്നോ കാരണമെന്തെന്നോ തനിക്കറിയില്ലെന്നായിരുന്നു അശ്വനി പൊലീസിന് നൽകിയ പ്രാഥമിക മൊഴി.
പണി ഉപേക്ഷിച്ച് പോയവരിലേക്ക് അന്വേഷണം നീണ്ടതോടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കൊൽക്കത്തയിൽ നിന്ന് പിടികൂടാനായത്. ഇയാളെ ഐഐടിയിലെത്തിച്ച് തിരിച്ചറിയൽ പരേഡുൾപ്പെടെയുള്ള തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കും. അതേസമയം, പരിക്കേറ്റ് ചികിത്സയിലായിരുന്ന അശ്വനി കണ്ണൻ ഇതുവരെ കോളജിൽ തിരികെയെത്തിയിട്ടില്ല.
സുരക്ഷാ വീഴ്ചയിലെ വിദ്യാർഥി പ്രതിഷേധം
കാമ്പസിൽ സമാനമായി നടക്കുന്ന മൂന്നാമത്തെ സംഭവമായിരുന്നു ഇത്. ഇതിന് പിന്നാലെ ക്യാമ്പസിനുള്ളിലെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ച് ഏകദേശം ഇരുനൂറോളം വിദ്യാർഥികൾ രാത്രി തന്നെ ക്യാമ്പസ് കവാടത്തിൽ പ്രതിഷേധിച്ചിരുന്നു. ഇത്തരം വിഷയങ്ങള് അധികൃതര് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, സംഭവം നടന്ന് മണിക്കൂറുകള് കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും പ്രതിഷേധം ആരംഭിക്കും വരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് പോലും പൊലീസ് തയാറായില്ലെന്നും ആരോപിച്ചു. രാജ്യത്തെ പ്രമുഖമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില് ഇത്തരത്തില് തുടര്ച്ചയായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നത് ആശങ്കകരമാണെന്നും വിദ്യാര്ഥികള് ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR