വിരൽത്തുമ്പിൽ വിസ്മയം ഒളിപ്പിച്ച ഒരു കൊച്ചു ചിത്രകാരൻ ഇടുക്കിയുടെ മലയോര മേഖലയിൽ ശ്രദ്ധേയനാകുന്നു
Idukki , 04 ജൂണ് (H.S.) വിരൽത്തുമ്പിൽ വിസ്മയം ഒളിപ്പിച്ച ഒരു കൊച്ചു ചിത്രകാരൻ ഇടുക്കിയുടെ മലയോര മേഖലയിൽ ശ്രദ്ധേയനാകുന്നു. കാൻവാസിലേക്ക് പകർത്തുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കൈയടി നേടുകയാണ് പണിക്കൻകുടി സ്
POTRATE PICTURE


Idukki , 04 ജൂണ് (H.S.)

വിരൽത്തുമ്പിൽ വിസ്മയം ഒളിപ്പിച്ച ഒരു കൊച്ചു ചിത്രകാരൻ ഇടുക്കിയുടെ മലയോര മേഖലയിൽ ശ്രദ്ധേയനാകുന്നു. കാൻവാസിലേക്ക് പകർത്തുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കൈയടി നേടുകയാണ് പണിക്കൻകുടി സ്വദേശിയായ എബിൻ ഷോബി പൊട്ടയിൽ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വെറുതെ കൈയിൽ കിട്ടിയ പെൻസിലുമായി തുടങ്ങിയതാണ് എബിൻ്റെ ഈ വരയുടെ ലോകം. ഇന്ന് ഒൻപതാം ക്ലാസിൽ എത്തിനിൽക്കുമ്പോൾ ഈ കൊച്ചു കലാകാരൻ വരച്ചുതീർത്തത് നൂറുകണക്കിന് ചിത്രങ്ങളാണ്.

ഏറ്റവും ഒടുവിൽ മുഖ്യ മന്ത്രി വിഡി സതീശൻ്റെ മനോഹരമായ ചിത്രം വരച്ചതോടെയാണ് എബിൻ വീണ്ടും വാർത്തകളിൽ നിറയുന്നത്. പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലും ഒരുപോലെ മികവ് പുലർത്തുന്ന എബിൻ, പ്രകൃതിദൃശ്യങ്ങളും പക്ഷികളും പൂക്കളും മാത്രമല്ല, അതിമനോഹരമായ കാരിക്കേച്ചറുകളും കാർട്ടൂണുകളും വരയ്ക്കുന്നതിലും അതീവ സമർഥനാണ്.

ഒറിജിനലിനെ വെല്ലുന്ന സൃഷ്ടികൾ

പണിക്കൻകുടി ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ എബിൻ്റെ പല ചിത്രങ്ങളും ഒറിജിനലിനെപ്പോലും വെല്ലുന്ന തരത്തിലുള്ളതാണ്. ഇന്ത്യൻ കറൻസി നോട്ടുകൾ അതേപടി കാൻവാസിലേക്ക് പകർത്താനുള്ള എബിൻ്റെ കഴിവ് കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തും. ചിത്രരചനയ്ക്ക് പുറമെ ക്രാഫ്റ്റ് വർക്കുകളിലും ഈ മിടുക്കൻ തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ഭാവിയിൽ അറിയപ്പെടുന്ന ഒരു നല്ല ചിത്രകാരനായി മാറണമെന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം. വരയ്ക്കാൻ ഒരുപാട് ഇഷ്ടമാണ്, അതിനായി ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കണം, എബിൻ തൻ്റെ ആഗ്രഹം പങ്കുവെച്ചു.

പ്രതിഭയ്ക്ക് കരുത്തായി കുടുംബവും നാടും

വരയുടെ ഈ വഴിയിൽ എബിന് പാരമ്പര്യത്തിൻ്റെ കരുത്ത് കൂടിയുണ്ട്. പിതാവ് ഷോബിയും സഹോദരൻ ഷിജോയും മികച്ച ചിത്രകാരന്മാരാണ്. കുടുംബത്തിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണയാണ് എബിൻ്റെ പ്രധാന കരുത്ത്. പിതാവ് ഷോബിൻ, മാതാവ് ബേബി, സഹോദരി എബിന എന്നിവരടങ്ങുന്ന കുടുംബം എബിൻ്റെ എല്ലാ കലാപരമായ താല്പര്യങ്ങൾക്കും ഒപ്പമുണ്ട്. കൂടാതെ പിതാവിൻ്റെ സഹോദരി ഷാൻ്റിയും വലിയ പ്രോത്സാഹനവുമായി എപ്പോഴും ഒപ്പമുണ്ട്.

കുടുംബത്തിന് പുറമെ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരും, പണിക്കൻകുടി എസ്.ഡി കോൺവെൻ്റിലെ സിസ്റ്റേഴ്സും, ഇടവക വികാരിയച്ചനും നൽകുന്ന പിന്തുണയാണ് ഈ കൊച്ചു മിടുക്കന് കൂടുതൽ ചിത്രങ്ങൾ വരയ്ക്കാനുള്ള ആവേശം നൽകുന്നത്. ചെറിയ പ്രായത്തിൽ തന്നെ വലിയ പ്രതിഭ പ്രകടിപ്പിക്കുന്ന എബിൻ നാളെയുടെ വാഗ്ദാനമാണെന്നാണ് അധ്യാപകരും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News