Enter your Email Address to subscribe to our newsletters

Wayanad , 04 ജൂണ് (H.S.)
ആദിവാസി വിഭാഗത്തിനു നേരെയുണ്ടായിട്ടുള്ള അതിക്രമങ്ങളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വനിതാ പ്രസ്ഥാനം രംഗത്ത്. അവിവാഹിത ആദിവാസി അമ്മമാരുടെ കുട്ടികളുടെ പിതൃത്വം ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ആദിവാസി വനിതാ പ്രസ്ഥാനം ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാണിച്ച് സർക്കാരിനോട് നീതി ആവശ്യപ്പെട്ടത്.
ലൈംഗിക ചൂഷണത്തിനിരയായി കുട്ടികൾക്ക് ജന്മം നൽകിയ നിരവധി ആദിവാസി സ്ത്രീകൾ നീതിക്കായി കാത്തിരിക്കുകയാണെന്ന് സംഘടന അധ്യക്ഷ അമ്മിണി കെ പറഞ്ഞു. കുട്ടികൾക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം. ജില്ലയിൽ നിരവധി ആദിവാസി യുവതികൾ കപട പ്രണയത്തിലും ലൈംഗിക ചൂഷണങ്ങളിലും കുടുങ്ങി അവിവാഹിത അമ്മമാരായി മാറിയിട്ടുണ്ടെന്ന് ആദിവാസി വനിതാ പ്രസ്ഥാനം ആരോപിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് പിതാവിൻ്റെ നിയമപരമായ അംഗീകാരം ലഭിക്കാതെ വളരേണ്ടിവരുന്നതായും സംഘടന ചൂണ്ടിക്കാട്ടി. കോളിയാടി സ്വദേശിനിയായ ഒരു ആദിവാസി സ്ത്രീയുടെ മകൻ്റെ പിതൃത്വം ഡിഎൻഎ പരിശോധനയിലൂടെ തെളിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റിൽ മറ്റൊരാളുടെ പേര് ഉൾപ്പെടുത്തിയ സംഭവവും സംഘടന വാർത്താസമ്മേളനത്തിൽ ഉദാഹരണമായി അവതരിപ്പിച്ചു. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് യഥാർത്ഥ പിതാവിൻ്റെ പേര് രേഖപ്പെടുത്താൻ ഉത്തരവായതെന്നും അവർ പറഞ്ഞു.
അവിവാഹിത ആദിവാസി അമ്മമാർക്ക് സർക്കാർ പെൻഷൻ നൽകുന്നുണ്ടെങ്കിലും കുട്ടികളുടെ പിതൃത്വം നിഷേധിക്കുന്നവർക്കെതിരെ ഫലപ്രദമായ നിയമ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് സംഘടനയുടെ വിമർശനം. നിയമ സഹായം തേടാനുള്ള സാമ്പത്തിക ശേഷിയും അവബോധവും പലർക്കും ഇല്ലാത്തത് ചൂഷകർക്ക് രക്ഷാകവചമാകുന്നതായും നേതാക്കൾ ആരോപിച്ചു. അവിവാഹിത ആദിവാസി അമ്മമാരുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർത്ഥ പിതാവിൻ്റെ പേര് ചേർക്കുന്നതിനായി സർക്കാർ തലത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കൂടാതെ, പട്ടികവർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക എസ് സി, എസ് ടി കോടതികളുടെ പ്രവർത്തനം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആദിവാസി സ്ത്രീകളും അവരുടെ കുട്ടികളും നേരിടുന്ന നീതിയില്ലായ്മ അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. പിതൃത്വം ശാസ്ത്രീയമായി തെളിയിക്കാനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രത്യേക നടപടികൾ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘടയിലെ എല്ലാ അംഗങ്ങളും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR