മലപ്പുറത്തിൻ്റെ മണ്ണിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ്.
Malappuram , 04 ജൂണ് (H.S.) കാൽപ്പന്തുകളിയെ ജീവവായുവാക്കി മാറ്റിയ മലപ്പുറത്തിൻ്റെ മണ്ണിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ്. പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് 50 കഴിഞ്ഞ മുൻകാല ഫുട്ബോൾ താരങ്ങൾ മൈതാനത്ത് വിസ്മയം
WANDOOR VETERANS FOOTBALL MATCH


Malappuram , 04 ജൂണ് (H.S.)

കാൽപ്പന്തുകളിയെ ജീവവായുവാക്കി മാറ്റിയ മലപ്പുറത്തിൻ്റെ മണ്ണിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ്. പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് 50 കഴിഞ്ഞ മുൻകാല ഫുട്ബോൾ താരങ്ങൾ മൈതാനത്ത് വിസ്മയം തീർക്കുകയായിരുന്നു. മലപ്പുറം വെറ്ററൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ വണ്ടൂരിലെ കളിമുറ്റത്താണ് ആവേശകരമായ മത്സരം നടന്നത്.

അസോസിയേഷൻ്റെ സ്ഥാപക പ്രസിഡൻ്റും മുൻകാല സംഘാടകനുമായിരുന്ന നൗഷാദിൻ്റെ സ്മരണാർഥമാണ് ഈ പ്രത്യേക ടൂർണമെൻ്റ് സംഘടിപ്പിച്ചത്. മലപ്പുറത്തെയും അയൽ ജില്ലകളിലെയും ഫുട്ബോൾ മൈതാനങ്ങളിൽ ഒരു കാലത്ത് തിളങ്ങിയിരുന്ന പഴയകാല പ്രതിഭകളാണ് വീണ്ടും ബൂട്ടണിഞ്ഞത്.

ആറ് ശക്തമായ ടീമുകളിലായി 42 താരങ്ങൾ ടൂർണമെൻ്റിൽ മാറ്റുരച്ചു. എല്ലാവരും തന്നെ 50 വയസിനു മുകളിലുള്ളവരായിരുന്നു. സെവൻസ് കാൽപ്പന്തുകളിയുടെ സുവർണ കാലഘട്ടത്തെ ഓർമപ്പെടുത്തുന്നതായിരുന്നു ഓരോ മത്സരവും. മികച്ച കായികക്ഷമതയോടെ മൈതാനത്ത് പാഞ്ഞ താരങ്ങൾ കാണികൾക്ക് ആവേശക്കാഴ്ചയായി മാറി

മൈതാനത്ത് പ്രായം തോറ്റു

യുവാക്കളെപ്പോലും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു താരങ്ങളുടെ പ്രകടനം. 60 ഉം 70 ഉം കഴിഞ്ഞ താരങ്ങൾ പഴയ കാലത്തെ അടവുകളും തന്ത്രങ്ങളും മൈതാനത്ത് പുറത്തെടുത്തു. സംഘാടകനായ നൗഫൽ ടൂർണമെൻ്റിൻ്റെ ലക്ഷ്യങ്ങളും കളിക്കാരുടെ ആവേശവും വിവരിച്ചു.

കളിക്കാരിൽ കാണികളുടെ ആവേശമായി മാറിയത് 70 കാരനായ തങ്ങളുപ്പയാണ്. പ്രായത്തെ വെല്ലുവിളിച്ച അദ്ദേഹത്തിൻ്റെ പ്രകടനം കാണികൾ ഏറ്റെടുത്തു. ഗോൾപോസ്റ്റിനു മുന്നിൽ ഗംഭീര പ്രതിരോധം തീർത്ത ഗോൾകീപ്പർ ആയാക്കായും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവരുടെ മികച്ച പ്രകടനങ്ങൾക്ക് കാണികൾ വലിയ കൈയടിയാണ് നൽകിയത്. കായിക വിനോദങ്ങൾക്ക് പ്രായം ഒരു തടസമല്ലെന്ന് ഇവർ തെളിയിച്ചു.

മലബാറിലെ സെവൻസ് ഫുട്ബോൾ എന്നെന്നും കായികപ്രേമികൾക്ക് വലിയ ആവേശമാണ്. ചരിത്രം ഉറങ്ങുന്ന ആ മണ്ണിലാണ് പഴയകാല താരങ്ങൾ വീണ്ടും ഒത്തുചേർന്നത്. പഴയകാലത്തെ സൗഹൃദങ്ങൾ പുതുക്കാനും കളിയിലെ ഓർമകൾ പങ്കുവയ്ക്കാനും ഈ മത്സരം വേദിയായി.

മൈതാനത്തിന് പുറത്തും വലിയ ജനക്കൂട്ടം കളി കാണാൻ എത്തിയിരുന്നു. ഓരോ മുന്നേറ്റത്തിനും ഗാലറിയിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. കളിക്കളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞുനിന്നത് പ്രായത്തെ മറന്നുള്ള പോരാട്ടവീര്യമായിരുന്നു. ഒരു കാലത്ത് സെവൻസ് ടൂർണമെൻ്റുകളിൽ തിളങ്ങിയിരുന്ന കളിക്കാർ വർഷങ്ങൾക്ക് ശേഷം വീണ്ടും കളത്തിലിറങ്ങിയത് കാണികൾക്ക് വലിയ വിരുന്നായി മാറി.

പുതിയ തലമുറയ്ക്ക് മാതൃകപുതിയ തലമുറയ്ക്ക് വലിയ മാതൃക കൂടിയാണ് ഇത്തരം ടൂർണമെൻ്റുകൾ. പതിവായി വ്യായാമം ചെയ്യേണ്ടതിൻ്റെയും ആരോഗ്യ സംരക്ഷണത്തിൻ്റെയും പ്രാധാന്യം മുതിർന്ന കളിക്കാർ എല്ലാവരെയും ഓർമപ്പെടുത്തി. മികച്ച ശാരീരികക്ഷമത നിലനിർത്താൻ ഫുട്ബോൾ പോലെ കരുത്തേറുന്ന വിനോദങ്ങൾ സഹായിക്കുമെന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്നു. മുൻകാല കളിക്കാരെ ആദരിക്കുന്നതിനൊപ്പം ഫുട്ബോൾ ആവേശം നിലനിർത്തുക എന്നതും അസോസിയേഷൻ ലക്ഷ്യമിടുന്നുണ്ട്. വരും വർഷങ്ങളിലും കൂടുതൽ മികച്ച രീതിയിൽ ടൂർണമെൻ്റ് സംഘടിപ്പിക്കാൻ സംഘാടകർക്ക് തീരുമാനമുണ്ട്.

വണ്ടൂരിലെ ജനങ്ങൾക്ക് ഇതൊരു വലിയ ഫുട്ബോൾ ഉത്സവം തന്നെയായിരുന്നു. പ്രമുഖ കായിക താരങ്ങളും ജനപ്രതിനിധികളും വരെ മത്സരം കാണാൻ എത്തിയിരുന്നു. നാടിൻ്റെ കാൽപ്പന്ത് സ്നേഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വെറ്ററൻസ് ടൂർണമെൻ്റിലെ ഓരോ മത്സരവും. വിജയപരാജയങ്ങൾക്കപ്പുറം കളിയിലെ സ്പോർട്സ്മാൻ സ്പിരിറ്റാണ് അവിടെ മുന്നിട്ടുനിന്നത്.

അവസാന വിസിൽ മുഴങ്ങുമ്പോഴും ഗാലറിയുടെ ആവേശം ഒട്ടും കുറഞ്ഞിരുന്നില്ല. കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത എല്ലാവർക്കും ട്രോഫികളും പുരസ്കാരങ്ങളും നൽകി ആദരിച്ചു. വിരമിച്ച ശേഷവും സ്പോർട്സിനെ നെഞ്ചിലേറ്റി ജീവിക്കുന്ന ഈ മനുഷ്യർ സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്. മലപ്പുറത്തിൻ്റെ കാൽപ്പന്ത് ലഹരി ഒരിക്കലും അവസാനിക്കില്ലെന്ന് തെളിയിക്കുന്നതായിരുന്നു വണ്ടൂരിൽ സമാപിച്ച വെറ്ററൻസ് ടൂർണമെൻ്റ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News