Enter your Email Address to subscribe to our newsletters

Thiruvananthapuram , 4 ജൂണ്‍ (H.S.)
യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ Kerala's Fiscal Health: A Status Report എന്ന ധവളപത്രം വസ്തുതകൾക്ക് നിരക്കാത്തതും, മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങളെ ബോധപൂർവം തമസ്കരിക്കുന്നതുമായ ഒരു ഏകപക്ഷീയ രാഷ്ട്രീയ പ്രചാരണ ഉപകരണം മാത്രമാണെന്ന് മുൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രസ്താവിച്ചു. ധനകാര്യ മാനേജ്‌മെന്റിലെ യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച്, എൽ.ഡി.എഫ്. സർക്കാർ കേരളത്തിന് നൽകിയ സാമ്പത്തിക ഭദ്രതയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ റിപ്പോർട്ടിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ എൽ.ഡി.എഫ്. സർക്കാർ കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ ഈ റിപ്പോർട്ട് പൂർണ്ണമായും അവഗണിക്കുകയാണ്. പദ്ധതി ചെലവ് കുറഞ്ഞുവെന്ന റിപ്പോർട്ടിലെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഹയർ സെക്കൻഡറി, ഉന്നതവിദ്യാഭ്യാസം, വൊക്കേഷണൽ ട്രെയിനിങ് മേഖലകളിൽ വൻതോതിലുള്ള നിക്ഷേപമാണ് കഴിഞ്ഞ സർക്കാർ നടത്തിയത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, ആധുനിക ലാബുകൾ, അധ്യാപക പരിശീലനം എന്നിവയിലൂടെ കേരളത്തെ വിദ്യാഭ്യാസ സൂചികയിൽ രാജ്യത്ത് പ്രഥമ ശ്രേണിയിൽ എത്തിക്കാൻ സാധിച്ചു.
കേന്ദ്ര സർക്കാർ ഗ്രാന്റ് വെട്ടിക്കുറച്ചും കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കി.
തൊഴിൽ മേഖലയിൽ സ്വകാര്യ നിക്ഷേപം കുറഞ്ഞുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. എം.ജി.എൻ.ആർ.ഇ.ജി.എസ്, ക്ഷേമ നിധികൾ, സ്റ്റാർട്ടപ്പ് മിഷൻ, ഐ.ടി പാർക്കുകൾ എന്നിവയിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സർക്കാർ ഒരുക്കിയിരുന്നു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഘടനാപരമായ പെൻഷൻ ബാധ്യതകളെയും സബ്‌സിഡികളെയും അവഗണിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ള ശ്രമമാണ്.
കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും കേന്ദ്രത്തിന്റെ അവഗണനകൾക്കിടയിലും ജനക്ഷേമ പദ്ധതികൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയ സർക്കാരായിരുന്നു എൽ.ഡി.എഫ്. സർക്കാരെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. പുതിയ സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള മറയായി ഈ ധവളപത്രത്തെ ഉപയോഗിക്കരുത്. ഇത്തരം തട്ടിപ്പ് പ്രചാരണങ്ങൾ അവസാനിപ്പിച്ച്, വസ്തുതാപരമായ ഒരു ചർച്ചയ്ക്ക് സർക്കാർ തയ്യാറാവണമെന്ന് മുൻ മന്ത്രി ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. ഭരണകാലത്തെ ജനകീയ നേട്ടങ്ങൾ തുടർന്നും ശക്തിപ്പെടുത്തണമെന്നതാണ് ജനങ്ങളുടെ യഥാർത്ഥ ആവശ്യമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S