Enter your Email Address to subscribe to our newsletters

Palakkad , 04 ജൂണ് (H.S.)
ലോകകപ്പ് കാൽപന്തുകളിക്ക് ഔദ്യോഗികമായി കളമൊരുങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇങ്ങ് പാലക്കാട് കോങ്ങാട് ആവേശത്തിൻ്റെ സൗഹൃദപ്പോരാട്ടം. അർജൻ്റീന ആരാധകർ ഉയർത്തിയ വെല്ലുവിളിയെ മറികടക്കാൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലക്സുമായി രംഗത്തെത്തിയിരിക്കുകയാണ് കോങ്ങാട്ടെ ബ്രസീൽ ഫാൻസ്. കോങ്ങാട് കൊട്ടശ്ശേരി സീഡ് ഫാമിന് സമീപം അർജൻ്റീന ആരാധകർ സ്ഥാപിച്ച ഫ്ലക്സിന് തൊട്ടടുത്തായാണ് കാനറിപ്പടയുടെ പടുകൂറ്റൻ ഫ്ലെക്സ് ഉയർന്നിട്ടുള്ളത്.
160 അടിയ്ക്ക് മറുപടി 182 അടി
കോങ്ങാടൻ മണ്ണിൽ ആദ്യം ആവേശത്തിന് തിരി കൊളുത്തിയത് അർജൻ്റീന ആരാധകരായിരുന്നു. അവർ സ്ഥാപിച്ച 160 അടി നീളമുള്ള ഫ്ലക്സ് കണ്ട് കൈയടിച്ചവർക്ക് മുന്നിലേക്കാണ് ബ്രസീൽ ഫാൻസ് 182 അടി നീളവും 10 അടി ഉയരവുമുള്ള തങ്ങളുടെ ഭീമൻ ഫ്ലക്സ് എത്തിച്ചത്. ഇതോടെ മത്സരം കൊഴുത്തു. തൊട്ടുപിന്നാലെ റോഡിൻ്റെ മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഫാൻസും ഫ്ലക്സ് ഉയർത്തിയതോടെ കോങ്ങാട് ഇപ്പോൾ ഒരു കുട്ടി ലോകകപ്പ് വേദിയുടെ പ്രതീതിയിലാണ്.
പ്രധാന പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ഈ കൂറ്റൻ ഫ്ലക്സുകൾ കാണാൻ നിരവധി വാഹനങ്ങളാണ് റോഡരികിൽ നിർത്തുന്നത്. ദീർഘദൂര യാത്രക്കാരും കളിപ്രേമികളും ഒരേപോലെ വണ്ടി നിർത്തി ഇതിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതും പ്രദേശത്തെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് കാലത്ത് 150 അടിയുടെ ഫ്ലക്സായിരുന്നു ബ്രസീൽ ഫാൻസ് ഇവിടെ ഒരുക്കിയിരുന്നത്. ഇത്തവണ ലക്ഷ്യം വലുതായതിനാൽ ഫ്ലക്സിൻ്റെ വലിപ്പവും കൂട്ടി. ഏകദേശം 75,000 രൂപയോളമാണ് ഈ ഭീമൻ ബോർഡ് ഒരുക്കാൻ മാത്രം ചെലവായത്.
പ്രവാസികളുടെ പിന്തുണ
നാട്ടിലെ ബ്രസീൽ ആരാധകരുടെ സഹകരണത്തിന് പുറമെ വിദേശത്തുള്ള പ്രവാസി കൂട്ടായ്മകളുടെ സാമ്പത്തിക സഹായത്തോടെയുമാണ് ഇത്രയും വലിയ ഫ്ലക്സ് സ്ഥാപിക്കാൻ സാധിച്ചതെന്ന് ആരാധകർ വ്യക്തമാക്കുന്നു. 2002-ലായിരുന്നു അവസാനമായി ബ്രസീൽ ലോകകിരീടം ചൂടിയത്. നീണ്ട കാത്തിരിപ്പ് ഈ 2026-ൽ അവസാനിക്കുമെന്നും അമേരിക്കൻ മണ്ണിൽ നിന്നും തങ്ങൾ മടങ്ങുന്നത് ലോകകിരീടം കൈകളിൽ പിടിച്ചുകൊണ്ടായിരിക്കുമെന്നും കോങ്ങാട്ടെ ബ്രസീൽ ആരാധകർ വലിയ ആത്മവിശ്വാസത്തോടെ പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെ നൂറുകണക്കിന് ആരാധകർ ഒത്തുചേർന്ന് ചെണ്ടമേളത്തിൻ്റെയും പടക്കംപൊട്ടിക്കലിൻ്റെയും അകമ്പടിയോടെ വലിയ ആഘോഷത്തോടെയാണ് കോങ്ങാട് ഈ ഭീമൻ ഫ്ലക്സ് ഉയർത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഫാൻസ് അസോസിയേഷനുകൾ വെല്ലുവിളിയുമായി രംഗത്തെത്തുന്നതോടെ പാലക്കാട്ടെ ലോകകപ്പ് ആവേശം ഇനിയും വാനോളമുയരുമെന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR