Enter your Email Address to subscribe to our newsletters

Idukki , 04 ജൂണ് (H.S.)
നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം പൂർണ്ണമായും തകർന്നു വീണ സംഭവത്തിൽ പ്രതികരിച്ച് പ്രദേശവാസികൾ. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇപ്പോഴും ദുരന്തത്തിൻ്റെ നടുക്കം വിട്ടുമാറിയിട്ടില്ല പ്രദേശവാസികൾക്കിടയിൽ. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്നാണ് ഇവരുടെ ആരോപണം.
നിർമ്മാണത്തിലെ അശാസ്ത്രീയതയോ? അതോ മണ്ണൊലിപ്പോ?
കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ പീരുമേട് ടൗണിൽ തിരുഹൃദയ ദേവാലയത്തിന് എതിർവശത്താണ് ഈ കെട്ടിടം നിർമ്മിച്ചുകൊണ്ടിരുന്നത്. പില്ലറുകൾ മാത്രം അടിത്തറയാക്കി അഞ്ചു നിലകളും ഉയർത്തിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ദുരന്തം. ദേശീയപാതയോരത്തെ വലിയ താഴ്ചയിൽ നിന്നാണ് കെട്ടിടം പണിതുയർത്തിയിരുന്നത്.
റോഡ് നിരപ്പിലേക്ക് എത്തുന്നതിനായി കെട്ടിടത്തിൻ്റെ മുൻവശത്ത് വൻതോതിൽ മണ്ണ് അടിച്ച് നികത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത ശക്തമായ മഴയിൽ ഈ മണ്ണ് ഇടിഞ്ഞു താണതാകാം കെട്ടിടത്തിൻ്റെ അടിത്തറ ഇളകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതോടൊപ്പം തന്നെ, കെട്ടിട നിർമ്മാണത്തിൽ ഗുരുതരമായ അശാസ്ത്രീയത ഉണ്ടായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രദേശവാസികളുടെ പ്രതികരണം
പുലർച്ചെ നാല് മണിയോടെ വലിയൊരു സ്ഫോടനം പോലെയുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. പുറത്തിറങ്ങി നോക്കുമ്പോൾ അഞ്ചുനില കെട്ടിടം പൂർണമായും നിലംപൊത്തിയ കാഴ്ചയാണ് കണ്ടത്. പുകപടലങ്ങൾ കാരണം ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു.
17 ഓളം ആളുകളാണ് കെട്ടിടത്തിന് സമീപത്തായി താമസിക്കുന്നത്. രണ്ടടി കൂടി മാറിയിരുന്നെങ്കിൽ കെട്ടിടത്തിലുള്ള എല്ലാവരും തന്നെ മരണപ്പെടുമായിരുന്നു. വലിയൊരു ദുരന്തത്തിൽ നിന്നാണ് എല്ലാവരും രക്ഷപ്പെട്ടത്. കെട്ടിടത്തിൻ്റെ നിർമ്മാണത്തിലുള്ള അപാകതയാണ് ഈ ദുരന്തത്തിന് കാരണം. വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കുട്ടികളും സ്ത്രീകളും എല്ലാവരും ഭയന്ന് നിലവിളിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് എല്ലാവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. കെട്ടിട നിർമ്മാണം തുടങ്ങിയ സമയം തന്നെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും കോൺട്രാക്ടർമാർ നിർമ്മാണവുമായി മുന്നോട്ട് പോകുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
ഒഴിവായത് വൻ ദുരന്തം
കെട്ടിടം തകർന്നുവീണ ഭാഗത്തിന് തൊട്ടടുത്തായി നിരവധി കുടുംബങ്ങൾ താമസിക്കുന്ന വീടുകളുണ്ട്. കെട്ടിടം നേരെ താഴേക്ക് പതിച്ചതിനാലാണ് ഈ വീടുകളിലേക്ക് വീഴാതിരുന്നത്. വശങ്ങളിലേക്ക് മറിഞ്ഞിരുന്നുവെങ്കിൽ ഉറങ്ങിക്കിടന്നിരുന്ന നിരവധി മനുഷ്യ ജീവനുകൾ അപകടത്തിലാകുമായിരുന്നു. സമീപത്തെ വീടുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല എന്നത് മാത്രമാണ് നിലവിൽ ആശ്വാസം നൽകുന്നത്.സംഭവത്തെ തുടർന്ന് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നിർമ്മാണാനുമതിയും സോയിൽ ടെസ്റ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുലർച്ചെയായതിനാലും കെട്ടിടത്തിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാലും മാത്രമാണ് ജീവഹാനി ഒഴിവായത്. എന്നാൽ, കെട്ടിടം തകർന്നു വീണ മേഖലയിൽ സമീപത്തെ ചില വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാമ്പനാർ സ്വദേശിയായ അഗ്നലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്നുവീണ കൂറ്റൻ കെട്ടിടം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR