നവീന്ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം; മകള്ക്ക് ജോലി
Thiruvanathapuram, 04 ജൂണ്‍ (H.S.) കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കാ
Naveen Babu


Thiruvanathapuram, 04 ജൂണ്‍ (H.S.)

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ഇതോടെ നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്ന യുഡിഎഫ് വാഗ്ദാനമാണ് പാലിച്ചിരിക്കുന്നത്.

നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. കോടതികളെ സമീപിച്ചെങ്കിലും തീരുമാനം എതിരായതോടെ കുടുംബത്തിന്റെ ഏക ആശ്രയം സര്‍ക്കാര്‍ തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെയാണ് കുടുംബം നേരിട്ട് എത്തി മുഖ്യമന്ത്രിയെ കണ്ടത. ഇക്കാര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീരുമാനമെടുത്തിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എന്ന് ആവര്‍ത്തിച്ച് പറയുകയും അവരുടെ ആവശ്യങ്ങളെല്ലാം തള്ളിക്കളയുകയും ചെയ്ത സിപിഎം നേതൃത്വമാണ് ഈ നീക്കത്തോടെ പ്രതിരോധത്തിലായത്. കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തെയും സിപിഎം എതിര്‍ത്തിരുന്നു. രാഷ്ട്രീയ വേട്ടയാടലിനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. കേസില്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് പ്രതി. അന്ന് ദിവ്യയെ തള്ളിപ്പറഞ്ഞ നേതൃത്വമാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണ് എന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ കുടുംബം ഇത് അംഗീകരിച്ചില്ല. കൊലപാതകമാണ് നടന്നത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് സിബിഐ അന്വേഷണം എന്ന ആവശ്യം മുന്നോട്ടുവച്ചത്. പിണറായി സര്‍ക്കാര്‍ ഭരണത്തിലിരുന്ന സമയത്ത് ഈ ആവശ്യത്തെ പരിഗണിച്ചില്ല. കോടതികളില്‍ ഇതുസംബന്ധിച്ച് വന്ന ഹര്‍ജികളെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഭരണമാറ്റം ഉണ്ടായതോടെയാണ് നവീന്‍ ബാബുവിന് നീതി ലഭിക്കാനുള്ള ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News