ബംഗാളിലെ തൃണമൂൽ പിളർപ്പ് ഒരു ‘ട്രെയിലർ’ മാത്രം; മമതയ്ക്ക് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി പാർലമെന്റിലോ?
West Bengal , 04 ജൂണ് (H.S.) പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അതിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 58 എം.എൽ.എമാർ പാർട്ടി പിളർത്
ബംഗാളിലെ തൃണമൂൽ പിളർപ്പ് ഒരു ‘ട്രെയിലർ’ മാത്രം; മമതയ്ക്ക് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി പാർലമെന്റിലോ?


West Bengal , 04 ജൂണ് (H.S.)

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അതിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 58 എം.എൽ.എമാർ പാർട്ടി പിളർത്തി പുതിയ വിഭാഗമായി മാറിയത് ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ്. സ്പീക്കർ രതീന്ദ്ര ബോസിൽ നിന്ന് പ്രതിപക്ഷ നേതൃപദവിയടക്കം വിമതർ നേടിയെടുത്തതോടെ ബംഗാളിലെ തൃണമൂലിന്റെ നിയമസഭാ കക്ഷി നിയന്ത്രണം മമതയ്ക്ക് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ, രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ബംഗാളിൽ കണ്ടത് വെറുമൊരു ‘ട്രെയിലർ’ മാത്രമാണെന്നാണ്. മമത ബാനർജിയെ കാത്തിരിക്കുന്ന യഥാർത്ഥ പ്രതിസന്ധി പാർലമെന്റിലാണ്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് പാർട്ടിയിൽ ഈ അസ്വാരസ്യങ്ങൾ പുകഞ്ഞുതുടങ്ങിയത്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (80 എം.എൽ.എമാരിൽ 54 പേരുടെ പിന്തുണ) മറികടന്നാണ് 58 പേരുമായി ഋതബ്രത ബാനർജി പാർട്ടി പിളർത്തിയത്. ഇതിന് പിന്നാലെ തൃണമൂൽ നേതൃത്വം സംസ്ഥാനത്തെ എല്ലാ കമ്മറ്റികളും പിരിച്ചുവിട്ട് നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതൃപ്തി ഇപ്പോൾ പാർലമെന്ററി പാർട്ടിയിലേക്കും പടരുകയാണ്.

പാർട്ടിക്കുള്ളിലെ ജനാധിപത്യമില്ലായ്മയും കൺസൾട്ടൻസി സ്ഥാപനമായ ‘ഐ-പാക്കിന്റെ’ അമിത ഇടപെടലുകളുമാണ് നേതാക്കളെ ചൊടിപ്പിക്കുന്നത്. ഇത് മമത ബാനർജിയോടുള്ള വ്യക്തിപരമായ എതിർപ്പല്ല, മറിച്ച് അവരുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള പ്രതിഷേധമാണെന്ന് വ്യക്തമാണ്.

പല പ്രമുഖ തൃണമൂൽ എം.പിമാരും ഇതിനകം തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു:

-

കാകൊളി ഘോഷ് ദസ്തിദാർ: പാർട്ടിയുടെ മുതിർന്ന എം.പിയും മമതയുടെ വിശ്വസ്തയുമായിരുന്ന കാകൊളി, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് എല്ലാ പദവികളും രാജിവെച്ചു. ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി വിളിച്ച യോഗത്തിൽ പാർട്ടി വിലക്ക് ലംഘിച്ച് അവർ പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. സഹപ്രവർത്തകനായ കല്യാൺ ബാനർജിയിൽ നിന്നുള്ള മോശം പെരുമാറ്റത്തിനെതിരെ ലോക്സഭാ സ്പീക്കർക്ക് അവർ പരാതിയും നൽകിയിരുന്നു.

-

സുഖേന്ദു ശേഖർ റോയ്: രാജ്യസഭയിലെ തൃണമൂലിന്റെ ശക്തനായ ശബ്ദമായിരുന്ന സുഖേന്ദു ശേഖർ റോയ്, പാർട്ടിയിലെ അഴിമതിക്കെതിരെയും ഐ-പാക്കിന്റെ ഇടപെടലുകൾക്കെതിരെയും പരസ്യമായി രംഗത്തുവന്നു. തോൽവിയെക്കുറിച്ച് കൃത്യമായ ആത്മപരിശോധന നടത്തിയില്ലെങ്കിൽ പാർട്ടി തകരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

-

ശന്തനു സെൻ: പാർട്ടിയുടെ ദേശീയ വക്താവായിരുന്ന ശന്തനു സെൻ മെയ് മാസത്തിൽ തന്നെ പദവി രാജിവെച്ചിരുന്നു.

-

ദീപക് അധികാരി (ദേവ്): പ്രശസ്ത നടനും എം.പിയുമായ ദേവ്, പുതിയ ബി.ജെ.പി സർക്കാരിനെ അഭിനന്ദിച്ചും രാഷ്ട്രീയ ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും നടത്തിയ പ്രസ്താവനകൾ തൃണമൂൽ ക്യാമ്പിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ എൻ.ഡി.എയ്ക്ക് നേട്ടമാകുമോ?

തൃണമൂൽ എം.പിമാർക്കിടയിലെ ഈ ഭിന്നത ലോക്സഭയിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA) മുന്നണിക്ക് വലിയ തിരിച്ചടിയായേക്കും. ലോക്സഭയുടെ അംഗസംഖ്യ 850 ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഡിലിമിറ്റേഷൻ ബില്ലിനെ (മണ്ഡല പുനർനിർണ്ണയ ബിൽ) പ്രതിപക്ഷം ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയിരുന്നു. 230 എം.പിമാരാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. ഇതിൽ തൃണമൂലിന്റെ 28 എം.പിമാരും ഡി.എം.കെയുടെ 22 എം.പിമാരും നിർണ്ണായക പങ്കുവഹിച്ചു.

എന്നാൽ തൃണമൂൽ എം.പിമാർക്കിടയിൽ പിളർപ്പുണ്ടാകുകയോ അവർ കൂട്ടത്തോടെ പാർട്ടി വിടുകയോ ചെയ്താൽ, അത് പാർലമെന്റിൽ നിർണ്ണായക ബില്ലുകൾ പാസാക്കാൻ ഭരണകക്ഷിയായ എൻ.ഡി.എയ്ക്ക് വലിയ സഹായമായി മാറും. വരും ദിവസങ്ങളിൽ മമത ബാനർജിക്ക് തന്റെ പാർലമെന്റ് അംഗങ്ങളെ ഒപ്പം നിർത്തുക എന്നത് വലിയൊരു അഗ്നിപരീക്ഷയായിരിക്കും.

---------------

Hindusthan Samachar / Roshith K


Latest News