ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രോഗിയുമായി പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് വയോധിക മരിച്ചു.
Kozhikode , 05 ജൂണ് (H.S.) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രോഗിയുമായി പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് വയോധിക മരിച്ചു. കൊടുവള്ളി പന്നൂർ നെരോത്ത് ഹൗസിൽ ജാനകി (85) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പ
AMBULANCE ACCIDENT DEATH


Kozhikode , 05 ജൂണ് (H.S.)

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രോഗിയുമായി പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് വയോധിക മരിച്ചു. കൊടുവള്ളി പന്നൂർ നെരോത്ത് ഹൗസിൽ ജാനകി (85) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ കോട്ടാംപറമ്പ് ഇറക്കത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന ജാനകിയുടെ മകൾ, മരുമകൻ, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.

ബ്രേക്ക് ജാമായി മഴയത്ത് വണ്ടി പെട്ടെന്ന് മറിഞ്ഞു

പെരിങ്ങൊളത്തെ മകളുടെ വീട്ടിൽ വെച്ച് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജാനകിയെ ആംബുലൻസിൽ കോഴിക്കോട് നിർമ്മല ആശുപത്രിയിലേക്ക് പുറപ്പെട്ടത്. സിഡബ്ല്യുആർഡിഎം കഴിഞ്ഞുള്ള കോട്ടാംപറമ്പ് ഇറക്കത്തിൽ എത്തിയപ്പോൾ ആംബുലൻസിൻ്റെ ബ്രേക്ക് പെട്ടെന്ന് ജാമാവുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിഞ്ഞു. കനത്ത മഴയുള്ള സമയത്തായിരുന്നു അപകടം.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് ആംബുലൻസിനുള്ളിൽ കുടുങ്ങിക്കിടന്ന ജാനകിയെയും ബന്ധുക്കളെയും പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജാനകി മരണപ്പെട്ടിരുന്നു.

രാത്രി 12 മണി കഴിഞ്ഞപ്പോൾ നിർമ്മല ഹോസ്പിറ്റലിലേക്ക് ഭാര്യയുടെ അമ്മയെ കൊണ്ടുപോകുകയായിരുന്നു. കോട്ടാംപറമ്പിൽ വെച്ചാണ് വണ്ടി അപകടത്തിൽപ്പെടുന്നത്. നല്ല മഴയുണ്ടായിരുന്നു, പെട്ടെന്നാണ് വണ്ടി മറിഞ്ഞത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി മറ്റ് വാഹനങ്ങളിൽ കയറ്റിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. പക്ഷേ അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച ജാനകിയുടെ ബന്ധു രാജൻ പറഞ്ഞു.

ചോരക്കൊതി മാറാതെ കോട്ടാംപറമ്പ് റോഡ്

നിത്യവും ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്ന മേഖലയാണ് കോട്ടാംപറമ്പ്. കൃത്യം ഒരു മാസം മുൻപും ഇതേ സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരച്ചിരുന്നു. വയനാട് ഭാഗത്തുനിന്നും കോഴിക്കോടിൻ്റെ കിഴക്കൻ മേഖലകളിൽ നിന്നും കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിൽ പെടാതെ പെരിങ്ങൊളം മിൽമ വഴി എളുപ്പത്തിൽ നഗരത്തിൽ പ്രവേശിക്കാൻ വലിയ വാഹനങ്ങൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

അതുകൊണ്ടുതന്നെ അതിരൂക്ഷമായ വാഹന ബാഹുല്യമാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. കടുത്ത ഇറക്കമുള്ള ഈ പാതയിൽ അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനൊപ്പം റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പുകളോ ഒന്നും സ്ഥാപിക്കാത്തത് അപകടങ്ങളുടെ വ്യാപ്തി കൂട്ടുകയാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News