ആനച്ചാലിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച പ്രശസ്തമായ 'ഗ്ലാസ് ബ്രിഡ്ജ്' (കണ്ണാടിപ്പാലം) നിയമക്കുരുക്കിലേക്ക്.
Idukki , 05 ജൂണ് (H.S.) ആനച്ചാലിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച പ്രശസ്തമായ ''ഗ്ലാസ് ബ്രിഡ്ജ്'' (കണ്ണാടിപ്പാലം) നിയമക്കുരുക്കിലേക്ക്. പാലം സ്ഥിതി ചെയ്യുന്ന ഭൂമിയിൽ ഭൂരിഭാഗവും സർക്കാർ പുറമ്പോക്കാണെന്ന് വ്യക്തമാക്കുന്ന താലൂക്ക് സർവ്വേയറുടെ നിർണായക റ
Glass bridge idukki


Idukki , 05 ജൂണ് (H.S.)

ആനച്ചാലിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച പ്രശസ്തമായ 'ഗ്ലാസ് ബ്രിഡ്ജ്' (കണ്ണാടിപ്പാലം) നിയമക്കുരുക്കിലേക്ക്. പാലം സ്ഥിതി ചെയ്യുന്ന ഭൂമിയിൽ ഭൂരിഭാഗവും സർക്കാർ പുറമ്പോക്കാണെന്ന് വ്യക്തമാക്കുന്ന താലൂക്ക് സർവ്വേയറുടെ നിർണായക റിപ്പോർട്ട് പുറത്തുവന്നു. ടൂറിസം വികസനത്തിൻ്റെ മറവിൽ നടന്ന ഭൂമി കൈയേറ്റത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം ജില്ലാ കലക്ടർക്ക് സമർപ്പിച്ചതായാണ് സൂചന.

റവന്യൂ വകുപ്പ് നടത്തിയ വിശദമായ സ്ഥലപരിശോധനയിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവേശന കവാടം മാത്രമാണ് നിലവിൽ പട്ടയഭൂമിയിലുള്ളത്. എന്നാൽ വിനോദസഞ്ചാരികൾ കയറി നിൽക്കുന്ന പ്രധാന പാലത്തിൻ്റെ ഭീമാകാരമായ തൂണുകൾ ഉൾപ്പെടെയുള്ള മറ്റ് നിർമ്മാണങ്ങളെല്ലാം സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയാണ് നടത്തിയിരിക്കുന്നത്. ഇതോടെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഗ്ലാസ് ബ്രിഡ്ജിന് ഇനി പ്രവർത്തനാനുമതി ലഭിക്കുക എന്നത് പൂർണമായും അസാധ്യമായിരിക്കുകയാണ്.

സർക്കാർ നോട്ടിസുകൾ അവഗണിച്ച് നിർമ്മാണം

കഴിഞ്ഞ ഏപ്രിൽ 19 നാണ് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർത്തനാനുമതി നൽകുന്ന കാര്യത്തിൽ ജില്ലാ കലക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിക്കുന്നതിനാൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ നൽകിയ നോട്ടിസ് തടയണമെന്ന് ആവശ്യപ്പെട്ട് നടത്തിപ്പുകാരായ കമ്പനി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് താലൂക്ക് സർവ്വേയറുടെ അളന്നുതിട്ടപ്പെടുത്തൽ റിപ്പോർട്ട് വന്നിരിക്കുന്നത്.

തുടർച്ചയായ ലംഘനം

പാലത്തിൻ്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നോട്ടിസുകൾ വിവിധ വകുപ്പുകൾ നൽകിയിരുന്നു. എന്നാൽ ഈ സർക്കാർ ഉത്തരവുകളെല്ലാം പൂർണമായി അവഗണിച്ച് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. അതേസമയം, നിയമവിരുദ്ധമായി നിർമ്മാണം പൂർത്തിയാക്കിയ ശേഷം പ്രതിസന്ധി രൂപപ്പെട്ടപ്പോഴാണ് മാനേജ്മെൻ്റ് അനുമതി തേടി എത്തിയതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.

മന്ത്രിതല യോഗത്തിലും വിഷയം ചർച്ചയായി

കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിൻ്റെ അധ്യക്ഷതയിൽ മൂന്നാറിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഈ ഉന്നതതല യോഗത്തിൽ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തന തടസവും അതിന് പിന്നിലെ ഗുരുതരമായ നിയമലംഘനങ്ങളും ജില്ലാ കലക്ടർ മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.നിർമ്മാണ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കയ്യേറ്റ വിവരങ്ങളും ഔദ്യോഗിക റിപ്പോർട്ടിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ പാലം പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങിയേക്കുമെന്നാണ് സൂചന.

രണ്ട് കോടിയോളം രൂപ ചിലവിട്ടായിരുന്നു ഗ്ലാസ് ബ്രിഡ്ജിൻ്റെ നിര്മാണം പൂർത്തിയാക്കിയിരുന്നത്. ഒരേസമയം 40 പേര്ക്ക് കയറി നിന്ന് കാഴ്ച കാണാവുന്നതായിരുന്നു ഗ്ലാസ് ബ്രിഡ്ജ്. പാലത്തിൻ്റെ നിർമ്മാണത്തിന് പിന്നാലെ അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാമാനദണ്ഡങ്ങള് പാലിക്കാതെയാണ് നിര്മാണം നടത്തിയതെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോര്ട്ടും പുറത്ത് വന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News