Enter your Email Address to subscribe to our newsletters

Idukki , 05 ജൂണ് (H.S.)
ഓൺലൈൻ വ്യാപാരത്തിൻ്റെ മറവിൽ വ്യാജ വിലാസങ്ങളിൽ നാടൊട്ടാകെ കഞ്ചാവ് മിഠായികൾ എത്തിക്കുന്ന ലഹരി ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. അടിമാലി നർകോട്ടിക്സ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കൊറിയർ വഴി വന്ന മാരക ലഹരിമരുന്നുകൾ അടങ്ങിയ മിഠായി പാക്കറ്റുകൾ പിടികൂടിയത്.
ജില്ലയിലെ ലഹരി വിപണനത്തിനെതിരെ എക്സൈസ് നടപ്പിലാക്കുന്ന ലഹരി പദാർത്ഥങ്ങൾക്കെതിരായ സുരക്ഷാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടർ' പ്രോഗ്രാമിൻ്റെ ഭാഗമായായി നടത്തിയ നിർണായക പരിശോധനയിലാണ് ലഹരിയടങ്ങിയ മിഠായി പാക്കറ്റുകൾ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനത്തിലും അവയുടെ ഡെലിവറി ഗോഡൗണുകളിലും എക്സൈസ് സംഘം ഒരേസമയം പരിശോധന നടത്തുകയായിരുന്നു.
രണ്ട് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 300 ഗ്രാമോളം തൂക്കം വരുന്ന 60 കഞ്ചാവ് അടങ്ങിയ മിഠായികളാണ് സ്ക്വാഡ് കണ്ടെടുത്തത്. മിഠായി പാക്കറ്റുകൾക്ക് പുറത്ത് രേഖപ്പെടുത്തിയിരുന്ന മേൽവിലാസങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവയെല്ലാം വ്യാജമാണെന്ന് ബോധ്യമായിട്ടുണ്ട്. മേൽവിലാസക്കാരെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പാഴ്സലുകൾ തിരിച്ചയക്കാനായി ഗോഡൗണിൽ മാറ്റിവച്ചിരുന്ന കൂട്ടത്തിലാണ് ഇവ കണ്ടെത്തിയത്.
അന്വേഷണം ഊർജ്ജിതം; മറ്റ് കേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും
സംഭവവുമായി ബന്ധപ്പെട്ട് ഓൺലൈൻ സ്ഥാപനത്തിൻ്റെ മാനേജ്മെൻ്റിനെയും ഡെലിവറി ജീവനക്കാരെയും എക്സൈസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാൽ വ്യാജ വിലാസത്തിൽ എത്തിയ പാഴ്സലായതിനാൽ ഇവ ആർക്ക് വേണ്ടി വന്നതാണെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കേസിൽ ഉന്നത ലഹരി മാഫിയ സംഘങ്ങൾക്ക് പങ്കുണ്ടെന്ന സംശയത്തിൽ വരും ദിവസങ്ങളിൽ വിശദമായ തുടരന്വേഷണം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ജില്ലയിലെ മറ്റ് ഓൺലൈൻ ഡെലിവറി ഹബ്ബുകളിലും കൊറിയർ സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
ലക്ഷ്യം കുട്ടികളും യുവാക്കളും
മാതാപിതാക്കൾ ജാഗ്രതൈ! സാധാരണ മിഠായികളുടെ രൂപത്തിൽ വിപണിയിലെത്തിക്കുന്ന ഇത്തരം ലഹരിവസ്തുക്കൾ പ്രധാനമായും സ്കൂൾ-കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകുന്നു. ആകർഷകമായ പാക്കറ്റുകളിൽ എത്തുന്നതിനാൽ കുട്ടികൾ ഇവ തിരിച്ചറിയാതെ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയേറെയാണ്. അതിനാൽ, കുട്ടികളുടെ പെരുമാറ്റത്തിലും അവർ ഉപയോഗിക്കുന്ന സാധനങ്ങളിലും മാതാപിതാക്കളും സ്കൂൾ അധ്യാപകരും അതീവ ശ്രദ്ധ പുലർത്തണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രത്യേകം ഓർമ്മിപ്പിച്ചു. അപരിചിതമായ പാക്കറ്റുകളോ ഓൺലൈൻ വഴി വരുന്ന അനാവശ്യ പാർസലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എക്സൈസ് നർകോട്ടിക് വിഭാഗത്തെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ലഹരിക്കെതിരെ പൊരുതാന് ഓപ്പറേഷന് തൂഫാനും ഓപ്പറേഷന് തണ്ടറും
സംസ്ഥാന വ്യാപകമായി പകർച്ച വ്യാധി പോലെ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ലഹരി മരുന്നുകളെ ഒരുമിച്ച് നിന്ന് ചെറുക്കാന് ഓപ്പറേഷന് തൂഫാനും ഓപ്പറേഷന് തണ്ടറും. മയക്കു മരുന്ന് ലോബിക്കെതിരായി സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഓപ്പറേഷൻ തൂഫാൻ്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ രണ്ടിന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. വലിയ ജന പിന്തുണയാണ് ലഹരിക്കെതിരെയുള്ള സർക്കാരിൻ്റെ ഈ പോരാട്ടത്തിന് ലഭിക്കുന്നത്.
സംസ്ഥാനത്ത് മയക്ക് മരുന്ന് ശൃംഖലയെ വാഴാൻ അനുവദിക്കില്ലെന്നും അവരെ ഇവിടെ നിന്നും ആട്ടിയോടിക്കുമെന്നും ഇത് നാട് ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. പതിനാല് ജില്ലകളിൽ തൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി വാക്കത്തോണ് സംഘടിപ്പിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും അതിനോട് സഹകരിച്ചിരുന്നുവെന്നും വിഡി സതീശന് പറഞ്ഞു. ഓപ്പറേഷന് തൂഫാനിലൂടെ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മയക്ക് മരുന്ന് വ്യാപനം കുറക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ ലഹരി മരുന്നുകളുടെ ശൃംഖലകളെ ഉന്മൂലനം ചെയ്യാന് എക്സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം ശക്തമാക്കിയ പ്രത്യേക എൻഫോഴ്സ്മെൻ്റ് ഡ്രൈവാണ് ഓപ്പറേഷൻ തണ്ടർ. സംസ്ഥാനത്ത് വർധിച്ചുവരുന്ന സിന്തറ്റിക് ലഹരി മരുന്നുകളുടെയും മദ്യത്തിൻ്റെയും ഉപയോഗവും വിപണനവും തടയുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ശക്തമായ പരിശോധനകളാണ് നടക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR