ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തെ ക്രൈസ്തവ സഭകളെ പാർട്ടിയോട് അടുപ്പിക്കാൻ നടത്തിവന്ന ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികൾക്ക് താൽക്കാലിക വിരാമമെന്ന് സൂചന.
Thiruvananthapuram , 05 ജൂണ് (H.S.) ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തെ ക്രൈസ്തവ സഭകളെ പാർട്ടിയോട് അടുപ്പിക്കാൻ നടത്തിവന്ന ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികൾക്ക് താൽക്കാലിക വിരാമമെന്ന് സൂചന. കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യന് വീണ്ടും രാജ
Geroge Kurian  BJP


Thiruvananthapuram , 05 ജൂണ് (H.S.)

ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തെ ക്രൈസ്തവ സഭകളെ പാർട്ടിയോട് അടുപ്പിക്കാൻ നടത്തിവന്ന ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികൾക്ക് താൽക്കാലിക വിരാമമെന്ന് സൂചന. കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യന് വീണ്ടും രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന ബിജെപി തീരുമാനത്തിൽ നിന്നുമാണ് ഇത് വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ പ്രകടിപ്പിച്ച വിമുഖതയാണ് ബിജെപിയെയും സംഘപരിവാർ സംഘടനകളെയും നയം മാറ്റത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.

കേരളത്തിൽ നിലവിലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ക്രൈസ്തവ വിഭാഗത്തിൻ്റെ പിന്തുണയോടെ തങ്ങൾക്കനുകൂലമാക്കി കോൺഗ്രസിൻ്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി സംസ്ഥാനത്ത് നിർണായക ശക്തിയാകണമെന്ന കണക്കുകൂട്ടലാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ വോട്ട് പൂർണമായും കോൺഗ്രസിന് അനുകൂലമായി ചെയ്തതോടെ ബിജെപിക്ക് സീറ്റുകൾ ലഭിച്ചെങ്കിലും പാർട്ടിയെ സംസ്ഥാനത്ത് നിർണായക ശക്തിയാക്കാൻ കഴിഞ്ഞില്ല.

ബിജെപിക്ക് നയം മാറ്റം

പാർട്ടി പിന്തുടരുന്ന ക്രിസ്ത്യൻ ഔട്ട് റീച്ച് തൽക്കാലം മാറ്റിവയ്ക്കാൻ ബിജെപി തീരുമാനിച്ചതിൻ്റെ പ്രതിഫലനമാണ് ജോർജ് കുര്യന് സീറ്റ് നിഷേധിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ പറഞ്ഞു. ജോർജ് കുര്യൻ കേരളത്തിൽ മന്ത്രിയായിരുന്നിട്ട് പാർട്ടിക്ക് നേട്ടമില്ലെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും ക്രൈസ്തവ ന്യൂനപക്ഷത്ത് നിന്നും പിന്നീട് മറ്റൊരാളെ മന്ത്രിയാക്കിയേക്കാമെന്നുമാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ സീറ്റില്ല

വിവിധ ക്രൈസ്തവസഭകൾക്ക് നിർണായക സ്വാധീനമുള്ള മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിന് ശ്രമം തുടങ്ങിയത്. എന്നാൽ ഒരിടത്തും സീറ്റ് ലഭിച്ചില്ല. സീറോ മലബാർ, ക്നാനായ സഭകൾക്ക് നിർണായക സ്വാധീനമുള്ള കോട്ടയം ജില്ലയിൽ നിന്നും ഒരു സീറ്റ് പോലും പാർട്ടിക്ക് ലഭിച്ചിട്ടില്ല. പൂഞ്ഞാറിൽ ജോൺ ജോർജ് നില മെച്ചപ്പെടുത്തിയെങ്കിലും ബിജെപി മൂന്നാം സ്ഥാനത്ത് തന്നെ തുടർന്നു. 2021ൽ ജെ പ്രമീള ദേവി 10869 വോട്ടാണ് പാർട്ടി വേണ്ടി മണ്ഡലത്തിൽ നിന്നും നേടിയത്. ഇക്കുറി ഷോൺ അത് 35304ആയി ഉയർത്തിയെങ്കിലും അത് സീറ്റായി പരിണമിച്ചില്ല.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മത്സരിച്ച് നിലവിലെ കേന്ദ്ര മന്ത്രി കൂടിയായ ജോർജ് കുര്യൻ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്ന് മാത്രമല്ല വോട്ട് വിഹിതത്തിൽ കുറവ് സംഭവിക്കുകയും ചെയ്തു. 2021ൽ അവിടെ മത്സരിച്ച അൽഫോൺസ് കണ്ണന്താനം 29157 വോട്ട് നേടിയിരുന്നു. ഇക്കുറി അത് 26984 ആയികുറയുകയാണ് ചെയ്തത്. മർത്തോമ സഭയുടെ ആസ്ഥാനം കൂടി സ്ഥിതിചെയ്യുന്ന ഓർത്തഡോക്സ് സഭയ്ക്ക് നിർണായക സ്വാധീനമുള്ള തിരുവല്ല നിയോജക മണ്ഡലത്തിൽ അനൂപ് ആൻ്റണിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയെങ്കിലും അവിടെ പാർട്ടിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അദ്ദേഹത്തിൻ്റെ സ്വന്തം സഭയായ മലങ്കര സഭയിൽ നിന്നുപോലും വോട്ടുകൾ പ്രതീക്ഷിച്ചത് പോലെ ലഭിച്ചില്ലെന്നും പറയപ്പെടുന്നു. കഴിഞ്ഞ തവണ അശോകൻ കുളനട നേടിയ 22674 വോട്ടുകൾ ഗണ്യമായി വർധിപ്പിക്കാൻ അനൂപിനായി. 43078 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ അവിടെ സിപിഎമ്മിലെ ഒരു വിഭാഗം വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ബിജെപിക്ക് വോട്ട് മറിച്ചതാണ് മാത്യു ടി തോമസ് മൂന്നാം സ്ഥാനത്ത് എത്തിയതെന്ന ആരോപണം ഇടത് പക്ഷത്ത് നിന്നു തന്നെ ഉയർന്നിട്ടുണ്ട്. അനൂപ് വോട്ട് വിഹിതം ഉയർത്തിയിട്ടും 10146 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ വർഗീസ് മാമ്മൻ ജയിച്ചു കയറിയെന്നതും യാഥാർത്ഥ്യമാണ്.

ഒരു സഭകളുടെയും പ്രത്യേക പിന്തുണ ഇവിടെ അനൂപ് ആൻ്റണിക്ക് ലഭിച്ചുവെന്ന അവകാശവാദം ബിജെപിക്കുമില്ല.

തൃശൂരിൽ നിന്നും ബിജെപിയുടെ ലോക്സഭാംഗമായി സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെടുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും അന്ന് ബിജെപി ലീഡ് ചെയ്തിരുന്നു. എന്നാൽ സീറോ മലബാർ സഭയ്ക്ക് നിർണായക ജില്ലയിൽ നിന്നും ഇത്തവണ ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല എന്ന് മാത്രമല്ല ബിജെപിയുടെ താരസ്ഥാനാർഥിയായ പത്മജാ വേണുഗോപാലിന് കനത്ത പരാജയം സംഭവിക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News