Enter your Email Address to subscribe to our newsletters

Chennai , 05 ജൂണ് (H.S.)
'പുതിയ പാത, പുതിയ പ്രസ്ഥാനം, ലക്ഷ്യം വലുത്'. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നും പുതിയ പാർട്ടിക്കായി നേതാക്കളെയും കേഡർമാരെയും വളർത്തിയെടുക്കേണ്ടതുണ്ടെന്നും അതിന് സമയമെടുക്കുമെന്നും തുടങ്ങിയ പുതിയ പാര്ട്ടി പ്രഖ്യാപനങ്ങളുമായി അണ്ണാമലൈ. ദിവസങ്ങളായുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് വെള്ളിയാഴ്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതായി കെ അണ്ണാമലൈ തന്റെ സോഷ്യല് മീഡിയ അക്കൗണ്ട് വഴി വ്യക്തമാക്കി.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ തമിഴ്നാട് സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചതിനു ശേഷമുള്ള ആദ്യ പ്രതികരണമാണിത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം പുതിയ പ്രഖ്യാപനങ്ങൾക്ക് തുടക്കമിട്ടത്. ഒരു വ്യക്തി നയിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് പുറത്തുവരണം, നമുക്ക് സാധാരണക്കാരുടെ രാഷ്ട്രീയമാണ് ആവശ്യമെന്നും അണ്ണാമലൈ പറഞ്ഞു.
തൻ്റെ ദീർഘകാല രാഷ്ട്രീയ പദ്ധതികളെക്കുറിച്ചും സൂചന നൽകിക്കൊണ്ട്, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കും. വെള്ളിയാഴ്ച തൻ്റെ പുതുതായി ആരംഭിച്ച പ്രസ്ഥാനമായ അണ്ണാമലൈ മക്കൾ ഇയക്കം (എഎംഐ) ന് വൻ പ്രതികരണമാണ് ലഭിച്ചതെന്നും 3,000-ത്തിലധികം ആളുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈയുടെ രാജി സ്വീകരിച്ചതായി ബിജെപി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൻ്റെ അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് അണ്ണാമലൈ സുപ്രധാന പ്രഖ്യാപനം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തൻ്റെ പുതിയ സംഘടനയിലൂടെ മത്സരിക്കുമെന്നും തമിഴ്നാട്ടിൽ ഒരു പുതിയ രാഷ്ട്രീയ ബദൽ ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അണ്ണാമലൈ തൻ്റെ സോഷ്യൽ മീഡിയ പേജുകളിലെ കവർ ഫോട്ടോകൾ മാറ്റുകയും ബിജെപി കാര്യകർത്താ എന്ന തലക്കെട്ട് നീക്കം ചെയ്യുകയും ചെയ്തു. ഇതു നമ്മ ഇയക്കം എന്ന സംഘടനയുടെ ലിങ്ക് അണ്ണാമലൈ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
സംസ്ഥാന ബിജെപിയിലെ പ്രതിസന്ധികൾക്ക് തുടക്കമായത് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനമാണ്. തുടക്കം മുതൽ അണ്ണാമലൈ ഈ കടുത്ത നീക്കത്തെ ശക്തമായി എതിർത്തിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പുതിയ നിയമനം നടത്തി. പകരം മുതിർന്ന നേതാവ് നയനാർ നാഗേന്ദ്രനെ പുതിയ പാർട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചു. കടുത്ത നടപടി തമിഴ്നാട് ബിജെപിയിൽ കനത്ത ഭിന്നതയ്ക്ക് കാരണമായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR